ലണ്ടന്‍: തന്റെ ഭാര്യയെ കൊലപ്പെടുത്താനായി കാര്‍ റാഞ്ചിയെടുത്തവരെ തനിക്കറിയില്ലെന്ന് ഹണിമൂണ്‍ കൊലപാതക്കേസില്‍ ആരോപണവിധേയനായ ഷ്രീന്‍ ദിവാനി. ഗൂഢസംഘം എങ്ങനെയാണ് കാറില്‍ അതിക്രമിച്ച് കയറിയതെന്നും തന്റെ ഭാര്യയെ കൊല്ലാനായി കൊണ്ടുപോയതെന്നും ദിവാനി വിശദീകരിച്ചു. എന്നാല്‍ അവരുടെ രൂപം വര്‍ണിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റസമ്മതം നടത്തിയ കാര്‍ ഡ്രൈവര്‍ സോള ടോങ്കോയ്ക്ക് കേപ്പ് ടൗണില്‍ 18വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. 1,600പൗണ്ട് വാഗ്ദാനം ചെയ്ത് ദിവാനിയാണ് ആനിയെ കൊല്ലാന്‍ തന്നെ ഏല്‍പ്പിച്ചതെന്നാണ് അയാള്‍ കോടതിയോട് പറഞ്ഞത്.
ദിവാനിയെ വിചാരണയ്ക്കായി കേപ്പ് ടൗണിലേക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ജൂലൈയില്‍ ആരംഭിക്കും.
കൊലപാതകം നടന്ന നവംബറില്‍ ദിവാനി നല്‍കിയ സ്റ്റേറ്റ്‌മെന്റ് ദ മെയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്നത് കൊലചെയ്തയാളെക്കുറിച്ച് വിവരം നല്‍കുന്നതില്‍ തുടക്കത്തില്‍ ദിവാനി പരാജയപ്പെട്ടു എന്നതാണ്. ഈ സ്റ്റേറ്റ്‌മെന്റ് നല്‍കി ഒരു ദിവസം കഴിഞ്ഞപ്പോള്‍ സംഭവത്തെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ പോലീസ് ദിവാനിയോട് ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് കൊലചെയ്തയാളെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയോ എന്നത് വ്യക്തമല്ലായിരുന്നു. അന്ന് ദിവാനി നല്‍കിയ സത്യാവാങ്മൂലം ഇങ്ങനെ- കാര്‍ ഓടിച്ചയാളെ വര്‍ണിക്കാന്‍ തനിക്ക് കഴിയുന്നില്ല. എന്നാല്‍ കൂടെയുണ്ടായിരുന്ന രണ്ടാമത്തെയാള്‍ ഇരുണ്ട നിറമുള്ളവനും രണ്ടിടത്ത് കാതുകുത്തിയവനുമാണ്. ഇവരില്‍ നിന്നും ഞാന്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചു.എന്നാല്‍ അവര്‍ അത് കണ്ടെത്തി.
തങ്ങളെ ഒന്നും ചെയ്യരുതെന്ന് ആനി വിളിച്ചുപറയുന്നുണ്ടായിരുന്നു. അപ്പോള്‍ കാറിന്റെ ഡ്രൈവര്‍ എന്റെ നേരെ തോക്കുചൂണ്ടി അവളോട് മിണ്ടാതിരിക്കാന്‍ പറയണമെന്നും മിണ്ടിയാല്‍ നിങ്ങളില്‍ ആരെയെങ്കിലും ഒരാളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ആനി 25,000പൗണ്ട് വിലയുള്ള വിവാഹമോതിരം അഴിച്ച് എന്റെ കൈയ്യില്‍ തന്നു. ഞാന്‍ അത് അയാള്‍ക്ക് നല്‍കി. പിന്നീട് ഞങ്ങളെ ഗുഗുലേതുവിലേ്ക് കൊണ്ടുപോയി. അവിടെ നിന്നും രണ്ട് കറുത്ത ആളുകള്‍ കാറിന്റെ ഡോറില്‍ മുട്ടി. ഇതില്‍ ഒരാള്‍ ഡ്രൈവറുടെ അടുത്തുള്ള വാതിലിലും മറ്റേയാള്‍ യാത്രക്കാരിരിക്കുന്ന വാതിലിലൂടെയും അകത്തു കടന്നു. പിന്നീട് ഡ്രൈവര്‍ കാര്‍ വിട്ടത് വളരെ വേഗത്തിലാണ്. പിന്നീട് ഒരിടത്തു കാര്‍ നിര്‍ത്തി. കാറിലുണ്ടായിരുന്നവരില്‍ ഒരാള്‍ എന്നെ പുറത്തേക്കുവലിക്കാന്‍ ശ്രമിച്ചു. ഞാന്‍ ആനിയെയും എന്റെയൊപ്പം വലിച്ചു. എന്നാല്‍ മറ്റൊരാള്‍ അവളുടെ കൈ മുറുകെ പിടിച്ചു. പിന്നീട് കാര്‍ പറന്നു. പിന്നെ ഞാന്‍ കണ്ടത് കഴുത്തില്‍ വെടിയേറ്റ് മരിച്ച ആനിയെയായിരുന്നു’
തട്ടിക്കൊണ്ടുപോയ സംഘത്തിലുള്‍പ്പെട്ട സിവാമാഡോഡ ക്വെബിനെയും സോലൈല്‍ മെഗനിയെയും കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വിചാരണ ജൂണ്‍ ഒന്നിലേക്ക് നീട്ടിവച്ചു.
കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ ദിവാനി മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബ്രിസ്റ്റോളിലെ മെന്റല്‍ ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല