1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2011

ബ്രിട്ടണില്‍ ജോലി തേടിയെടുത്തുന്ന റൊമാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്ന റൊമാന ജനതയുടെ ഏറ്റവും പ്രീയപ്പെട്ട സ്ഥലമായി ബ്രിട്ടണ്‍ മാറുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 17,500 ഓളം റൊമാനികളാണ് ബ്രിട്ടണില്‍ എത്തിയത്. 2009ല്‍ ഏതാണ്ട് അയ്യായാരത്തോളം റൊമാനികള്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് വഴി ബ്രിട്ടണില്‍ ജോലിക്കെത്തി.

കഴിഞ്ഞവര്‍ഷം 111,000 റൊമാനികളാണ് ബ്രിട്ടണില്‍ വിവിധ ജോലികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചത്. ഏതാണ്ട് 60,000 ഓളം റൊമാനികള്‍ 2005- 2010 കാലത്തിനിടയില്‍ ഏതാണ്ട് 1.5 ബില്യണ്‍ പൗണ്ട് സ്വന്തം നാട്ടിലേക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ നോക്കിയാല്‍ ഏതാണ്ട് 800,000 പൗണ്ടാണ് ഒരു ദിവസം ബ്രിട്ടണിലെ മുഴുവന്‍ റൊമാനികളുംകൂടി ആ സമയത്ത് സമ്പാദിച്ചത്.

റൊമാനിയില്‍ പൊതുമേഖലയില്‍നിന്ന് ഇരുപത്തിയഞ്ച് ശതമാനം ശമ്പളമാണ് കുറച്ചിരിക്കുന്നത്. അതിനുശേഷം ബ്രിട്ടണിലെ ആശുപത്രികളിലേക്കും മറ്റും റൊമാനികളുടെ ജോലി അപേക്ഷകള്‍ പ്രവഹിക്കുകയാണ്. നേഴ്സുമാരുടെയും മറ്റ് ആശുപത്രി തൊഴിലാളികളുടെയും അപേക്ഷകളാണ് പ്രവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. റൊമാനികളുടെ മറ്റൊരു പ്രിയരാജ്യമായ ഇറ്റലിയില്‍ സ്വകാര്യമേഖലയില്‍ ശമ്പളം കുറവാണെന്നതും ആഫ്രിക്കന്‍ വംശജര്‍ ഇറ്റലിയിലേക്ക് ഒഴുകുകയാണെന്നതും ബ്രിട്ടണിലേക്ക് ഇത്രയും റൊമാനികള്‍ വരാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു.

അതേസമയം റൊമാനികളുടെ ഈ കടന്നുവരവിനെ ഭീതിയാണ് സര്‍ക്കാര്‍ വൃത്തങ്ങളും മറ്റും കാണുന്നത്. ബ്രിട്ടീഷ് ജനതയില്‍ ഭൂരിഭാഗത്തിനും തൊഴില്‍ ഇല്ലാതെ ഇരിക്കുമ്പോള്‍ റൊമാനികള്‍ കൂട്ടത്തോടെ കടന്നുവരുന്നത് തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുമെന്ന ഭീതിയാണ് സര്‍ക്കാര്‍ വൃത്തങ്ങളും മറ്റും പങ്കുവെയ്ക്കുന്നത്. അരക്ഷിതമായ ജീവിതാവസ്ഥയിലും കുറഞ്ഞ ശമ്പളത്തിലും ജോലി ചെയ്യാന്‍ റൊമാനികള്‍ തയ്യാറാകുന്നുവെന്നതാണ് പ്രശ്നമാകുന്നത്. ഇതുമൂലം കൂടുതല്‍ റൊമാനികള്‍ക്ക് ജോലി ലഭിക്കാന്‍ കാരണമാകുന്നു. ഇത് ബ്രിട്ടീഷ് പൗരന്മാരുടെ തൊഴില്‍ സാധ്യതയെ ഇല്ലാതാക്കുന്നു.

റൊമാനികള്‍ ജോലി ചെയ്യുന്നു. വന്‍തുകകള്‍ വീട്ടിലേക്ക് അയക്കുന്നു. അവര്‍ ജോലി ചെയ്യുന്നതുകൊണ്ട് ബ്രിട്ടണോ, ബ്രിട്ടീഷ് സാമ്പത്തികവ്യവസ്ഥയ്ക്കോ കാര്യമായ ഗുണമൊന്നുമില്ല- എന്നിങ്ങനെയുള്ള ചര്‍ച്ചകളും ഒരിടത്ത് നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സൃഷ്ടിക്കപ്പെട്ട 210,000 ജോലികളില്‍ എണ്‍പത് ശതമാനവും വിദേശികള്‍ക്കാണ് ലഭിച്ചതെന്നുംകൂടിയുള്ള കണക്കുകള്‍ കാണുമ്പോള്‍ മാത്രമാണ് റൊമാനികളുടെ കടന്നുവരവിനെക്കുറിച്ച് ഭീതി എത്രത്തോളം വലുതാണെന്ന് ബോധ്യമാകുക- ഒരു കുടിയേറ്റകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.