ഉറ്റവരുടെ ശവസംസ്കാരം വീട്ടിലിരുന്ന് കാണാനുള്ള സൗകര്യം വരുന്നു. വൂസ്റ്റര്‍ ശ്മശാന അധികൃതരാണ് മരണാനന്തരചടങ്ങുകളുടെ തല്‍സമയ സംപ്രേക്ഷണം സാധ്യമാക്കുന്നത്.
ഇതിന് പുരോഹിതരുടെ അനുവാദവും ലഭിച്ചുകഴിഞ്ഞുവെന്നാണ് വാര്‍ത്ത. ഉയര്‍ന്ന ഗുണമേന്മയുള്ള വെബ്ക്യാമുകള്‍ ഉപയോഗിച്ച് സംസ്കാരം ചിത്രീകരിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ വളരെ വ്യക്തമായിരിക്കുമെന്നും ശരിക്കും ശ്മശാനത്തില്‍ നില്ക്കുന്നതായി തന്നെ തോന്നുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
ഇതിനായി ആകെ ചെലവ് വെറും 40 പൌണ്ടാണ്. സംസ്കാരം തല്സമയമോ അല്ലാതെയോ കാണാനുള്ള അവസരവുമുണ്ട്.
സംസ്കാരത്തിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്ന് കാണുന്നതിനൊപ്പം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമാവും. ഏറെ സുരക്ഷിതവും സ്വകാര്യവുമായാണ് സംപ്രേഷണം നടത്തുന്നത്. പണമടയ്ക്കുന്നവര്‍ക്ക് ഒരു യൂസര്‍ നെയിമും പാസ് വേര്‍ഡും നല്‍കും.
ഇതുപയോഗിച്ചാല്‍ മാത്രമേ ദൃശ്യങ്ങള്‍ കാണാനാവൂ. ഏഴു ദിവസം സംസ്കാരത്തിന്റെ ദൃശ്യങ്ങള്‍ വെബ്സൈറ്റിലുണ്ടാവും. കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില് ഇതിന് മുമ്പ് മാറ്റും.
എല്ലാ ആളുകള്‍ക്കും മരണാനന്തരചടങ്ങുകളുടെ ദൃശ്യങ്ങള്‍ നല്‍കണോ അതോ ആവശ്യമുള്ളവര്‍ക്കുമാത്രം നല്കിയാല് മതിയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.മൂന്നു വര്‍ഷമായി യുദ്ധമേഖലയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്കുവേണ്ടി ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല