ന്യൂദല്‍ഹി: സ്വപ്നങ്ങളിലേക്കുള്ള നേരിയ പാത വെട്ടിത്തെളിക്കാന്‍ സ്വന്തം തട്ടകത്തിലെ ഭാഗ്യവേദിയില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്നിറങ്ങുന്നു. 2014 ലോകകപ്പിന്റെ ഏഷ്യന്‍ തല യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ കരുത്തരായ യു.എ.ഇക്കെതിരെ രണ്ടാം പാദ മത്സരത്തിന് ഇന്ത്യന്‍ സംഘം ഇന്നിറങ്ങുകയാണ്. അംബ്ദേദ്കര്‍ സ്റ്റേഡിയത്തിലാണ് കളി.
കഴിഞ്ഞാഴ്ച അല്‍ ഐനില്‍ റഫറിയുടെ തീരുമാനങ്ങള്‍ തിരിച്ചടിയായ ആദ്യപാദ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്ന ഇന്ത്യന്‍ ടീമിന് വന്മാര്ജിനില് ജയിച്ചുകയറിയാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂ. അതികഠിനമായ വെല്ലുവിളിയാണ് മുന്നിലുള്ളതെങ്കിലും സ്വന്തം നാട്ടില്‍ എന്നും വീരോടെ പൊരുതുന്ന ഇന്ത്യന്‍ ടീം ലക്ഷ്യത്തിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആദ്യപാദത്തില്‍ എതിരാളികളുടെ തട്ടകത്തില്‍ ചെറുത്തുനിന്ന ഇന്ത്യന്‍ ടീമിലെ രണ്ടു താരങ്ങളെ ചുവപ്പുകാര്‍ഡ് കാട്ടി പുറത്താക്കിയ റഫറി രണ്ടു പെനാല്‍റ്റി ഗോളും യു.എ.ഇക്ക് അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ കളിയില്‍ ലക്ഷ്യം അപ്രാപ്യമല്ലെന്നാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രി പറയുന്നത്. ‘ ലക്ഷ്യം നേടാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. തുടക്കത്തില്‍ ഗോള്‍ കണ്ടെത്തി എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാകും’ ഛേത്രി പറഞ്ഞു.
മുന്‍ കോച്ച് ബോബ് ഹൂട്ടന് കീഴില്‍ മികച്ച ഹോം റെക്കോഡായിരുന്നു ടീമിന്. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ 2008ല്‍ നടന്ന എ.എഫ്.സി ചാലഞ്ച് കപ്പ് ഫൈനലില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ ഇന്ത്യ താജിസ്ഥാനെ 4-1ന് തറപറ്റിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല