ലണ്ടന്‍: സ്വന്തം ജനതയുടെമേല്‍ വന്‍ നികുതികള്‍ ചുമത്തിയും ബെനഫിറ്റുകള്‍ വെട്ടിക്കുറച്ചും ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വരൂകൂട്ടുന്ന പണമെല്ലാം എവിടെയാണ് പോകുന്നത് ഇനിയാരും ചോദിക്കരുത്. അതിനൊക്കെ പോകാനും വരാനുമൊക്കെ കൃത്യമായ വഴികളും രീതികളുമുണ്ട്. അതില്‍ ഒരു വഴി തകര്‍ന്നുതരിപ്പണമായിക്കൊണ്ടിരിക്കുന്ന യൂറോയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആണെങ്കില്‍ രണ്ടാമത്തെ വഴി അമേരിക്ക പല രാജ്യങ്ങളില്‍ നടത്തുന്ന യുദ്ധങ്ങള്‍ക്ക് കൂട്ടുപോകലാണ്. തമ്മില്‍ ചെലവേറിയത് രണ്ടാമത്തെ വഴിതന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ധനനഷ്ടം, അളപായം, സര്‍വ്വോപരി മാനഹാനി എന്നിങ്ങനെയാണ് ബ്രിട്ടണ് ലഭിക്കുന്ന പ്രതിഫലങ്ങള്‍.
ലിബിയന്‍ യുദ്ധത്തിനുവേണ്ടി ബ്രിട്ടണ്‍ ചിലവാക്കുന്ന പണത്തിന്റെ അളവ് നോക്കിയാല്‍ ബ്രിട്ടീഷ് ജനത ഉടന്‍തന്നെ സര്‍ക്കാരിനെതിരെ കൊടിയും പിടിച്ച് സമരത്തിനിറങ്ങുമെന്ന് ഉറപ്പാണ്. ഏതാണ്ട് 260 മില്യണ്‍ പൗണ്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ലിബിയയില്‍ കൊണ്ടുപോയി തുലച്ചിരിക്കുന്നത്. ബ്രിട്ടീഷ് ജനത ഉണ്ണാതെയും ഉടുക്കാതെയും ഉറങ്ങാതെയും സര്‍ക്കാരിന് നല്‍കിയ പണമാണ് ചുമ്മാതെ കൊണ്ടുപോയി കണ്ട നാട്ടില്‍ ചെലവാക്കിയിരിക്കുന്നത്.
ഇത്രയും പണമൊന്നും ചെലവാകുമെന്ന് കരുതിയല്ല ബ്രിട്ടീഷ് സര്‍ക്കാര്‍ യുദ്ധത്തിനിറങ്ങിയത്. എന്നാല്‍ എല്ലാ യുദ്ധവുംപോലെ ലിബിയന്‍ യുദ്ധയും കൈവിട്ടുപോയി, ഖജനാവില്‍നിന്നും പണമൊഴുകിക്കൊണ്ടിരുന്നു. ലിബിയയെ നിസാര പൈസായ്ക്ക് ഒതുക്കാമെന്നായിരുന്നു ആദ്യസമയത്ത് ബ്രിട്ടണും അമേരിക്കയും കരുതിയത്. എന്നാല്‍ അതൊക്കെ മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമായി ഇപ്പോഴും അവശേഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല