1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2011

സഭകളും സമുദായങ്ങളും വിധിനിര്‍ണയിക്കുന്ന ജില്ല. അതാണ്‌ കോട്ടയം. ഇവിടുത്തെ വിജയപരാജയങ്ങള്‍ ചിലരുടെയൊക്കെ അഭിമാനപ്രശ്‌നമാണ്‌. സീറ്റുകളുടെ എണ്ണംപോലും ശക്തിയുടെ മാനദണ്ഡമായി കരുതുമ്പോള്‍ പ്രത്യേകിച്ചും. വലതുരാഷ്ട്രീയത്തിലെ അഭിനവചാണക്യനായ കെ.എം. മാണിയുടെ സ്വന്തം തട്ടകം. പിളരുംതോറും വളരുന്ന പാര്‍ട്ടിയെന്ന്‌ കെ.എം മാണിതന്നെ വിശേഷിപ്പിച്ച കേരള കോണ്‍ഗ്രസ്‌ ലയിക്കുന്തോറും വളരുമോ അതോ തളരുമോ എന്നറിയാനുള്ള ലിറ്റ്‌മസ്‌ ടെസ്‌റ്റുകൂടിയാണ്‌ ഈ തിരഞ്ഞെടുപ്പില്‍ കോട്ടയം കാഴ്‌ചവയ്‌ക്കുന്നത്‌.

കോട്ടയം ജില്ലയില്‍ മൊത്തം ഒന്‍പത് മണ്ഡലങ്ങളാണുള്ളത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, പാല, കടുത്തുരുത്തി, വൈക്കം. വാഴൂര്‍ മണ്ഡലം ഇല്ലാതായി. വൈക്കമാണ് സംവരണ മണ്ഡലം

പുതുപ്പള്ളി

ഉമ്മന്‍ചാണ്ടിയുടെ സ്വന്തം മണ്ഡലം. 1970 മുതല്‍ ഉമ്മന്‍ചാണ്ടിയാണ് മണ്ഡലത്തിന്റെ പ്രതിനിധി. കഴിഞ്ഞ തവണത്തേത് തുടര്‍ച്ചയായ ഒന്‍പതാമത്തെ ജയമായിരുന്നു. മണ്ഡലത്തില്‍ നിന്ന് രണ്ടു പഞ്ചായത്ത് വിട്ടുപോവുകയും രണ്ടു പഞ്ചായത്തുകള്‍ അധികമായി ലഭിക്കുകയും ചെയ്തു. അയര്‍ക്കുന്നം, മണര്‍കാട്, കൂരോപ്പട, മീനടം, പാമ്പാടി, പുതുപ്പള്ളി, കോട്ടയം താലൂക്കിലെ അകലക്കുന്നം, ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം പഞ്ചായത്ത് ഉള്‍പ്പെട്ടതാണ് പുതിയ മണ്ഡലം. വാകത്താനവും മണര്‍കാടുമാണ് പുതിയതായി ചേര്‍ന്നത്. പുതുപ്പള്ളിക്കൊപ്പമായിരുന്ന പനച്ചിക്കാട് കോട്ടയത്തേക്കും പളളിക്കത്തോട് കാഞ്ഞിരപ്പള്ളിയിലേക്കും കൂടുമാറി. ഈ പഞ്ചായത്തുകളിലെല്ലാം യു.ഡി.എഫ് ഭരണമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെയായിരുന്നു യു.ഡി. എഫിന്റെ ഭൂരിപക്ഷം.

പാല

കെ.എം. മാണിയുടെ സ്വന്തം തട്ടകം. 1965ല്‍ മണ്ഡലം രൂപവത്കരിച്ചത് മുതല്‍ മാണി മാത്രമേ ഇവിടെ വിജയിച്ചിട്ടുള്ളൂ. ഇതില്‍ മൂന്നു തവണ മാത്രമാണ് മാണിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയായത്. നാലു പഞ്ചായത്ത് വിട്ടുകൊടുക്കുകയും ആറ് പഞ്ചായത്തുകള്‍ ലഭിക്കുകയും ചെയ്തു. പാല മുനിസിപ്പാലിറ്റിയും 12 പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. ഭരണങ്ങാനം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം,പഞ്ചായത്തുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലായിരുന്നു. പാലായുടെ ഭാഗമായിരുന്ന കടപ്ലാമറ്റം, മരങ്ങാട്ടുപളളി, ഉഴവൂര്‍, വെളിയന്നൂര്‍, എന്നിവ കടുത്തുരുത്തി മണ്ഡലത്തിനൊപ്പമായി. ഇതില്‍ പാലാ നഗരസഭയും മേലുകാവ് ഒഴികെയുളള പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. മേലുകാവില്‍ യു.ഡി.എഫിനാണ് ഭൂരിപക്ഷമെങ്കിലും കളം മാറ്റിച്ചവിട്ടിയ കോണ്‍ഗ്രസ് ഇടതുപക്ഷ സ്വതന്ത്രയെ പിന്തുണയ്ക്കുകയായിരുന്നു.

കടുത്തുരുത്തി

കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള മത്സരത്തിനു പേരുകേട്ട മണ്ഡലം. ഒരു പഞ്ചായത്ത് നഷ്ടപ്പെട്ട് പകരം നാല് പഞ്ചായത്ത് കൂട്ടിച്ചേര്‍ത്തതാണ് പുതിയ കടുത്തുരുത്തി മണ്ഡലം. കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍, മാഞ്ഞൂര്‍, കുറവിലങ്ങാട്, മരങ്ങാട്ടപിള്ളി, വെളിയന്നൂര്‍, കാണക്കാരി, കടപ്ലാമറ്റം, ഉഴവൂര്‍, കിടങ്ങൂര്‍ പഞ്ചായത്തുകളാണ് മണ്ഡലത്തലുള്ളത്. കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍ പുതിയതായി വന്നപ്പോള്‍ കല്ലറ, വൈക്കം പഞ്ചായത്തുകളാണ് പുതിയതായി വന്നത്. ഒ. ലൂക്കോസ് മൂന്നു തവണയും എം.സി. എബ്രഹാം, പി.സി.തോമസ് എന്നിവര്‍ രണ്ടു തവണ വീതവും ജയിച്ചു. മോന്‍സ് ജോസഫ് മണ്ഡലത്തെ പ്രതിനിധീകരിച്ച് മന്ത്രിയായി.

ഏറ്റുമാനൂര്‍


പ്രമുഖരെ വാഴ്ത്തുകയും വീഴ്ത്തുകയും ചെയ്ത മണ്ഡലം. പുനര്‍നിര്‍ണയം ഏറെ മാറ്റം വരുത്തി. കോട്ടയം, താലൂക്കിലെ അയ്മനം, കുമരകം, തിരുവാര്‍പ്പ്, അതിരമ്പുഴ, ആര്‍പ്പൂക്കര, ഏറ്റുമാനൂര്‍, നീണ്ടൂര്‍ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളാണ് ഏറ്റുമാനൂരിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കുമാരനല്ലൂര്‍ ഇപ്പോള്‍ കോട്ടയം മണ്ഡലത്തിന്റെ ഭാഗമാണ്. 1991 മുതല്‍ കേരള കോണ്‍ഗ്രസ്സിന്റെ കുത്തക മണ്ഡലമാണ്. അയ്മനം, ഏറ്റുമാനൂര്‍, നീണ്ടൂര്‍, അതിരമ്പുഴ, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ യു.ഡി.എഫും കുമരകം, ആര്‍പ്പൂക്കര പഞ്ചായത്തുകള്‍ എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ലീഡ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞു. 1991ല്‍ പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച ബാബു ചാഴിക്കാടന്‍ ഇപ്പോഴും മണ്ഡലത്തിന്റെ സ്മരണയിലുണ്ട്. കഴിഞ്ഞ നാലു തവണയായി ബാബുവിന്റെ സഹോദരന്‍ തോമസ് ചാഴിക്കാടനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. വൈക്കം വിശ്വന്‍ ഇവിടെ ഒരു തവണ വിജയിക്കുകയും മൂന്നു തവണ തോല്‍ക്കുകയും ചെയ്തു.

പൂഞ്ഞാര്‍

കേരള കോണ്‍ഗ്രസുകളുടെ ശക്തികേന്ദ്രം. പുതിയ മണ്ഡലം കാഞ്ഞിരപ്പള്ളിയില്‍നിന്ന് നാലു പഞ്ചായത്തുകള്‍ ചേര്‍ക്കുകയും ആറു പഞ്ചായത്തുകള്‍ വിട്ടുകൊടുക്കുകയും ചെയ്തു. എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, പാറത്തോട്, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് പഞ്ചായത്തുകളാണ് ഇപ്പോള്‍ മണ്ഡലത്തിലുള്ളത്. പൂഞ്ഞാര്‍ ഒഴികെ ബാക്കി 9 പഞ്ചായത്തിലും ഭരണം യു.ഡി.എഫിനാണ്. പി.സി. ജോര്‍ജ് തുടര്‍ച്ചയായി അഞ്ചു തവണയാണ് ഇവിടെ നിന്നു ജയിച്ചത്. ഇതില്‍ മൂന്നെണ്ണം തുടര്‍ച്ചയായ വിജയങ്ങളായിരുന്നു.

വൈക്കം

കോട്ടയം ജില്ലയിലെ ഏക സംവരണ മണ്ഡലം. പുനര്‍നിര്‍ണയത്തില്‍ ഒരു പഞ്ചായത്ത് അധികമായി ലഭിച്ചു. വൈക്കം മുനിസിപ്പാലിറ്റി, ചെമ്പ്, മറവന്‍തുരുത്ത്, ടി.വി. പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, കല്ലറ, വെള്ളൂര്‍, വെച്ചൂര്‍ പഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. കടുത്തുരുത്തി മണ്ഡലത്തിലെ കല്ലറയാണ് പുതിയതായി എത്തിയത്. ഉറച്ച ഇടതു കോട്ടയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പക്ഷേ, യു.ഡി.എഫ് മേല്‍ക്കൈ നേടി. വൈക്കം മുനിസിപ്പാലിറ്റി, ടി.വി. പുരം, കല്ലറ, വെള്ളൂര്‍, മറവന്തുരുത്ത്, ചെമ്പ് പഞ്ചായത്തുകള്‍ യു.ഡി.എഫും വെച്ചൂര്‍, തലയാഴം, ഉദയനാപുരം, തലയോലപ്പറമ്പ് പഞ്ചായത്തുകള്‍ എല്‍ .ഡി.എഫുമാണ് ഭരിക്കുന്നത്. സി.പി.ഐ ഇവിടെ പത്തു തവണ ജയിച്ചു. എം.കെ.കേശവന്‍ നാലു തവണയും പി.എസ്. ശ്രീനിവാസന്‍ മൂന്നു തവണയും വിജയിച്ചു

ചങ്ങനാശ്ശേരി

സമദൂര സിദ്ധാന്തത്തിന്റെയും ഇടയലേഖനങ്ങളുടെയും മണ്ഡലം. പുനര്‍നിര്‍ണയത്തില്‍ കാര്യമായ മാറ്റങ്ങളില്ല. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളും ചേര്‍ന്നതാണ് പുതിയ മണ്ഡലം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എം. നേട്ടമുണ്ടാക്കിയ ഏക മണ്ഡലമാണിത്. കുറിച്ചിയിലും തൃക്കൊടിത്താനത്തും പായിപ്പാട്ടും എല്‍.ഡി.എഫ് ഭരണമാണ്. വാഴപ്പള്ളിയും മാടപ്പള്ളിയും യു.ഡി.എഫാണ് ഭരിക്കുന്നത്. 30 വര്‍ഷമായി കേരള കോണ്‍ഗ്രസ്-എമ്മിലെ സി.എഫ്. തോമസാണ് പ്രതിനിധി. കെ.ജെ. ചാക്കോ മൂന്നു തവണ വിജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് ചങ്ങനാശ്ശേരി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടം പക്ഷേ, എല്‍ .ഡി.എഫിനായിരുന്നു. സാമൂദായിക വിഭാഗങ്ങള്‍ക്ക് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്.

കാഞ്ഞിരപ്പള്ളി

പഴയ വാഴൂര്‍ മണ്ഡലത്തിലെ ഭാഗങ്ങള്‍ ചേന്നതാണ് പുതിയ കാഞ്ഞിരപ്പള്ളി. വാഴൂര്‍ മണ്ഡലത്തിലെ ചിറക്കടവ്, കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം, വാഴൂര്‍, വെള്ളാവൂര്‍ പഞ്ചായത്തുകളാണ് കാഞ്ഞിരപ്പള്ളിയില്‍ ചേര്‍ത്തത്. കാഞ്ഞിരപ്പള്ളി, മണിമല, പള്ളിക്കത്തോട് എന്നിവയാണ് മണ്ഡലത്തിലുള്ള മറ്റ് പഞ്ചായത്തുകള്‍. കറുകച്ചാല്‍, ചിറക്കടവ് പഞ്ചായത്തുകളൊഴികെ ബാക്കി ഏഴു പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടിനാണ് എല്‍ .ഡി.എഫ് ഇവിടെ വിജയിച്ചത്. എന്നാല്‍, യു.ഡി.എഫ് ഇവിടെ പത്തു തവണ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ജോര്‍ജ് ജെ. മാത്യു തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ചിട്ടുണ്ട്.

കോട്ടയം

കേരള കോണ്‍ഗ്രസുകളുടെ ഈറ്റില്ലത്തിലെ ഇടതു കോട്ടകളില്‍ ഒന്ന്. പതിനൊന്ന് തവണയാണ് ഇടതുമുന്നണിയെ പുല്‍കിയത്. കോണ്‍ഗ്രസ് ജയിച്ചതാകട്ടെ മൂന്നു തവണ മാത്രം. സി.പി.എമ്മിന്റെ ടി.കെ.രാമകൃഷ്ണന്‍ തുടര്‍ച്ചായ മൂന്നു തവണയും എം.കെ.ജോര്‍ജ് രണ്ടു തവണയും ജയിച്ചു. എം.പി. ഗോവിന്ദന്‍ നായര്‍, ടി.കെ. രാമകൃഷ്ണന്‍, എന്‍. ശ്രീനിവാസന്‍ എന്നിവരാണ് മണ്ഡലം സംഭാവന ചെയ്ത മന്ത്രിമാര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചെറിയാന്‍ ഫിലിപ്പും മോഹന്‍ശങ്കറുമെല്ലാം ഇവിടെ മത്സരിച്ചു തോറ്റിട്ടുണ്ട്. കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും ചേര്‍ന്നതാണ് കോട്ടയം അസംബ്ലി മണ്ഡലം. കുമാരനല്ലൂര്‍, നാട്ടകം പഞ്ചായത്തുകള്‍ കോട്ടയം നഗരസഭയുടെ ഭാഗമായി. കോട്ടയത്തോടൊപ്പമായിരുന്ന തിരുവാര്‍പ്പും ഏറ്റുമാനൂരിലേക്ക് ചേര്‍ന്നപ്പോള്‍ മണര്‍കാട് പുതുപ്പളളിയുടെ ഭാഗമായി. പുതുപ്പളളി മണ്ഡലത്തിലായിരുന്ന പനച്ചിക്കാട് കോട്ടയത്തേക്ക് വരികയും ചെയ്തു. കോട്ടയം നഗരസഭയിലും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് കാര്യമായ മുന്‍തൂക്കം ലഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.