സണ്ണി ജോസഫ് FCA
മുന്‍പ് പ്രതീക്ഷിച്ചതിലും കൂടുതല്‍ തകര്‍ച്ചയിലേക്ക് യു.കെയിലെ സാമ്പത്തികരംഗം നീങ്ങുന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്നുമാസത്തെക്കുറിച്ചുള്ള സാമ്പത്തിക വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്.ഈ കാലയളവില്‍ മൊത്ത ആഭ്യന്തര ഉദ്പ്പാദനത്തില്‍ 0.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് പുതിയ രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2009ലെ രണ്ടാംപാദത്തിനുശേഷം ഉദ്പ്പാദനത്തില്‍ വരുന്ന ഏറ്റവും വലിയ വീഴ്ച്ചയാണിത്.കനത്ത മഞ്ഞുവീഴ്ച്ചയാണ് ഇത്തരമൊരു ഇടിവിന്റെ മുഖ്യകാരണമായി വിലയിരുത്തിയിട്ടുള്ളത്. മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് സമ്പദ് രംഗം .5 ശതമാനം തകര്‍ച്ച നേരിട്ടിട്ടുണ്ട്.ബ്രിട്ടനിലെ സമ്പദ് രംഗത്തെ മാന്ദ്യം കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ ചിലവാക്കുന്ന തുകയില്‍ ഇപ്പോള്‍തന്നെ 0.1 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ കണക്കുകള്‍ പുറത്തു വന്നത് പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിന് മുന്‍പ് രണ്ടാമതൊന്നു കൂടി ചിന്തിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചേക്കും.ബ്രിട്ടന്‍ സ്ഥിരമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാത്തത് കൊണ്ടാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി പലിശ നിരക്ക് അര ശതമാനത്തില്‍ തന്നെ നില നിര്‍ത്തേണ്ടി വന്നത്.എന്നാല്‍ അടുത്ത കാലത്ത് നിയന്ത്രനാതീതമായ നാണ്യപ്പെരുപ്പം മൂലം അടുത്ത മാസം തന്നെ നിരക്ക് കൂട്ടിയെക്കുമെന്നു വാര്‍ത്തകള്‍ വന്നിരുന്നു.മോണിട്ടറി പോളിസി കമ്മിറ്റി മീറ്റിംഗില്‍ ആദ്യമായി മൂന്ന് അംഗങ്ങള്‍ നിരക്ക് വര്‍ധനയെ അനുകൂലിക്കുകയും ചെയ്തിരുന്നു.
സാമ്പത്തിക രംഗത്തെ മുരടിപ്പ് ,നാണയപ്പെരുപ്പത്തിലെ വര്‍ധന എന്നീ വിരുദ്ധ ഘടകങ്ങള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ബാങ്കിനെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്.നാണ്യപ്പെരുപ്പം വരുതിയില്‍ നിര്‍ത്തണമെങ്കില്‍ നിരക്ക് കൂട്ടിയെ പറ്റൂ ..എന്നാല്‍ സ്ഥിരമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാതെ പലിശ കൂട്ടാനും സാധിക്കില്ല.എന്തായാലും ഈ സാഹചര്യത്തില്‍ എന്തു തീരുമാനമാവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുക എന്ന് മാര്‍ച്ച് 10 -ന് അവസാനിക്കുന്ന മോണിട്ടറി പോളിസി കമ്മിറ്റി മീറ്റിങ്ങില്‍ അറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല