സ്വന്തം ലേഖകന്‍: ബെലാറൂസ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന അലക്‌സീവിച്ചിനു സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. ദൃക്‌സാക്ഷികളുടെയും ഇരകളുടെയും മൊഴികളിലൂടെ രണ്ടാം ലോകയുദ്ധത്തിന്റെയും ചെര്‍ബോണിലെ ആണവദുരന്തത്തിന്റെയും അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിന്റെയും വികാരപരമായ സ്ത്രീപക്ഷ ആഖ്യാനങ്ങളാണു അറുപത്തിയേഴുകാരിയായ സ്വെറ്റ്‌ലാനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതെന്ന് പുരസ്‌കാര സമിതി നിരീക്ഷിച്ചു.
സാഹിത്യ നൊബേല്‍ നേടുന്ന പതിനാലാമത്തെ വനിതയാണ്.
അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമാണു സര്‍ഗാത്മക സാഹിത്യേതര വിഭാഗത്തില്‍ സാഹിത്യ നൊബേല്‍ ലഭിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന് ഇതാദ്യമായും. സമ്മാനത്തുക എണ്‍പതു ലക്ഷം സ്വീഡിഷ് ക്രോണര്‍ (ഏകദേശം 6.27 കോടി രൂപ). ഉക്രെയ്‌നില്‍ ജനിച്ച സ്വെറ്റ്‌ലാന ബെലാറൂസിലാണു വളര്‍ന്നത്.
കോളജ് വിദ്യാഭ്യാസത്തിനുശേഷം പത്രപ്രവര്‍ത്തനത്തിലേക്കു തിരിയുകയായിരുന്നു. 1985ല്‍ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു. റഷ്യന്‍ ഭാഷയിലെഴുതിയ സ്വെറ്റ്‌ലാനയുടെ കൃതികള്‍ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വോയ്‌സസ് ഫ്രം ചെര്‍ണോബില്‍, സിങ്കി ബോയ്‌സ്, വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സസ്, എന്‍ചാന്റഡ് വിത്ത് ഡെത്ത് തുടങ്ങിയവയാണു മുഖ്യരചനകള്‍.
അലക്‌സീവിച്ചിന്റെ ഭാഷ പത്രമെഴുത്തിന്റെ പതിവുചട്ടക്കൂടിനെ മറികടന്നു നോവലിനോട് അടുത്തുനില്‍ക്കുന്ന പുതിയൊരു സാഹിത്യരൂപത്തെ നിര്‍മിച്ചതായി നൊബേല്‍ പുരസ്‌കാര സമിതി വെളിപ്പെടുത്തി. നമ്മുടെ കാലത്തെ യാതനയുടെയും ധീരതയുടെയും സ്മാരകമാണ് ഈ രചനകള്‍, ‘നിങ്ങളുടെ അലമാരയില്‍നിന്നു സ്വെറ്റ്‌ലാനയുടെ പുസ്തകങ്ങള്‍ എടുത്തുമാറ്റിയാല്‍ അവിടെ വലിയൊരു ശൂന്യത ഉണ്ടാകും’ – സ്വീഡിഷ് അക്കാദമി സ്ഥിരം സെക്രട്ടറി സാറാ ഡാന്യൂസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല