ലണ്ടന്‍: യുകെ-യുഎസ് ബന്ധത്തില്‍ ആഴത്തില്‍ മുറിവേല്പിച്ചുകൊണ്ട്, ഡേവിഡ് കാമറൂണിനെക്കാള്‍ അമേരിക്കയ്ക്ക് ഉത്തമ സുഹൃത്താണ് ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.
വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനെത്തിയ സര്‍ക്കോസിയെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് ഒബാമ ബ്രിട്ടനെ ഞെട്ടിച്ചതും നാണംകെടുത്തിയതും. വൈറ്റ് ഹൗസില്‍ കാല്‍കുത്തിയതു മുതല്‍ തുടരുന്ന ബ്രിട്ടന് വിരുദ്ധ മനോഭാവം ഒബാമ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
അമേരിക്കയുടെ ഏറ്റവും വിലപ്പെട്ട സഖ്യകക്ഷി ഫ്രാന്‍സും ഫ്രഞ്ച് ജനതയുമാണ്. കാമറൂണിനെക്കാള്‍ ശക്തന് സര്‍ക്കോസിയാണ്- ഒബാമ പറഞ്ഞു.
എന്നാല്‍, ഒബാമയുടെ വാക്കുകള്‍ വല്ലാതെ വേദനിപ്പിക്കുന്നതാണെന്ന് ടോറി എംപിയും മുന്‍ സേനാ കമാന്‍ഡറുമായ പാട്രിക് മാര്‍സര്‍ പറഞ്ഞു. 350ല്‍ പരം ബ്രിട്ടീഷ് ഭടന്മാരാണ് അഫ്ഗാനിസ്ഥാനില്‍ മരിച്ചത്. പതിനായിരത്തില്‍പ്പരം ബ്രിട്ടീഷ് സൈനികര്‍ അഫ്ഗാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ ഭീകരരോട് മല്ലടിക്കുകയാണ്. ഫ്രാന്‍സിന് അഫ്ഗാനിലുള്ളത് 3850 സൈനികര്‍ മാത്രമാണെന്ന് ഒബാമ മറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാമറൂണിന്റെ മുന്‍ഗാമി ഗോര്‍ഡന്‍ ബ്രൗണ്‍ യുഎസ് സന്ദര്‍ശനത്തിനിടെ ഒബാമയെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഒബാമ താത്പര്യം കാട്ടാതിരുന്നതുമുതല് ബ്രിട്ടനെ നാണംകെടുത്തുകയാണ് വൈറ്റ് ഹൗസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല