ലണ്ടന്‍: അക്ഷരാര്‍ത്ഥത്തില്‍ ബ്രിട്ടണ്‍ ചുവന്നുതുടുത്ത ദിവസമാണ് കഴിഞ്ഞുപോയതെന്ന് പറയാം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ നടത്തിയ സമരം ബ്രിട്ടന്റെ സാധാരണ ജീവിതം സ്തംഭിപ്പിച്ചുവെന്ന് തന്നെ പറയാം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടും പെന്‍ഷന്‍ അനുവദിക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡത്തെ ബന്ധപ്പെട്ടുമാണ് പൊതുമേഖലയിലെ തൊഴിലാളികള്‍ സമരം ചെയ്തുതുടങ്ങിയത്.
സമരം പ്രഖ്യാപിച്ചശേഷമാണ് ഓരോ വിഭാഗമായി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. പൊതുവായ ഒരാവശ്യം ഉള്ളപ്പോള്‍തന്നെ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആവശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നതാണ് കാര്യങ്ങളെ ഇത്രയും രൂക്ഷമാക്കിയത്.
പൊതുമേഖലയിലെ പണിമുടക്ക് നിയന്ത്രിക്കണമെങ്കില്‍ ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന പെന്‍ഷനോടൊപ്പം 3.2 ശതമാനംകൂടി നല്‍കേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചന. സമരം അവസാനിപ്പിക്കണമെങ്കില്‍ ചുരുങ്ങിയത് ഇത്രയെങ്കിലും പെന്‍ഷന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിക്കണമെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. 750,000 പേരാണ് ഇന്ന് നടന്ന സമരത്തില്‍ ബ്രിട്ടണെ ചുവപ്പിക്കാന്‍ തെരുവിലിറങ്ങിയത്. ഏതാണ്ട് 11,000 സ്കൂളുകളെ സമരം ബാധിച്ചെന്നാണ് അറിയുന്നത്.
രാജ്യത്തെ മൂന്നിലൊന്ന് സ്കൂളുകളും അടച്ചിട്ടെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ അവകാശപ്പെടുന്നത്. കൂടാതെ ഭൂരിഭാഗം പാസ്പോര്‍ട്ട് നല്‍കുന്ന സ്ഥാപനങ്ങളും തുറന്നില്ല. ഡോക്ടര്‍മാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കി. ജനജീവിതം താറുമാറാക്കിയ സമരം സര്‍ക്കാരിന് വന്‍ താക്കീതാണ് നല്‍കിയിരിക്കുന്നത്. 750,000 പേര്‍ പങ്കെടുത്ത സമരം വന്‍വിജയമാണെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. 1980നുശേഷം ആദ്യമായിട്ടാണ് ഇത്രയും കൂറ്റന്‍ സമരം സ്കൂളുകളില്‍ നടക്കുന്നത്.
അതേസമയം മുഴുവന്‍ പൊതുമേഖല തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന അവകാശ വാദവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍തന്നെ രംഗത്തെത്തി. ഏതാണ്ട് പതിനായിരത്തോളം പേര്‍ മാറിനിന്നെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.പൊതുമേഖല ജീവനക്കാരില്‍ എണ്‍പതു ശതമാനവും ഇന്നലെ ജോലിക്ക് ഹാജരായിയെന്നും യൂണിയന്‍ അംഗങ്ങളില്‍ പകുതിപ്പേരും സമരത്തില്‍ നിന്നും വിട്ടു നിന്നുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല