ലണ്ടന്‍: ബെനഫിറ്റ് പരിധി വര്‍ഷം 26,000പൗണ്ട് ആയി ചുരുക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുന്നു. എന്‍.എച്ച്.എസില്‍ നടപ്പാക്കിനിരുന്ന പരിഷ്കാരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് തൊട്ടുപിന്നാലെയാണ് കൂട്ടുകക്ഷിസര്‍ക്കാരിന്റെ പുതിയ നിലപാട് മാറ്റം.
കുടുംബങ്ങള്‍ക്ക് നല്കുന്ന സഹായം വര്‍ഷം 26,000പൗണ്ട് ആക്കിചുരുക്കുമെന്ന് കഴിഞ്ഞവര്‍ഷം ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ പ്രഖ്യാപിച്ചിരുന്നു. 50,000ത്തോളം കുടുംബങ്ങള്‍ അവര്‍ ജോലി ചെയ്തുണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ധനസഹായമായി നേടുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ജീവിതച്ചിലവ് കൂടിയ ലണ്ടന്‍ പോലുള്ള മേഖലകളില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ വീട്ടില്‍ നിന്ന് പുറന്നള്ളപ്പെടുന്നതിന് ഇത് കാരണമാകുമെന്ന ആരോപണം ഉയര്‍ന്നിരുന്നു.
സഹായധനം ചുരുക്കാനുള്ള തീരുമാനത്തിന്റെ അനന്തരഫലത്തെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തുകയാണെന്ന് ബിബിസിയുടെ പൊളിറ്റിക്സ് നൗ എന്ന പരിപാടിയില്‍ സാമൂഹ്യക്ഷേമ മന്ത്രി ലോഡ് ഫ്ര്യൂഡ് സൂചിപ്പിച്ചിട്ടുണ്ട്.
ഈ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് തങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും. ജോലി ചെയ്യുന്നവരെ ഇത് ബാധിക്കില്ല എന്നതാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമതായി നിങ്ങള്‍ക്കോ അല്ലെങ്കില്‍ കുടുംബത്തിലാര്‍ക്കെങ്കിലുമോ അംഗവൈകല്യമുണ്ടെങ്കിലോ നിങ്ങളെ ഇത് ബാധിക്കില്ല. നിങ്ങള്‍ വിധവയോ, വിഭാര്യനോ ആണെങ്കിലും ഇത് ബാധിക്കില്ല. ഇതിനു പുറമേ മറ്റ് പല വിഭാഗങ്ങള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല