ദേഗു (ദക്ഷിണ കൊറിയ): ലോക റെക്കോര്‍ഡുകാരന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ കടുത്ത പോരാട്ടത്തിന് സാധ്യത കല്‍പിച്ചിരുന്ന ലോക് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് പൊലിമ കുറഞ്ഞു. നാളെ ആരംഭിക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടമായ പുരുഷവിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ നിന്നും മുന്‍ ലോകറെക്കോഡുകാരന്‍ ജമൈക്കയുടെ അസാഫ പവല്‍ പിന്‍മറിയതോടെയാണിത്.
ലോകചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങാനിരിക്കെ പവലിന്റെ പൊടുന്നനെയുള്ള പിന്മാറ്റം അത്‌ലറ്റിക് വൃത്തങ്ങളില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്. ജമൈക്കന്‍ സംഘത്തിലെ 100, 200 മീറ്റര്‍ ലോകചാമ്പ്യനും ഇരട്ട ലോകറെക്കോഡിനുടമയുമായ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടെ പല അംഗങ്ങളും പവലിന്റെ പിന്മാറ്റം അറിഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ്. വാര്‍ത്താസമ്മേളനത്തിനിടെ ടീമംഗം മൈക്കല്‍ ഫ്രേറ്ററാണ് പവല്‍ എത്തില്ലെന്ന വിവരം പുറത്തുവിട്ടത്. പവലിന്റെ പകരക്കാരനായി 100 മീറ്ററില്‍ മത്സരിക്കാന്‍ ടീം മാനേജുമെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫ്രേറ്റര്‍ വെളിപ്പെടുത്തി. 100 മീറ്ററില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം (9.78 സെക്കന്‍ഡ്) കുറിച്ച പവലായിരിക്കും ദേഗുവില്‍ ബോള്‍ട്ടിന്റെ മുഖ്യ എതിരാളി എന്നാണ് കരുതപ്പെട്ടിരുന്നത്.
ലണ്ടന്‍ ഡയമണ്ട് ലീഗില്‍ നിന്നു വിട്ടുനിന്ന അസഫ ലോകചാംപ്യന്‍ഷിപ്പിനായി ദേഗുവില്‍ എത്തിയിരുന്നെങ്കിലും മല്‍സരിക്കേണ്ടെന്ന് ഇന്നലെ തീരുമാനിക്കുകയായിരുന്നു. പേശീവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പിന്മാറ്റമെന്ന് പവലിന്റെ ഏജന്റ് വ്യക്തമാക്കി. അവസാനദിവസം നടക്കുന്ന 4X100 മീറ്റര്‍ റിലേയില്‍ പവല്‍ മത്സരിച്ചേക്കും. ജമൈക്കന്‍ ടീം ക്യാപ്റ്റന്‍ ഗ്രേസ് ജാക്‌സണ്‍ പവല്‍ വരില്ലെന്ന കാര്യം സ്ഥിരീകരിച്ചില്ല.
ബോള്‍ട്ടിനെ അസഫ തോല്‍പ്പിക്കുമെന്നായിരുന്നു വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഒളിംപിക്, ലോക ചാംപ്യനായ ബോള്‍ട്ട് ഈ വര്‍ഷം ഇതുവരെ മികച്ച ഫോമില്‍ എത്തിയിരുന്നില്ല. ബോള്‍ട്ടിനെ കാണാനും അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ആരായാനും എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ പവല്‍ എത്തില്ലെന്നറിഞ്ഞതോടെ അതേക്കുറിച്ചു മാത്രമായി ചോദ്യം. പവല്‍ പിന്മാറ്റത്തിലൂടെ ബോള്‍ട്ടിനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭനാക്കി. പ്രമുഖരായ ഒട്ടേറെപ്പേര്‍ വിട്ടു നില്‍ക്കുമ്പോഴും ട്രിനിഡാഡിന്റെ ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് റിച്ചാര്‍ഡ് തോംപ്‌സണ്‍, ജമൈക്കന്‍ മൈക്കല്‍ ഫ്രേറ്റര്‍, യുഎസിന്റെ ഒളിംപിക് വെങ്കലമെഡല്‍ ജേതാവ് വാള്‍ട്ടര്‍ ഡിക്‌സ് തുടങ്ങിയവര്‍ ബോള്‍ട്ടിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തും.
2009 ബെര്‍ലിന്‍ ചാംപ്യന്‍ഷിപ്പില്‍ ബോള്‍ട്ടിനായിരുന്നു സ്വര്‍ണം. വെള്ളി നേടിയ അമേരിക്കന്‍ താരം ടൈസന്‍ ഗേ പരുക്കുകളെത്തുടര്‍ന്ന് ടീമില്‍ ഇടം കണ്ടെത്തിയില്ല. ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ മറ്റ് രണ്ടു ടോപ് സ്പ്രിന്റര്‍മാരായ ജമൈക്കയുടെ സ്റ്റീവ് മുള്ളിങ്‌സും അമേരിക്കയുടെ മൈക് റോഡ്‌ജേഴ്‌സും മല്‍സരിക്കുന്നതിനു വിലക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല