പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധത്തിനുപിന്നില്‍ തീവ്രവാദികളാണെന്നും ഭീകരരാണ് ബേനസീര്‍ വധത്തിന് ഗൂഢാലോചന നടത്തിയതെന്നും പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്.
കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ നടത്തിയ പുനരന്വേഷണത്തില്‍ ബ്രിഗേഡിയര്‍ ഉള്‍പ്പടെ ഒന്‍പതു പേരുടെ പങ്ക് പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ബേനസീര്‍ വധത്തിനുപിന്നില്‍ പാക് ആര്‍മി ബ്രിഗേഡിയറാണെന്നു റിപ്പോര്‍ട്ട് വന്നെങ്കിലും മന്ത്രി മാലിക് ഇതു നിഷേധിച്ചു. ഇതിനുതൊട്ടുപിന്നാലെയാണ് ബേനസീര്‍ വധം ഭീകരരുടെ ഗൂഢാലോചനയാണെന്ന് അദ്ദേഹം പ്രസ്താവിച്ചത്.
അതേസമയം, ബേനസീര്‍ വധക്കേസുമായി ബന്ധപ്പെട്ട അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങളോടു മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ രഹസ്യമാക്കുകയാണെന്നും ഇവ മന്ത്രി മാലിക്കിന്റെ കൈവശമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങള്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി കണ്ടതായി സൂചനയുണ്ടെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് ആര്‍ക്കും ഇതേവരെ സമര്‍പ്പിച്ചിട്ടില്ലെന്നു മന്ത്രി കറാച്ചിയില്‍ വ്യക്തമാക്കി. ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ സെന്‍ട്രല്‍ എക്സിക്യൂട്ടിവ് കമ്മിറ്റിക്കാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച റാലിക്കിടെ 2007 ഡിസംബര്‍ 27ന് ആണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല