അമിതാബ് ബച്ചനും ഋഷി കപൂറും സല്‍മാനും ഷാരൂഖും ഐശ്വര്യ റായിയുമെല്ലാം വരുന്നതിനു മുമ്പേ ഒരു കാലമുണ്ടായിരുന്നു ബോളിവുഡിന്. സാമൂഹ്യവും മതപരവുമായ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കാലം. അന്ന് സിനിമയില്‍ അഭിനയിക്കുക എന്നത് ഏറെ താഴ്ന്ന തൊഴിലായി കരുതിയിരുന്നു. ഒരു ഗതിയുമില്ലെങ്കില്‍ അവസാന ആശ്രയമെന്ന നിലയ്ക്കായിരുന്നു ബോളിവുഡിനെ കണ്ടിരുന്നത്.
ഹിന്ദു, മുസ്‌ലിം, ക്രൈസ്തവ മതവിഭാഗങ്ങള്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ മടിച്ചുനിന്നപ്പോള്‍ ജൂതന്മാരായിരുന്നു അഭിനയമോഹവുമായി കടന്നുവന്നത്. ഇസ്രായലില്‍ നിന്നും ബഗ്ദാദില്‍ നിന്നുമെത്തി ഇന്ത്യയില്‍ താമസമുറപ്പിച്ച ജൂതന്‍മാരായിരുന്നു ബോളിവുഡിന് തണലായത്. പ്രത്യേകിച്ച് ജൂതസ്ത്രീകള്‍ അഭിനയരംഗത്തേക്ക് കടന്നുവന്നു. സ്വന്തം കുടുംബങ്ങളുടെ പൂര്‍ണപിന്തുണയോടെയായിരുന്നു ഇവരുടെ കടന്നുവരവ്.
ജൂതവിഭാഗത്തില്‍ നിന്നുള്ളവര്‍ പിന്നീട് നായകരായും നായികമാരായും സംവിധായകരായും നിര്‍മ്മാതാക്കളായും ബോളിവുഡില്‍ തിളങ്ങിനിന്നു. ആസ്‌ട്രേലിയന്‍ ഗവേഷകനും സംവിധായകനുമായ ഡാനി ബെന്‍മോഷിന്റെ ഡോക്യുമെന്ററി ബോളിവുഡിലെ ഈ ജൂതബന്ധത്തെക്കുറിച്ച് വിവരം നല്‍കുന്നു.
ജൂതവിഭാഗത്തിലെ പെണ്‍കുട്ടികളായിരുന്നു ബോളിവുഡിലേക്ക് ആദ്യം കടന്നുവന്നത്. സൂസന്‍ സോളമന്‍, സുലോചന (റൂബി മേയേര്‍സ്), പാഷ്യന്‍സ് കൂപര്‍, ആദ്യ മിസ് ഇന്ത്യയായ പ്രമീള (എസ്തര്‍ അബ്രഹാം), റോസ് ഇസ്ര, നദീറ (ഫ്‌ളോറന്‍സ് എസേക്കല്‍) എന്നിവരായിരുന്നു ബോളിവുഡില്‍ ആദ്യകാലത്ത് നിറഞ്ഞാടിയ ജൂതപ്പെണ്‍കൊടികള്‍.
എന്നാല്‍ വെറും നടിമാരില്‍ ഒതുങ്ങുന്നതായിരുന്നില്ല ബോളിവുഡും ജൂതവിഭാഗവും തമ്മിലുള്ള ബന്ധം. ആദ്യ ശബ്ദചിത്രമായ ആലം ആരയുടെ തിരക്കഥയും പാട്ടും എഴുതിയ ആള്‍ ജൂതവംശജനായിരുന്നു. ജോസഫ് പെങ്കര്‍ ഡേവിഡിനായിരുന്നു ഈ നിയോഗം. ഡേവിഡ് ഹെര്‍മാന്‍ ആയിരുന്നു മറ്റൊരു ജൂതന്‍. രാജ് കപൂറിന്റെ ജീവചരിത്രമെഴുതിയ ബണ്ണി റ്യൂബനായിരുന്നു മറ്റൊരു ജൂതവംശജന്‍. ബൂട്ട് പോളിഷ് മുതല്‍ ഗോല്‍മാല്‍ വരെ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ഡേവിഡ് എബ്രഹാം ചുല്‍ക്കര്‍ ആയിരുന്നു മറ്റൊരാള്‍.
ആദ്യ നായിക സുലോചന
ബോളിവുഡിലേക്ക് ഇറങ്ങി ഒരു ചരിത്രം തന്നെ സൃഷ്ടിച്ച താരമായിരുന്നു സുലോചന. അന്ന് സുലോചനയുടെ ശമ്പളം മാസത്തില്‍ അയ്യായിരം രൂപയ്ക്കും മുകളിലായിരുന്നു. അന്നത്തെ ബോംബെ ഗവര്‍ണറേക്കാളും ശമ്പളം സുലോചനയ്ക്കായിരുന്നു എന്നോര്‍ക്കണം. ഷെവര്‍ലേ കാര്‍ സ്വന്തമായുണ്ടായിരുന്നു ഏക വനിതയും സുലോചനയെന്ന റൂബി മേയേര്‍സ് ആയിരുന്നു.
സിനിമയിലേക്ക് വരുന്നതിന് മുമ്പ് ടെലിഫോണ്‍ ഓപ്പറേറ്ററായിട്ടായിരുന്നു അവര്‍ പ്രവര്‍ത്തിച്ചത്. 73ല്‍ ദാദസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച നടിയായിരുന്നു സുലോചന. ടൈപ്പിസ്റ്റ് ഗേള്‍, ബലിദാന്‍, വൈല്‍ഡ്ക്യാറ്റ് ഓഫ് ബോംബെ തുടങ്ങിയവയായിരുന്നു സുലോചനയെ സൂപ്പര്‍ നായികയാക്കിയ സിനിമകള്‍.
ആദ്യ മിസ് ഇന്ത്യ
1940 ആകുമ്പോഴേക്കും സുലോചനയുടെ പ്രശസ്തി നിറംമങ്ങാന്‍ തുടങ്ങി.എസ്തര്‍ വിക്‌റ്റോറിയ എബ്രഹാം അഥവാ പ്രമീള എന്ന നായികയുടെ കടന്നുവരവോടെയായിരുന്നു ഇത്. 197ല്‍ പ്രമീള ഇന്ത്യയുടെ ആദ്യ മിസ് ഇന്ത്യയായി തിരഞ്ഞെടുത്തു. തുടര്‍ന്ന് അമ്മയുടെ പാത പിന്തുടര്‍ന്ന് മകള്‍ നഖി ജഹാനും മിസ് ഇന്ത്യയായി. 1967ലായിരുന്നു ഇത്. ബിക്കാറാം, മദര്‍ ഇന്ത്യ എന്നീ സിനികളിലൂടെ അവര്‍ പ്രശസ്തയായി.
പതിനേഴാം വയസില്‍ പ്രമീള കൊല്‍ക്കത്തയില്‍ നിന്നും ബോംബെയിലേക്ക് വണ്ടികയറി. തുടര്‍ന്ന് പ്രമീളയ്ക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു. എന്നാല്‍ അവസാനമായപ്പോഴേക്കും നിരവധി പ്രശ്‌നങ്ങള്‍ പ്രമീളയെ അലട്ടിയിരുന്നു. സ്വന്തം സ്വത്തുവകകള്‍ നിലനിര്‍ത്താനായി അവര്‍ക്ക് നിയമയുദ്ധം നടത്തേണ്ടിവന്നു. ഇന്നും ആ നടിയുടെ ഓര്‍മ്മയുടെ പ്രതീകമെന്നോണം പ്രമീള നിവാസ് തലയുയര്‍ത്തിനില്‍ക്കുന്നു.
നദീറയായിരുന്നു ബോളിവുഡിലേക്ക് കാലെടുത്തുവെച്ച മറ്റൊരു ജൂതപ്പെണ്‍കൊടി. സിനിമാ ജേര്‍ണലിസ്റ്റ് ആയിട്ടായിരുന്നു ഫ്‌ളോറന്‍സ് എസേക്കില്‍ ജീവിതമാരംഭിച്ചത്.
ബോളിവുഡില്‍ ഏറ്റവുമധികം പ്രകമ്പനംകൊള്ളിച്ച നടിയെന്ന പേര് നദീറയ്ക്ക് സ്വന്തമായിരുന്നു. ഒരു കൈയ്യില്‍ സിഗരറ്റും മറു കൈയ്യില്‍ ഗ്ലാസുമായി രാജ്കപൂറിനൊപ്പമുള്ള ‘ശ്രീ 420′ ലെ പ്രകടനം ആരും മറക്കാനിടയില്ല. ഇങ്ങനെ തങ്ങള്‍ക്ക് ലഭിച്ച അവരങ്ങളെല്ലാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ജൂതപ്പെണ്‍കുട്ടികള്‍ക്ക് സാധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല