1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2012


കാരൂര്‍ സോമന്‍, ലണ്ടന്‍

ഇന്ത്യന്‍ ടീമിന്റെ ഒളിമ്പിക്‌സ് മാര്‍ച്ച് പാസ്റ്റ് കഴിഞ്ഞ് ദിവസം
ഒന്നായിട്ടും എല്ലായിടത്തും സംസാരം ആ സുന്ദരിയെക്കുറിച്ചായിരുന്നു.
അതിനിടയ്ക്ക് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ പലതു കഴിഞ്ഞു. പലേടത്തും
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുമായി സംസാരിക്കുമ്പോള്‍, എല്ലാവര്‍ക്കും
അറിയേണ്ടത് ഇതൊന്നു മാത്രം. അതോടെ, തത്ക്കാലം ഇന്ത്യന്‍ എന്നു
പറയേണ്ടെന്നു തീരുമാനിച്ചു. സംഭവം അത്രയ്ക്ക് ഹോട്ട് ആയിരിക്കുന്നു.
ആരാണ് ആ പെണ്‍കുട്ടി. ലോകം മുഴുവനുള്ള ഇന്ത്യക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച
ആ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായാണ് പത്രസുഹൃത്തുക്കള്‍ അറിയിച്ചത്.
കുട്ടി ലണ്ടനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്. ബംഗളുരാണ് വീട്. പേര്
മധുര ഹണി. കക്ഷിയെ തിരിച്ചറിഞ്ഞെങ്കിലും കാര്യം ഇന്ത്യന്‍ ടീമിന്
നാണക്കേടായി. ഹോളണ്ട് പത്രപ്രവര്‍ത്തകന്‍ ഡേവിഡ് നാഷ് പറഞ്ഞത്, ഇതൊക്കെ
ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ മാത്രമേ സംഭവിക്കൂ എന്നാണ്. ഇരുനൂറോളം
ടീമുകളുടെ മാര്‍ച്ച് പാസ്റ്റില്‍ വേറെയൊരു ടീമിനും ഈ പ്രശ്‌നമുണ്ടായില്ല.
ഇന്ത്യന്‍ പതാകള്‍ വീശി, ഒരു ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തോടെ ടീമിനെ
വരവേല്‍ക്കുമ്പോഴാണ് അറിയുന്നത്, മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു
നടക്കുന്നയാള്‍ മത്സരാര്‍ത്ഥിയോ ഒഫീഷ്യലോ പോലുമല്ലത്രേ!
ലേസര്‍ നൃത്തങ്ങളുടെയും വന്‍ വെടിക്കെട്ടുകളുടെയും പൂരരാത്രിയില്‍
സ്റ്റേഡിയത്തില്‍ ഇരുന്ന ഇന്ത്യന്‍ പതാക വീശി കൊണ്ടിരുന്നവരുടെ എല്ലാം
കണ്ണുകള്‍ ആദ്യം ശ്രദ്ധിച്ച് ഈ പെണ്‍കുട്ടിയെയാണ്. അവള്‍ക്കു മാത്രം
യൂണിഫോം കിട്ടിയില്ലേ എന്നായിരുന്നു ആദ്യം മുതല്‍ക്കേയുള്ള സംശയം. സാനിയ
മിര്‍സ ഉള്‍പ്പെടെയുള്ളവര്‍ നല്ല മഞ്ഞ സാരിയില്‍ ഇന്ത്യന്‍ സാംസ്‌ക്കാരിക
തനിമ പ്രദര്‍ശിച്ചപ്പോള്‍ പാശ്ചാത്യ വേഷവിധാനങ്ങളോടെ എത്തിയ ഈ
പെണ്‍കുട്ടി മാത്രം കണ്ണിലെ കരടായി. 40 അത്‌ലറ്റുകളും 11 ഇന്ത്യന്‍
ഒഫീഷ്യലുകളുമാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുകയെന്ന് നേരത്തെ തന്നെ
അറിയിച്ചിരുന്നു. അവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു.
എന്നാല്‍ അതൊന്നുമില്ലാതെ ഈ പെണ്‍കുട്ടി മാത്രം സംഘത്തോടൊപ്പം
മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുക്കുകയും മുന്‍നിരയില്‍ ചിരിച്ച്
പ്രസന്നവതിയായി നടക്കുകയും ചെയ്തു. ഇതെന്തു മാജിക്ക് എന്നായിരുന്നു
എല്ലാവരുടെയും സംശയം. പലരും ചോദിക്കുന്നുണ്ടായിരുന്നു. ആരാണത്? ഒഫീഷ്യല്‍
വല്ലതുമാണോ? അതോ അവസാനനിമിഷം ടീമില്‍ കടന്നുകൂടിയ വല്ല അത്‌ലറ്റോ?
2008 ബീജിങ് ഒളിമ്പിക്‌സില്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത സാനിയ
മിര്‍സ ജീന്‍സ് ധരിച്ച് എത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയത് എന്റെ
സുഹൃത്ത് വിവേക് റസ്ദാന്‍ ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ അക്കാര്യം പറയുകയും
ചെയ്തു. ഓരോ രാജ്യത്തിനും അതിന്റേതായ ഡ്രസ് കോഡ് ഉണ്ട്. അതില്‍ നിന്നു
വ്യത്യസ്തമായി മാര്‍ച്ച്പാസ്റ്റില്‍ ആരെയും പങ്കെടുപ്പിക്കാതിരുന്നാല്‍
മതിയായിരുന്നു. ഏതായാലും ഈ കുട്ടി ഇന്ത്യക്കാരിയാണെന്നോര്‍ത്തു
സമാധാനിക്കാം. ലണ്ടനില്‍ പഠിക്കുമ്പോള്‍ തന്നെ ഈ കുട്ടി ഫേസ്ബുക്ക്
അക്കൗണ്ട് വഴി എന്തൊക്കെയോ തിരിമറികള്‍ ചെയ്തതിനു പോലീസ്
നിരീക്ഷണത്തിലായിരുന്നുവെന്നും സൂചനകളുണ്ട്. എന്തായാലും, ആദ്യദിവസം ഈ
സംഭവം ഇന്ത്യന്‍ ടീമിന് ഒരു ബ്ലാക്ക് പോയിന്റായി. സംഘത്തലവന്‍ പി.കെ.
മുരളീധരന്‍ രാജ ഇതുവലിയ പ്രശ്‌നമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ബോക്‌സിങ്
ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് കക്ഷി. ഈ നിലയ്ക്ക് സംഭവം അദ്ദേഹം
വെറുതേ വിടുകയുമില്ല. പ്രസ് ഹാളില്‍ വച്ചു കാണുമ്പോള്‍ വലിയ
തിരക്കിലായിരുന്നു അദ്ദേഹം. തുടരെ തുടരെ ഫോണ്‍ കോളുകള്‍. ഒളിമ്പിക്‌സ്
അസോസിയേഷന്റെ ഏറ്റവും വലിയ സുരക്ഷ പാളിച്ചയായി ഇതിനെ കാണുക തന്നെ വേണം.
ഊരും പേരുമില്ലാത്ത ഒരാള്‍ ഇന്ത്യന്‍ ടീമിനൊപ്പം സ്റ്റേഡിയം മുഴുവന്‍ വലം
വച്ചു എന്നു പറയുമ്പോള്‍ തന്നെ കൊട്ടിഘോഷിച്ച സുരക്ഷസംവിധാനങ്ങള്‍ പാളി
എന്നാണര്‍ത്ഥം.
ഇന്ത്യയുടെ മത്സരയിനങ്ങള്‍ കാണാനോ അറിയാനോ ഉള്ള താത്പര്യങ്ങള്‍ ഏതായാലും
ഈയൊരു അജ്ഞാതസുന്ദരി ഒരു ദിവസത്തേക്ക് കവര്‍ന്നു. ടേബിള്‍ ടെന്നീസ് പുരുഷ
വിഭാഗത്തില്‍ ഇന്ത്യ ഇറങ്ങുന്നുണ്ടെന്ന് നേരത്തെ കേട്ടിരുന്നു. ഇന്ന് ആ
മത്സരം കാണാമെന്നും കരുതിയതാണ്. എന്നാല്‍ ട്രാഫിക്ക് അതൊക്കെ വീണ്ടും
ചതിച്ചു. ഓടിചാടി ചെല്ലുമ്പോഴേയ്ക്കും മത്സരങ്ങള്‍ കഴിഞ്ഞിരുന്നു.
കൂറ്റന്‍ ഇലക്‌ട്രോണിക്‌സ് ടൈറ്റില്‍ കാര്‍ഡില്‍ എഴുതി കാണിക്കുന്നു.
കണ്‍ഗ്രാജുലേഷന്‍സ് ഹോക് ബോംഗ് കിം. ഇന്ത്യയുടെ സൗമ്യജിത് ഘോഷ്
പുറത്തായിരിക്കുന്നു. ഇതോടെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍
അവസാനിച്ചു. ഇനി ഷൂട്ടിങ്, ആര്‍ച്ചറി, തുഴച്ചില്‍ മത്സരങ്ങള്‍. അവ
കാണാനെത്തിയപ്പോള്‍ കാണികള്‍ വളരെ കുറവ്. എല്ലായിടവും സ്‌പോണ്‍സര്‍മാര്‍
സ്വന്തമാക്കി വച്ചിരിക്കുന്നു. പക്ഷേ ഇരിപ്പിടങ്ങള്‍ കാലി. കഴിഞ്ഞദിവസം
ടിക്കറ്റ് കിട്ടാതെ കരഞ്ഞു കൊണ്ടു മടങ്ങിയവരെ ഓര്‍ത്തു.
ഒളിമ്പിക്‌സായാലും ഫുട്‌ബോളായാലും ലണ്ടന്‍ ലണ്ടന്‍ തന്നെയെന്നു ഇതു
കണ്ടപ്പോള്‍ ഓര്‍ത്തു പോയി!

കടപ്പാട് മാധ്യമം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.