വെറും മൂന്നുവയസ് മാത്രം പ്രായമുള്ള കുട്ടിയും ബ്രിട്ടനിലെ കുടിയന്‍മാരുടെ ഗണത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുടിയെത്തുടര്‍ന്ന് ബര്‍മിങ്ഹാമില്‍ നിന്നുള്ള ഈ ‘മദ്യാപാനി’ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളാണ് രാജ്യത്തെ കുടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിച്ചത്.
എന്‍.എച്ച്.എസ് ട്രസ്റ്റില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. 2008നും 2010നുമിടയില്‍ അമിത മദ്യാപനത്തെ തുടര്‍ന്ന് 13 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മൂന്നു വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. ഇതേ കാലയളവില്‍ 106 ടീനേജുകാരും അമിതമദ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.
കുടി അധികമായെന്ന് കണ്ടെത്തിയതിനാല്‍ 74 ചെറുപ്പക്കാര്‍ക്ക് എമര്‍ജന്‍സി ചികില്‍സ നല്‍കേണ്ടി വന്നതായും രേഖകള്‍ പറയുന്നു. ബ്രിട്ടനിലെ വീടുകളില്‍ മദ്യം നിയന്ത്രണമില്ലാതെ ലഭ്യമാകുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ലിവര്‍ ട്രസ്റ്റ് അഭിപ്രായപ്പെട്ടു. അമിത മദ്യാപാനം കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മദ്യാപാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് ലിവര്‍ ട്രസ്റ്റിന്റെ വക്താവ് സാറാ മാത്യൂസ് പറഞ്ഞു. വളരെ എളുപ്പത്തില്‍ മദ്യം കുട്ടികള്‍ക്ക് ലഭ്യമാകുന്നത് തടയാന്‍ നടപടിവേണമെന്നും അവര്‍ വ്യക്തമാക്കി. മദ്യാസക്തി തടയാന്‍ നടപടിയെടുക്കാത്തിടത്തോളം കാലം ഇത്തരം വാര്‍ത്തകള്‍ ഇനിയും കേള്‍ക്കേണ്ടിവരുമെന്ന് ആല്‍ക്കഹോള്‍ കണ്‍സേണ്‍ ചീഫ് ഡോണ്‍ ഷെങ്കര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല