ജോബി ജോസ്
ബര്‍മ്മിങ്‌ഹാം: പ്രവാസി മലയാളികളുടെ ക്ഷേമത്തിന് മുഖ്യപരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ബ്രിട്ടണിലെ പ്രവാസി കോണ്‍ഗ്രസ്, ബര്‍മ്മിങ്‌ഹാമില്‍ സംഘടിപ്പിച്ച യു.ഡി.എഫ് വിജയാഹ്ലാദ സംഗമത്തില്‍ ടെലഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ പ്രവാസി കോണ്‍ഗ്രസ് സംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി കൂട്ടുത്തരവാദിത്വത്തോട് കൂടി ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസികള്‍ക്ക് നാട്ടില്‍ നിക്ഷേപം നടത്തുന്നതിന് സഹായകരമാകുന്നത് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍, സംസ്ഥാന സര്‍ക്കാര്‍ വരും നാളുകളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. യു.ഡി.എഫ് വിജയത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച് നടത്തുന്ന പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തിന് പ്രത്യേക നന്ദി പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ബ്രിട്ടണിലെ പ്രവാസി മലയാളി സമൂഹത്തില്‍ നിന്നും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
യു.ഡി.എഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബര്‍മ്മിങ്‌ഹാമില്‍ ശനിയാഴ്‌ച്ച നടന്ന പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഗമം ബ്രിട്ടണിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പോഷക സംഘടനകളുടേയും മുന്‍കാല നേതാക്കന്മാരുടേയും പ്രവര്ത്തകരുടേയും ഒത്തുചേരലായി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് വലിയപറമ്പില്‍ അദ്ധ്യക്ഷനായിരുന്ന യോഗം നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി. വി പൗലോസ് ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കന്മാരുടെ ലൈവ് ടെലഫോണ്‍ ആശംസകള്‍ യോഗത്തിന് ആവേശം പകര്‍ന്നു. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍ എം.എല്‍.എ, എന്‍.എസ്.യു അഖിലേന്ത്യാ പ്രസിഡന്റ് ഹൈബി ഈഡന്‍ എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി. ബല്‍റാം എം.എല്‍.എ എന്നിവരാണ് ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ യോഗത്തില്‍ സംസാരിച്ചത്.
ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇടുക്കി ജില്ലയില്‍ നടത്തിയ പര്യടനങ്ങള്‍ക്ക് ശേഷം മടങ്ങുന്ന അവസരത്തിലാണ് പ്രവാസി കോണ്‍ഗ്രസ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. പ്രവാസി മലയാളികള്‍ കേരള സംസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവുന്നതല്ല എന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പ്രവാസികളുടെ വിയര്‍പ്പിന്റെ വിലയാണ് പലപ്പോഴും നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങായി മാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളെ സംസ്ഥാന സര്‍ക്കാരുമായി ബന്ധിപ്പിക്കുന്നതിന് ഫലപ്രദമായ ഒരു സംവിധാനമായി പ്രവര്‍ത്തിക്കുവാന്‍ പ്രവാസി കോണ്‍ഗ്രസ് സംഘടകള്‍ക്ക് തികഞ്ഞ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രവാസികളായി തിരക്കുകള്‍ക്കിടയില്‍ ജീവിക്കുമ്പോഴും കോണ്‍ഗ്രസ് സംസ്ക്കാരം മറക്കാതെ ഒത്തുചേരുന്ന മുന്‍കാല നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകരും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നതായി ശ്രീ വി. ഡി. സതീശന്‍ എം.എല്‍.എ പറഞ്ഞു. ഇടതു ഭരണത്തില്‍ വലഞ്ഞ ജനങ്ങള്‍ ആഗ്രഹിച്ച ഭരണമാറ്റം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിലൂടെ നടപ്പിലാകുമ്പോള്‍, അവരുടെ പ്രതീക്ഷയ്ക്കൊത്ത് മികച്ച ഭരണം നടത്തുന്നതിന് പ്രവാസികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന് മുന്നിലും കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിനും മുന്നിലെത്തിക്കുവാന്‍ പ്രവാസി കോണ്‍ഗ്രസ് സംഘടനയ്ക്ക് സാധിക്കട്ടെ എന്ന് ഹൈബി ഈഡന്‍ എം.എല്‍.എ ആശംസിച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം ഉള്‍പ്പെടെ നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരാണെന്നത് തികച്ചും അഭിമാനകരമാണെന്ന് അദ്ദേഹം വിലയിരുത്തി. പ്രവാസികള്‍ക്ക് ലഭിച്ച വോട്ടവകാശം ഫലപ്രദമായി വിനയോഗിക്കുന്നതിന് പരമാവധി ആളുകള്‍ അടുത്ത തവണ മുതല്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തിന് എല്ലാവിധ ആശംസകളും വി.ടി. ബല്‍റാം എം.എല്‍.എ അറിയിച്ചു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും ടെലഫോണിലൂടെയും നടത്തിയ പ്രചരണങ്ങള്‍, താനുള്‍പ്പെടെയുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് ഏറെ സഹായകരമായെന്ന് അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ണ്ണമായ വിജയമാക്കുവാന്‍ പ്രവാസി മലയാളികളുടെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഉണ്ടാവണമെന്നും അതിന് പ്രവാസി കോണ്‍ഗ്രസ് സംഘടനകള്‍ മുന്‍കൈ എടുക്കണമെന്നും വി.ടി അഭ്യര്‍ത്ഥിച്ചു.
പ്രവാസി മലയാളികള്‍ക്ക് നാട്ടിലെ തങ്ങളുടെ പ്രദേശത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ഒത്തുചേര്‍ന്ന് നിരവധി പദ്ധതികള്‍ നടപ്പിലാക്കാനാവുമെന്ന് ഉദ്‌ഘാടകനായ നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. പൗലോസ് വ്യക്തമാക്കി. ജന്മനാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നതിന് ഓരോരുത്തരും തയ്യാറാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നെടുമ്പാശ്ശേരി ഇക്കാര്യത്തില്‍ പ്രവാസികളുമായി ചേര്‍ന്ന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണിലെത്തിയപ്പോഴും കോണ്‍ഗ്രസ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന പ്രവാസി കോണ്‍ഗ്രസ് യോഗത്തിന്റെ ഉദ്‌ഘാടകനും ശ്രീ. പി.വി പൗലോസായിരുന്നു.
ചടങ്ങില്‍ വിജി. കെ. പി സ്വാഗതം ആശംസിച്ചു. കെ.എസ്.യു തിരുവന്തപുരം ജില്ലാ മുന്‍ സെക്രട്ടറി ഗിരി മാധവന്‍ ബ്രിട്ടണില്‍ ദേശീയാടിസ്ഥാനത്തില്‍ പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിനെപ്പറ്റി പ്രഭാഷണം നടത്തി. കെ.എസ്.യു പത്തനംതിട്ട ജില്ല മുന്‍ ജനറല്‍ സെക്രട്ടറി മാമ്മന്‍ ഫിലിപ്പ്, എം.ജി.സര്‍വകലാശാല മുന്‍ സെനറ്റംഗം എബി സെബാസ്റ്റ്യന്‍, പിറവം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് തോമസ് പുളിക്കല്‍, പി.എ. ജോണ്‍സണ്‍, ടോണി ചെറിയാന്‍, റെഞ്ചി വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. പ്രമോദ് ബര്‍മ്മിങ്‌ഹാം നന്ദി രേഖപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് വലിയപറമ്പില്‍ ചെയര്‍മാനായി ഏഴംഗ അഡ്‌ഹോക്ക് കമ്മറ്റിയും രൂപീകരിച്ചു. എല്ലാ കൗണ്ടികളിലും ഉടന്‍ തന്നെ യോഗം വിളിച്ച് ചേര്‍ക്കുന്നതിനും കെ.പി.സി.സി നിര്‍ദേശപ്രകാരം ബ്രിട്ടണില്‍ പ്രവാസി കോണ്‍ഗ്രസ് സംഘടന രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നതിനും ഫ്രാന്‍സിസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫ്രാന്‍സിസ് വലിയപറമ്പില്‍: 07577861190
ഗിരി മാധവന്‍: 07932928363
വിജി.കെ.പി: 07950361641
ലണ്ടന്‍ പ്രവാസി കോണ്‍ഗ്രസ്സ് യു.ഡി.എഫ്. അനുമോദന യോഗം നടത്തി
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍ റീജിയണിലുള്ള പ്രവാസി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒത്തുകൂടി യു.ഡി.എഫിന്റെ വിജയത്തില്‍ ആഹ്ലാദം പങ്കിട്ടു. ഗിരി മാധവ (അനന്തപുരി റസ്റ്റ്വറന്റ്) ആതിഥേയത്വം വഹിച്ച അനുമോദന യോഗത്തില്‍ ലണ്ടന്റെ നാനാ ഭാഗത്ത് നിന്നുമായി നൂറിലധികം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ടെലിഫോണ്‍ കോണ്‍ഫ്രന്‍സിങ്ങിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് എം.ലിജു, കെ.എസ്.യു. പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ., കെ.പി.സി.സി. സെക്രട്ടറി എം.എം.നസീര്‍ എന്നിവര്‍ ലണ്ടന്‍ യൂണിറ്റ് നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയും സഹകരണവും അറിയിച്ചു. അനുമോദന യോഗം വിളിച്ചു ചേര്‍ത്ത സംഘാടകര്‍ക്കും പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കും ഉമ്മന്‍ചാണ്ടി പ്രത്യേകം നന്ദി പ്രകടിപ്പിച്ചു.
നെടുംമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. പൗലോസ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം നിലവിളക്ക് കൊളുത്തി അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ലണ്ടന്‍ യൂണിറ്റ് ലീഡര്‍ പ്രസാദ് കൊച്ചുവിള സ്വാഗതം ആശംസിച്ചു.തോമസ് പുളിക്കന്‍, ഡോ.ജോഷി ജെയ്‌സണ്‍ ജോര്‍ജ്ജ്, ടോണി ചെറിയാന്‍, ജി.സുരേഷ് കുമാര്‍, ബിജു ഗോപിനാഥഃ, സിജു ഡാനിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിഹാസ് റാവുത്തര്‍ നന്ദി പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല