സമ്പത്ത് തൈ പത്ത് വെച്ചാല്‍ ആപത്തുകാത്ത് കാ പത്ത് തിന്നാമെന്നൊരു പഴഞ്ചൊല്ലുണ്ട്. നമ്മുടെ നല്ലകാലത്ത് സമ്പാദിക്കണമെന്നും അങ്ങനെ ചെയ്താല്‍ മോശം കാലത്ത് വല്യ കുഴപ്പമില്ലാതെ ജീവിക്കാന്‍ സാധിക്കുമെന്നൊക്കെയാണ് ഈ പഴഞ്ചൊല്ലിലൂടെ അര്‍ത്ഥമാക്കുന്നത്. ഏതാണ്ട് അതിന് സമാനമായ പണി യുകെയിലെ ജനങ്ങളും ചെയ്യേണ്ടിവരുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.വാര്‍ദ്ധക്യകാലത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ബ്രിട്ടണിലെ മിഡില്‍ ക്ലാസ് 35,000 പൌണ്ട് സര്‍ക്കാരിന് അടയ്ക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ .എപ്പോള്‍ എങ്ങിനെ ഈ തുകയടയ്ക്കണം എന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.
സര്‍ക്കാര്‍ പുതുക്കിനിശ്ചയിച്ചിരിക്കുന്ന സാമൂഹിക സുരക്ഷ ബില്ലിലാണ് ഈ നിര്‍ദ്ദേശം അടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഇലക്ഷന്‍ കഴിഞ്ഞയുടനെ ടോറികളും ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്‍വാഗ്വാദം നടന്നിരുന്നു. എന്നാല്‍ ആ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന സാമ്പത്തിക വിദഗ്ദന്‍ ആന്‍ഡ്രു ദില്‍നോട്ടിന്റെതാണ് ഈ നിര്‍ദ്ദേശം. കൂട്ടുകക്ഷി മന്ത്രിസഭയില്‍ ഈ നിര്‍ദ്ദേശത്തോട് കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. അപരിചിതമായ നിര്‍ദ്ദേശമെന്നൊക്കെയാണ് ഇതിനെ മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റിക്ക് നേതാക്കന്മാര്‍ വിളിക്കുന്നത്.
ഇലക്ഷന്‍ കഴിഞ്ഞയുടനെയുള്ള സംവാദങ്ങളില്‍ ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഇതിനെ മരണനികുതിയെന്നാണ് പേരിട്ട് വിളിച്ചത്. പാര്‍ട്ടികള്‍ക്കിടയിലും മന്ത്രിസഭയിലും വലിയ ചേരിതിരിവ് സൃഷ്ടിച്ച ഒരു നികുതി നിര്‍ദ്ദേശമായിരുന്നു ഇത്. പാര്‍ട്ടികള്‍ക്കിടയിലും മന്ത്രിസഭയില്‍പോലും ഇത്രയും ചേരിതിരിവ് സൃഷ്ടിക്കാന്‍ കാരണം ജനങ്ങള്‍ അത്രമാത്രം എതിര്‍ക്കാന്‍ സാധ്യതയുള്ള ഒരു നിയമമായിരിക്കുമെന്ന തിരിച്ചറിവാണ്.
പ്രായമായവര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന സഹായധനം കുറയ്ക്കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം നേതാക്കന്മാര്‍ക്കുമുള്ളത്. 2020ഓടെ ഇപ്പോള്‍ നല്‍കിവരുന്ന സഹായധനം ഏതാണ് ആറ് ബില്യണ്‍ പൗണ്ട് എത്തുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതുണ്ടാക്കുന്ന സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ ഇങ്ങനെയൊരു വഴിയാണ് ഉള്ളതെന്നാണ് ഉയരുന്ന പ്രധാന നിര്‍ദ്ദേശം. പ്രായമായവര്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തണമെങ്കിലും അതിന് ഇങ്ങനെയൊരു ബില്‍ സാധാരണക്കാരില്‍ അടിച്ചേല്‍പ്പിക്കേണ്ടിവരുന്നതാണ് പ്രശ്നമാകുന്നത്. ജനങ്ങള്‍ക്ക് നല്‍കുന്ന 35,000 പൗണ്ടിന്റെ ബില്‍ സര്‍ക്കാരിന്റെ ഭാരം പൂര്‍ണ്ണമായും ഇല്ലാതാക്കും. ഇതിനൊക്കെ പുറമെ അതൊരു നല്ല നിക്ഷേപവുമാണെന്നും വിലയിരുത്തപ്പെടുന്നു. അങ്ങനെ വന്നാല്‍ കൂടുതല്‍ പേര്‍ക്ക് വാര്‍ദ്ധക്യ സഹായങ്ങള്‍ ലഭിക്കാന്‍ കാരണമാകുമെന്നാണ് പൊതുവില്‍ പറയുന്നത്.
ഇപ്പോള്‍ 800,000 വൃദ്ധജനങ്ങളാണ് സര്‍ക്കാരിന്റെ സഹായം പറ്റുന്നത്. ഇത് 2014 ആകുന്നതോടെ ഒരു മില്യണായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് സര്‍ക്കാരിനുണ്ടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. അതിനെ കൈകാര്യം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദ്ദേശമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്തായാലും ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ ഒരു സമരകാലത്തെയായിരിക്കും ബ്രിട്ടണ്‍ നേരിടാന്‍ പോകുകയെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലതന്നെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല