മണല്‍മാഫിയ എന്നാല്‍ എന്താണ്? ടിപ്പര്‍ ലോറിയില്‍ മണല്‍നിറച്ച് ചീറിപ്പായുന്ന ഡ്രൈവറും ലോറിയുടെ ഉടമയും എന്നാകും നിങ്ങളുടെ ഉത്തരം. അതുമാത്രമാണോ സത്യം?
നോക്കൂകൂലി മുതല്‍ മദ്യവും മദിരാശിയും വരെ അഴിമതിയുടെ ഭാഗമായി അരങ്ങു തകര്‍ക്കുന്ന ഭാരതപ്പുഴയുടെ കടവുകളിലെ ഇടപാടുകള്‍ പുറം ലോകം അറിയേണ്ടിയിരിക്കുന്നു.
പാലക്കാട് ജില്ലയിലെ പട്ടിത്തറ മുതല്‍ ഒറ്റപ്പാലം വരെയുള്ള മണല്‍ കടവുകളിലാണ് കൊള്ള നടക്കുന്നത്. താലൂക്ക് ഓഫീസുകള്‍ വഴി ആവശ്യക്കാര്‍ 2400 രൂപ നല്‍കി വാങ്ങുന്ന മണല്‍പാസുകളുമായി എത്തിയാല്‍ പണമൊന്നും വാങ്ങാതെ മണല്‍ കയറ്റിക്കൊടുക്കണമെന്നാണ് ചട്ടം.
ഒരു ലോഡ് മണല്‍ കയറ്റാന്‍ ചുമട്ടുതൊഴിലാളിക്ക് നല്‍കേണ്ട ആയിരത്തി അഞ്ഞൂറ് രൂപയും മണല്‍പാസിനായി അടക്കുന്ന 2400 രൂപയില്‍ ഉള്‍പ്പെടും. ഈ പണം ചുമട്ടുതൊഴിലാളികള്‍ക്ക് ബാങ്ക് വഴി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ സംഭവിക്കുന്നത് അതിവിചിത്രമാണ്. പട്ടിത്തറ പഞ്ചായത്തിലെ അമ്പലക്കടവ് ഉദാഹരണം.
പാസുമായി ലോറിക്കാര്‍ എത്തിയാല്‍ ചുമട്ടുതൊഴിലാളികള്‍ മണല്‍കയറ്റിത്തരും. ലോഡൊന്നിന് അയ്യായിരം രൂപ വെച്ച് നല്‍കണമെന്ന് മാത്രം.
ദിവസം 25 ലോഡ് മണല്‍ മാത്രമേ ഇവിടെ നിന്ന് കയറ്റാന്‍ പാടുള്ളൂ എന്നാണ് നിയമം. എന്നാല്‍ 250 ല്‍ കുറയാത്ത ലോഡ് മണല്‍ ഇവിടെ നിന്നും അനധികൃതമായി ചുമട്ടുതൊഴിലാളികള്‍ വില്‍ക്കുന്നു.
അതായത് പതിനാല് ലക്ഷം രൂപയില്‍ കുറയാതെ പട്ടിത്തറ കടവില്‍ നിന്നും ചുമട്ടുതൊഴിലാളികള്‍ മാത്രം അനധികൃതമായി കൊണ്ടുപോകുന്നു. മലയാളത്തില്‍ പറഞ്ഞാല്‍ കൊള്ളമുതല്‍.
പാസ് പരിശോധിക്കുന്ന പഞ്ചായത്തിലെ ഉദ്യോഗസ്ഥന് ഒരു ലോഡ് മണലിന് അഞ്ഞൂറ് രൂപയാണ് കൈക്കൂലി. ഇദ്ദേഹത്തിന്റെ വരുമാനം ദിവസം അമ്പതിനായിരത്തില്‍ കുറയില്ല.
തൃത്താല, പട്ടാമ്പി പോലീസ് സ്‌റ്റേഷനുകളിലെ കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് വേണ്ടത്ര പണം പല രീതിയില്‍ മണലുമായി ബന്ധപ്പെട്ട് ലഭിക്കുന്നുണ്ട്.
…..
ചുമട്ടുതൊഴിലാളിക്ക് വന്ന മാറ്റം
പോലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ നില്‍ക്കുന്നവര്‍ ( എസ്‌കോര്‍ട്ട് എന്നാണ് ഇവരെ വിളിക്കുന്നത്).
മണല്‍കടവിലെ ചുമട്ടുതൊഴിലാളി മാസം മൂന്ന് ലക്ഷത്തോളം രൂപ സമ്പാദിക്കുന്നവനാണ്.
പട്ടിത്തറ മേഖലയിലെ ഇരുനൂറിലധികം വരുന്ന ചുമട്ടുതൊഴിലാളികളുടെ സ്വത്തിനെ കുറിച്ച് അന്വേഷിച്ചാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. അഞ്ചും ആറും ടിപ്പര്‍ ലോറികളുടെ ഉടമകളാണ് പലരും.
കാറില്‍ ഡ്രൈവറെ വെച്ചാണ് പലരും ജോലിക്ക് വരുന്നത്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് , യൂണിയനുകളില്‍ പെട്ടവരാണ് മാഫിയകളെ പോലെ പ്രവര്‍ത്തിക്കുന്ന ഈ ചുമട്ടുതൊഴിലാളികള്‍.
ചുമട്ടുതൊഴിലാളികള്‍ക്ക് മദ്യവും മദിരാശിയും
മണല്‍കടവുകളിലെ നിയമം നടപ്പാക്കുന്നത് ചുമട്ടുതൊഴിലാളികളാണ്. അല്ലെങ്കില്‍ അവരുടെ നേതാക്കളാണ്. അവര്‍ പറയുന്നവര്‍ക്ക് മാത്രമേ മണല്‍ കിട്ടൂ. ഇല്ലാത്തവര്‍ക്ക് മണല്‍ കിട്ടില്ല.
പട്ടിത്തറയിലെ ചുമട്ടുതൊഴിലാളികളെ സ്വാധീനിച്ച് മണല്‍ സംഘടിപ്പിക്കുന്ന മണല്‍കടത്ത് ലോബിയുടെ ഇടപെടല്‍ ശക്തമാണ്.
ചുമട്ടുതൊഴിലാളി യൂണിയനുകളുടെ നേതാക്കളെ പലതും നല്‍കി ഇവര്‍ സ്വാധീനിക്കുന്നുണ്ട്.
പോരാത്തതിന് ചുമട്ടുതൊഴിലാളികള്‍ക്ക് മദ്യവും മദിരാശിയും നല്‍കി കൂറ് സമ്പാദിക്കും.
എന്തുകൊണ്ട് ഇങ്ങനെ?
മണലിന്റെ ആവശ്യവും ലഭ്യതയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ആവശ്യക്കാരന്‍ നിയമപ്രകാരം അപേക്ഷ നല്‍കി മണല്‍വാങ്ങാന്‍ പലപ്പോഴും തയ്യാറല്ല. ലോറിക്കാരെ സമീപിച്ച് മണല്‍ ആവശ്യപ്പെടുന്നതാണ് രീതി. നിലവില്‍ ലോറിക്കാര്‍ക്ക് മണല്‍പാസ് നല്‍കുന്നില്ല. വീട് വെക്കുന്നവര്‍ നിശ്ചിത രേഖകളോടെ അപേക്ഷിക്കുന്ന പക്ഷം മുന്‍ഗണനാക്രമം അനുസരിച്ച് പാസ് കിട്ടും. അത് വളരെ പരിമിതമാണ്.
ഈ സാഹചര്യത്തില്‍ ഒരു കൂട്ടര്‍ വ്യാജരേഖകളുടെ സഹായത്തോടെ പാസ് സംഘടിപ്പിക്കും. ഇത് പതിനായിരം രൂപയില്‍ കുറയാത്ത തുകക്ക് ലോറിക്കാര്‍ക്ക് വില്‍ക്കും.
ഒരു പാസിന്റെ ബലത്തില്‍ രണ്ടോ അതിലധികമോ ( ചുമട്ടുതൊഴിലാളി കനിയുന്നത് പോലെ) ലോഡ് മണല്‍! എടുക്കും.
ഒരു പാസില്‍ ഒരു ലോഡ് എടുത്താല്‍ ലോറിക്കാര്‍ക്ക് മുതലാകില്ല( ചുമട്ടുതൊഴിലാളി, പോലീസ്, റവന്യൂ, മറ്റു പിരിവുകാര്‍ ഇവര്‍ക്കെല്ലാം നല്‍കിയിട്ട് വേണം മണല്‍ സൈറ്റിലെത്തിക്കാന്‍). അധികം എടുക്കണമെങ്കില്‍ ചുമട്ടുതൊഴിലാളികള്‍ കനിയണം. അവര്‍ കനിഞ്ഞില്ലെങ്കില്‍ നഷ്ടക്കച്ചവടമാകും. അപ്പോള്‍ ചുമട്ടുതൊഴിലാളിക്കുള്ള കൈക്കൂലി അവര്‍ കണ്ണടച്ച് നല്‍കുന്നു.
തൃത്താല, കുന്നംകുളം പോലീസിന്റെ മാഫിയാ ബന്ധം
കേരളത്തില്‍ മണല്‍കടത്ത് മൂലം ഏറ്റവുമധികം പണം വാരുന്നത് തൃത്താല, കുന്നംകുളം സ്‌റ്റേഷനുകളിലെ പോലീസുകാരാണ്. മണല്‍ലോറികള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്ന ബൈക്കുകാരാണ് പോലീസുകാര്‍ക്കുള്ള കൈക്കൂലി എത്തിക്കുന്നത്.
കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ഉന്നതന്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെ ഇത് വാങ്ങുന്നുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ബൈക്കില്‍ ചുറ്റി സഞ്ചരിച്ച് മണല്‍ ലോറിക്കാരില്‍ നിന്ന് പിരിക്കുന്ന പോലീസുകാര്‍ കുന്നംകുളത്തുണ്ട്.
തൃത്താല പോലീസ് സ്‌റ്റേഷന്‍ ആര്‍ത്തിപ്പണ്ടാരങ്ങളായ പോലീസുകാരുടെ കൂടാരമാണ്. അവിടേക്ക് ട്രാന്‍സ്ഫര്‍ കിട്ടാന്‍ ചാത്തന്‍ സേവ നടത്തുന്ന പോലീസുകാര്‍ പോലുമുണ്ട്.
മണല്‍ അഴിമതിയുടെ പങ്ക് വളരെ! മുകളിലേക്ക് വരെ എത്തുന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഈ മാഫിയയുടെ നിലനില്‍പിന് ഭംഗങ്ങളൊന്നും വരുന്നേയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല