കരിയറിലെ ആദ്യത്തെ ഹിറ്റ് സിനിമയായ മാന്നാര്‍ മത്തായി സ്‍പീക്കിങിലേക്ക് മച്ചാന്‍ വര്‍ഗ്ഗീസ് എത്തിപ്പെട്ടതിനെപ്പറ്റി സിനിമാരംഗത്ത് രസകരമായൊരു കഥയുണ്ട്. റാംജിറാവുവിന്റെ രണ്ടാംഭാഗത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് സിദ്ദിഖായിരുന്നു. (ടൈറ്റിലില്‍ മാണി സി കാപ്പന്‍). ചിരിയുടെ വെടിക്കെട്ട് നിറഞ്ഞ സിനിമയില്‍ നാടകനടിയെ തേടിപ്പോകുന്ന രംഗത്തിലാണ് മച്ചാന്‍ വര്‍ഗ്ഗീസ് പ്രത്യക്ഷപ്പെടുന്നത്.
നായകനായ ഗോപാലകൃഷ്ണനും (മുകേഷ്), എല്‍ദോയും (കൊച്ചിന്‍ ഹനീഫ), ഗര്‍വാസീസ് ആശാനും(ജനാര്‍ദ്ദനന്‍) കൂട്ടരുമാണ് നടി ശകുന്തളയെ തേടിപ്പോകുന്നത്. യാത്രയ്ക്കിടെ സംഘത്തിനെ ഒരു നായ ഓടിച്ചിടുന്ന രംഗം ഇപ്പോഴും പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. ഈ രംഗത്തിലെ നായയാണ് മച്ചാന് ചാന്‍സ് ഒപ്പിച്ചതത്രേ.
സിനിമയുടെ തിരക്കഥയെഴുതിയ സിദ്ദിഖ് ചിരി പൊട്ടുന്ന ഈ രംഗത്തിന് വേണ്ടി നായയെ ആവശ്യമുണ്ടെന്ന് പലരോടും പറഞ്ഞിരുന്നു. അങ്ങനെ ആരോ പറഞ്ഞാണ് മച്ചാന്റെ വളര്‍ത്തുനായയായ പിങ്കിയെപ്പറ്റി സിദ്ദിഖ് അറിയുന്നത്. സിദ്ദിഖിന്റെ കാബൂളിവാലയിലും മച്ചാന്‍ ചെറുതായി മുഖം കാണിച്ചിരുന്നു.
എന്തായാലും പിങ്കിയെ സെറ്റിലെത്തിച്ച് ഷൂട്ടിങ് തുടങ്ങി. പക്ഷേ എന്ത് ചെയ്തിട്ടും നായ ഓടുന്നില്ല. ഒടുക്കം മച്ചാനെ തന്നെ സിദ്ദിഖ് ഓടിപ്പിച്ചു. യജമാനന്റെ പിന്നാലെ നായയും അനുസരണയോടെ ഓടി. മാന്നാര്‍ മത്തായിയലെ ഈ കോമഡി നന്പറിലൂടെയാണ് മലയാള സിനിമയിലെ തിരക്കേറിയ ഓട്ടം മച്ചാന്‍ ആരംഭിച്ചത്. ഇക്കഥയെപ്പറ്റി മച്ചാന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
തെങ്കാശിപ്പട്ടണത്തിലെ കറവക്കാരനായും മീശമാധവനിലെ പോസ്റ്റ്മാനായും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്പോഴും മച്ചാന്റെ വേദനയുള്ള മുഖം അധികമാരും അറിഞ്ഞിരുന്നില്ല. സിനിമയിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പാടുപെടുന്പോഴാണ് അര്‍ബുദത്തിന്റെ രൂപത്തില്‍ ദുരന്തം മച്ചാനെ തേടിയെത്തുന്നത്.
ഷൂട്ടിങ് സെറ്റുകളില്‍ വെച്ച് രോഗം ഗുരുതരമാവുന്പോള്‍ പലപ്പോഴും ആശുപത്രികളില്‍ ചികിത്സയ്ക്കായി അദ്ദേഹത്തെകൊണ്ടുപോയിരുന്നു. ആയുസ്സ് എത്ര ബാക്കിയുണ്ടെന്നറിയില്ലെങ്കിലും മക്കളെ ഒരു നിലയിലാക്കുന്നതു വരെയെങ്കിലും ജീവിച്ചല്ലേ പറ്റൂവെന്നായിരുന്നു മച്ചാന്‍ അന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. വേദന ബാക്കിയാവുന്ന റേഡിയേഷന്‍ ചികിത്സയിലൂടെയാണ് മച്ചാന്‍ കുറെക്കാലത്തേക്കെങ്കിലും രോഗത്തെ അകറ്റിനിര്‍ത്തിയത്.
ഗുരുതരമായ രോഗം നടന്റെ കരിയറില്‍ അവസരങ്ങളും കുറച്ചു. കോഴിക്കോട് കഴിഞ്ഞദിവസം രോഗം ഗുരുതരമായപ്പോള്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ മച്ചാനെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ ചിരിയുടെ ഒരുപിടി നല്ല ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി മച്ചാന്‍ യാത്രയായിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല