ഫിലിപ് ജോസഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന് ശേഷം നടക്കുന്ന പ്രഥമ ബൈബിള്‍ കലോത്സവമാണിത്. ദൈവ വചനം കലാരൂപങ്ങളിലൂടെ കുട്ടികള്‍ വേദിയിലെത്തിച്ചപ്പോള്‍ അത് അപൂര്‍വ്വമായ മുഹൂര്‍ത്തമാണ് ഏവര്‍ക്കും സമ്മാനിച്ചത്. ആത്മീയ ശക്തിയും ഉണര്‍വും സ്വയത്തമാക്കാനുതകുന്നതാണ് ഓരോ ബൈബിള്‍ കലോത്സവവും. ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ കുരുന്നുകള്‍ വേദിയില്‍ മത്സരിച്ചപ്പോള്‍ ആവേശമായത് കാണികള്‍ക്കും. SMBCR ന്റെ കീഴിലുള്ള 19 യൂണിറ്റുകളില്‍ നിന്നുള്ള വിശ്വാസികളും കുട്ടികളും അണിനിരന്ന മഹത്തായ ദിവസമായിരുന്നു ഇന്നലെ ബ്രിസ്റ്റോളില്‍ നടന്നത്.
രാവിലെ 9.30ന് SMBCR ന്റെ ഫാ. ജോയി വയലില്‍, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CST , ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, കലോത്സവം ചീഫ് കോര്‍ഡിനേറ്റര്‍ റോയ് സെബാസ്റ്റ്യന്‍, വൈസ് കോര്‍ഡിനേറ്റര്‍ ഡിയോണ്‍ ജോസഫ് ഫിലിപ്, ജോസി മാത്യു, സിസ്റ്റര്‍. ലീന മേരി, സിസ്റ്റര്‍. ഗ്രെയ്‌സ് മേരി എന്നിവരുടെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠയോടെ ബൈബിള്‍ കായോത്സവത്തിനു തിരി കൊളുത്തി.
കൃത്യം 9 മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു 10 മണിക്ക് തന്നെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. കോരിച്ചൊരിയുന്ന മഴയെ വെല്ലുവിളിച്ചു കൊണ്ട് വളരെ നേരത്തെ തന്നെ വിശ്വാസികളും മത്സരാര്‍ത്ഥികളും സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ എത്തിച്ചേര്‍ന്നിരുന്നു. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞതായിരുന്നു ഓരോ ഇന മത്സരങ്ങളും. പുറത്തു മഴ ചൊരിയുമ്പോള്‍ അകത്തു അതിലും ആവേശത്തോടെ കുട്ടികള്‍ തകര്‍ത്താടി. കുറ്റമറ്റ രീതിയിലുള്ള പ്രഗത്ഭരായ ജഡ്ജിങ് കമ്മിറ്റി കൂടിയായപ്പോള്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ മത്സരങ്ങള്‍ക്ക് കൂടുതല്‍ പകിട്ടേകി.
STSMCC യുടെയും SMBCR കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വളരെ മിതമായ നിരക്കില്‍ ഒരുക്കിയിരുന്ന ഭക്ഷണം ഹൃദ്യമായിരുന്നു. മാസങ്ങളായി അഹോരാത്രം പ്രയത്‌നിച്ച വിവിധ കമ്മിറ്റികളുടെ കഠിനാദ്ധ്വാനത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും വിജയമായിരുന്നു ഇന്നലെ നടന്ന ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ മത്സരങ്ങള്‍.
ബൈബിള്‍ കലോത്സവം ചെയര്‍മാനായ ഫാ. ജോസ് പൂവാനിക്കുന്നേല്‍ CSSR, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CST, ഫാ. ജോയ് വയലീല്‍, SMBCR ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത്, റോയ് സെബാസ്റ്റ്യന്‍, STSMCC ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോപടയാട്ടില്‍, ജോസ് മാത്യു എന്നിവരും SMBCR ജോയിന്റ് ട്രസ്റ്റിമാരായ ജോസി മാത്യു, ഷിജോ തോമസ്, ജോണ്‍സന്‍ പഴമ്പിള്ളി എന്നിവരും മറ്റു യൂണിറ്റുകളിലെ ട്രസ്റ്റിമാരും ചേര്‍ന്ന് പരിപാടിക്ക് നേതൃത്വം നല്‍കി. മത്സര റിസള്‍ട്ടുകള്‍ അതാത് സമയത്ത് തന്നെ SMEGB യുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. രാത്രി 7 മണിയോട് തന്നെ പ്രധാന ഹാളില്‍ പൊതുസമ്മേളനം ആരംഭിച്ചു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ഫാ. ജോയി വയലില്‍ ബൈബിള്‍ കലോത്സവത്തിനെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണം വളരെ മികച്ചതായിരുന്നു. അതിന് ശേഷം ഈ വര്‍ഷം ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റീജിയനില്‍ നിന്നും GCSC ക്ക് ഉന്നത വിജയം നേടിയ 10 കുട്ടികള്‍ക്ക് റീജിയന്റെ വക സര്‍ട്ടിഫിക്കേറ്റും ട്രോഫിയും രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ നല്‍കുകയുണ്ടായി.
തുടര്‍ന്ന് മത്സര വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങായിരുന്നു. ശേഷം എല്ലാവര്‍ക്കുമായുള്ള സ്‌നേഹവിരുന്നും നടന്നു. പങ്കെടുത്ത എല്ലാവര്‍ക്കും വിജയികളായവര്‍ക്കും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CST നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് 9 മണിയോടെ എല്ലാവരും പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല