ഇതാ പരിസ്ഥിതി സംരക്ഷിയ്ക്കാന്‍ പുതിയ യജ്ഞം. സ്വന്തം ഭാര്യയെ എടുത്തുകൊണ്ട് 51 മീറ്റര്‍ ഓടുകയാണ് മത്സരം. പരിസ്ഥിതി സംരക്ഷണവും അതിലൂടെ മികച്ച ആരോഗ്യവുമാണ് ഈ മത്സരം തിരുവനന്തപുരത്ത് നടത്തിയ ഇക്കൊറണ്‍ എന്ന സംഘടന ലക്ഷ്യമിടുന്നത്.
2011 ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ശംഖുംമുഖത്താണ് ഇക്കൊറണ്‍ ഈ പുതുമയാര്‍ന്ന മത്സരം സംഘടിപ്പിച്ചത്. 35നും 45നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്‍മാര്‍ക്ക് ഭാര്യയുമൊത്ത് മത്സരിയ്ക്കാമെന്നായിരുന്നു നിബന്ധന.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആദ്യം ഒക്കെ ദമ്പതിമാര്‍ വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും തുടങ്ങാറായപ്പോള്‍ ഒട്ടേറെ പേര്‍ എത്തി. കാണാനായി അതിലേറെ പേര്‍. എല്ലാ പേര്‍ക്കും ആര്‍ത്ത് ചിരിയ്ക്കാന്‍ ഒരു അവസരം കൂടിയായി ഈ മത്സരം. ഭാര്യാസമേതം എന്നായിരുന്നു മത്സരത്തിന് പേരിട്ടിരുന്നത്.
ചിലര്‍ ഭാര്യയെ ചുമലില്‍ കയറ്റി. ചിലര്‍ തോളില്‍ കിടത്തി. മറ്റ് ചിലര്‍ പുറകില്‍ എടുത്തു. എന്തായാലും ആര്‍ക്കും വീണ് സാരമായ പരിക്കൊന്നും ഏറ്റില്ലെന്നത് ആശ്വാസം. മത്സരത്തിന് ഒന്നാം സമ്മാനം 10,000 രൂപയായിരുന്നു.
പരിസ്ഥിതിയും അതിലൂടെ ആരോഗ്യവും സംരക്ഷിയ്ക്കുന്നതിനായാണ് ഈ മത്സരം സംഘടിപ്പിയ്ക്കുന്നതെന്ന് ഇക്കൊറണ്‍ എന്ന സംഘടനയുടെ സ്ഥാപകനും യു എസില്‍ ഗണിത ശാസ്ത്രജ്ഞനുമായ ഡോ. ജോര്‍ജ് തോമസ് പറയുന്നു.
ഫിന്‍ലാണ്ടിലാണത്രെ ഈ മത്സരം ആദ്യം തുടങ്ങിയത്. ഇപ്പോള്‍ എസ്തോണിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും വ്യാപകമായി സംഘടിപ്പിയ്ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല