കേരളമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തകളെ കേന്ദ്രമാക്കി വീണ്ടും സിനിമ വരുന്നു. ബ്രേക്കിംഗ് ന്യൂസ് ലൈവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് നവാഗതനായ സുധീര്‍ അമ്പലപ്പാടന്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്.
അടുത്തകാലത്തായി കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ദുരന്തമാണ് ചിത്രത്തിന്റെ കഥയ്ക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ പറഞ്ഞു. കാവ്യാ മാധവനാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ഗദ്ദാമയ്ക്കു ശേഷം കാവ്യയെ തേടിയെത്തുന്ന അതിശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഇത്.
ഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍ ഷാ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സുധീര്‍ ഇന്ത്യാവിഷനുവേണ്ടി തെരുവുഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് സ്ട്രീറ്റ്‌ലൈറ്റ് എന്ന സംഗീതറിയാലിറ്റി ഷോയും സംവിധാനം ചെയ്തിട്ടുണ്ട്.
സമകാലീനവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ടുതന്നെ ഈ ചിത്രം വാര്‍ത്തകളെ കച്ചവടവല്‍കരിക്കുന്ന സിനിമയാകില്ലെന്ന് സുധീര്‍ ഉറപ്പുനല്‍കുന്നു.
സുധീറും ജി.കിഷോറും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളം, കോഴിക്കോട്, ഒറ്റപ്പാലം, ഹൈദരാബാദ് എന്നിവിടങ്ങളിലായി സെപ്തംബറില്‍ ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല