ലണ്ടന്‍: ഗര്‍ഭപാത്രമില്ലാതെ ജനിച്ച മകള്‍ അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ച് കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുന്നു. 25കാരിയായ സാറയാണ് തന്റെ അമ്മ എവാ ഒട്ടോസണ്‍(56) ന്റെ ഗര്‍ഭപാത്രം സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിനുള്ള സമ്മതപത്രം എവാ കഴിഞ്ഞദിവസം ഒപ്പിട്ടുനല്കി.
ബിസിനസുകാരിയായ എവാ ഇതിന് സമ്മതിച്ചതോടെ മകള്‍ക്ക് ഗര്‍ഭപാത്രം നല്‍കുന്ന ലോകത്തിലെ ആദ്യത്തെ അമ്മ അവരാകും. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയപ്രദമായാല്‍ താന്‍ ജനിച്ച അതേ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനു ജന്മം നല്കാനുള്ള അപൂര്‍വഭാഗ്യമാണു സാറായ്ക്കു കൈവരുന്നത്.
കാമുകനുമായി സാറായുടെ വിവാഹം നിശ്ചയിച്ചിരിക്കുകയുമാണ്. അടുത്ത വസന്തകാലത്തു സ്വീഡനിലെ ഗോതന്‍ബര്‍ഗിലുള്ള ആശുപത്രിയിലാണ് ഈ അവയവദാനം നടക്കുന്നത്. മകളുടെ വികാരം തനിക്കു മനസിലാകുമെന്നും ഗര്‍ഭപാത്രം വേണമെന്ന് അവള്‍ ആഗ്രഹിച്ചപ്പോള്‍ അതിനുള്ള ഏറ്റവും അനുയോജ്യയായ ദാതാവ് താന്‍ തന്നെയാണെന്നു തീരുമാനിക്കുകയായിരുന്നുവെന്നും എവാ പറഞ്ഞു.
ബ്രിട്ടനിലെ നോട്ടിംഗ്ഹാം സ്വദേശിനിയായ എവാ സ്വീഡനിലെ സ്റ്റോക്‌ഹോമിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സാറായാകട്ടെ സ്റ്റോക്‌ഹോമില്‍ ബയോളജി അധ്യാപികയാണ്. അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചു തനിക്ക് വേവലാതിയില്ലെന്ന് സാറാ പറഞ്ഞു. ഞാനൊരു ബയോളജി അധ്യാപികയാണ്. ഏതൊരു അവയവദാനംപോലെ മാത്രമേ ഇതിനെ ഞാന്‍ കാണുന്നുള്ളൂ. എന്നാല്‍ തന്റെ അമ്മ ഒരു വലിയ ഓപ്പറേഷന്‍ നേരിടേണ്ടിവരുമെന്ന ഭയം തന്നെ അലട്ടുണ്ടെന്ന് അവര്‍ തുറന്നു പറഞ്ഞു.
ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയയാണു നടത്തേണ്ടിവരികയെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കുന്ന മെഡിക്കല്‍ സംഘത്തിന്റെ മേധാവി ഡോ.മാറ്റ്‌സ് ബ്രാന്‍സ്‌ട്രോം പറഞ്ഞു.
വൃക്കയോ, കരളോ, ഹൃദയമോ മാറ്റിവയ്ക്കുന്നതിലും ഏറെ സങ്കീര്‍ണമാണു ഗര്‍ഭപാത്രം മാറ്റിവയ്ക്കലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുമുമ്പ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ നടന്നിട്ടുള്ളതു സൗദി അറേബ്യയിലാണ്. 2000ത്തിലായിരുന്നു ഇത്. രക്തസ്രാവത്തെത്തുടര്‍ന്നു ഗര്‍ഭപാത്രം നഷ്ടപ്പെട്ട 26കാരിയായ യുവതിക്ക് 46 കാരിയായ ബന്ധുവിന്റെ ഗര്‍ഭപാത്രമാണു മാറ്റിവച്ചത്.
എന്നാല്‍, കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് 99 ദിവസത്തിനുള്ളില്‍ ഈ യുവതിയില്‍ മാറ്റിവച്ച ഗര്‍ഭപാത്രം നീക്കം ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല