കേരളത്തില്‍ ഈ പുതുവര്‍ഷത്തില്‍ ചൂടുപിടിച്ചുനില്‍ക്കുന്ന വിഷയമേതെന്നു ചോദിച്ചാല്‍ പലരും പലതാകും മറുപടി പറയുക. സവാളയ്‌ക്കും തക്കാളിക്കും തേങ്ങയ്‌ക്കുമെല്ലാം വില കൂടി നില്‍ക്കുന്നതും റേഷന്‍ പഞ്ചസാരയുടെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതും മന്ത്രി തോമസ് ഇടപെട്ട് അത് പുനസ്ഥാപിച്ചതും പെട്രോള്‍ വില വര്‍ധനവും തദ്വാര ഓട്ടോ ടാക്‌സി പിടിച്ചുപറിക്കൂലി കൂട്ടിയതും ഒക്കെ കേരളത്തില്‍ വിഷയങ്ങളാണ്. പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി കുടിച്ചുകൂത്താടുന്നവരെ ക്രമസമാധാനത്തിന്റെ ഭാഗമായി പൊലീസ് പിടിച്ച് അകത്തിടുമെന്ന മുന്നറിയിപ്പും ഒരു പ്രധാന ചര്‍ച്ചാവിഷയം തന്നെ.
പക്ഷെ, സി.പി.എം – കോണ്‍ഗ്രസ് പാര്‍ട്ടികള്‍തമ്മില്‍ പ്രധാന അഭിപ്രായ വ്യത്യാസം ഏതു കാര്യത്തിലാണെന്നു ചോദിച്ചാല്‍ അത് ലോട്ടറിയിലല്ല എന്നു പറയേണ്ട അവസ്ഥയാണ്. കാരണം ഈ വിഷയം കേരളസര്‍ക്കാരിന്റെ ഖജനാവിനെ നേരിട്ടു ബാധിക്കുന്നതും പാര്‍ട്ടികളുടെ പോളിസികളുടെ ഭാഗവും സര്‍വ്വോപരി ജനത്തിന്റെ ആരോഗ്യപ്രശ്‌നവും കൂടിയാണ്.
വിഷയം നമ്മുടെ മദ്യമാണ് (മദ്യപാനശീലമല്ല). മദ്യം കുടിക്കുന്ന ഡിഫിക്കാരെ കയ്യോടെ പൊക്കാന്‍ സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിട്ട് അധികം നാളായില്ല. ബാറിന്റെ മുന്നിലൂടെ പിരിവിനല്ലാതെ മറ്റെന്തെങ്കിലും ദുരുദ്ദേശ്യത്തോടെ പോകുന്ന ഡിഫിക്കാരെയെങ്ങാന്‍ കണ്ടാല്‍ അവരെ പിന്നെ പാര്‍ട്ടിയുടെ പടിക്കകത്തു കയറ്റില്ലെന്നായിരുന്നു പിണറായി സഖാവിന്റെ മുന്നറിയിപ്പ്.
എന്തായാലും അധികം വൈകാതെ സെക്രട്ടറി സഖാവിനു പിന്തുണയുമായി ആരോഗ്യമന്ത്രിതന്നെ രംഗത്തെത്തി. അത് പക്ഷെ അല്‍പം കടന്നുപോയെന്നു മാത്രം. നിയമസഭാസാമാജികരായ തന്റെ പല സഹപ്രവര്‍ത്തകരും രാവിലെ സഭയില്‍ വരുമ്പോള്‍തന്നെ ‘ഊതിക്കേ’ എന്നും പറഞ്ഞ് മുന്നില്‍പോയി നിന്നിട്ടുണ്ടെന്ന രീതിയിലാണ് ശ്രീമതി മന്ത്രി മദ്യവിപത്തിനെതിരെ പ്രതികരിച്ചത്. സാമാജികരില്‍ പലരും മദ്യപിച്ചാണ് സഭയില്‍ വരുന്നതെന്ന പ്രസ്‌താവന പക്ഷേ വെള്ളം തൊടാതെ ഗുളിക വിഴുങ്ങുംപോലെ മന്ത്രിക്കു വിഴുങ്ങേണ്ടി വന്നു.
പിണറായി പറയുന്നതിനു വിരുദ്ധമായിമാത്രം സംസാരിക്കുന്ന സാക്ഷാല്‍ മുഖ്യമന്ത്രിയാകട്ടെ, ശിവഗിരിയില്‍ പോയാണ് മദ്യത്തിനെതിരെ പ്രതികരിച്ചത്. മദ്യം വിഷമാണെന്നു പറഞ്ഞ ഗുരുവിന്റെ അനുസരണക്കേടുള്ള ശിഷ്യന്‍മാര്‍ക്കിട്ട് മുഖ്യന്‍ നന്നായൊന്നു കൊട്ടി. മദ്യസേവയും ഗുരുസേവയും തമ്മില്‍ ഹല്‍വയും മീന്‍കറിയും തമ്മിലുള്ള കോമ്പിനേഷന്‍ പോലാണെന്ന് വി.എസ് പറഞ്ഞപ്പോഴാണ് പല ശ്രീനാരായണ ശിഷ്യന്‍മാര്‍ക്കും കാര്യം ബോധ്യപ്പെട്ടത്. ഇനി ഏതെങ്കിലും സഭയുടെ പിരിപാടിയില്‍കൂടി പോയി മദ്യവര്‍ജ്ജന സന്ദേശം വിളംബരം ചെയ്‌തു വേണം കുഞ്ഞാടുകളെ കൂട്ടത്തില്‍കൂട്ടാനെന്നു നിനച്ചിരിക്കുകയാണ് പാര്‍ട്ടി.
അങ്ങിനെ മദ്യത്തിനെതിരെ സി.പി.എം ഒറ്റക്കെട്ടായി കാംപെയിന്‍ നടത്തി ബാറുകളും വിദേശമദ്യക്കച്ചവടശാലകളും ഒന്നു രണ്ടാഴ്‌ചക്കുള്ളില്‍ അടച്ചുപൂട്ടി കേരളത്തില്‍ ബോധവല്‍ക്കരണത്തിലൂടെ സമ്പൂര്‍ണമദ്യനിരോധനം കൊണ്ടുവരാമെന്നു കരുതിയിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചുള്ളന്‍ നേതാവ് ഒരു മദ്യക്കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറിനെപ്പോലെ പുഞ്ചിരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടത്. ശശിയെന്നു പറഞ്ഞാല്‍ ഏതു ശശിയെന്നു ചോദിക്കുന്നവരോട് ഇനിമുതല്‍ മോഹന്‍ലാല്‍ സ്‌റ്റൈലില്‍ വൈകിട്ടെന്താ പരിപാടിയെന്നു ക്ലൂ കൊടുക്കാനാകും വിധത്തിലാണല്ലോ ടീച്ചേഴ്‌സ് എന്ന പോഷകസമ്പുഷ്ടമായ മദ്യത്തിന്റെ പരസ്യത്തില്‍ ശശിച്ചേട്ടന്‍ ഒറ്റയ്‌ക്ക് പ്രത്യക്ഷപ്പെട്ടത്.
ശശിച്ചേട്ടനോടൊപ്പം നവവധു കൂടിയുണ്ടായിരുന്നെങ്കില്‍ ഇതെന്താ പെണ്ണുങ്ങളോടും കുടിക്കാനാഹ്വാനം ചെയ്യുകയാണോ എന്നു ചോദിച്ച് ഒരു കശപിശക്കു കൂടി വകുപ്പുണ്ടാകുമായിരുന്നു. അതെന്തായാലും ഉണ്ടായില്ല. ശശി തരൂരെന്ന സുന്ദരനായ ഡിപ്ലോമാറ്റിന് ടീച്ചേഴ്‌സ് മദ്യക്കമ്പനി ദുരുദ്ദേശ്യത്തോടെയൊന്നുമാകില്ല അവാര്‍ഡു സമ്മാനിച്ചത്. ദുരുദ്ദേശ്യത്തോടെയാകില്ല അത് അദ്ദേഹം സ്വീകരിച്ചതും. ശശി തരൂരിനെ അവാര്‍ഡു കൊടുത്തത് പത്തു പേരറിയട്ടെ എന്നു കരുതി കമ്പനിയുടെ പേരും ലോഗോയും വച്ച് അവാര്‍ഡുജേതാവിന്റെ പൂര്‍ണകായ ഫോട്ടോയുമായി ഒരു പരസ്യം പ്രസിദ്ധീകരിക്കുമ്പോള്‍ അത് മദ്യത്തിന്റെ പരസ്യമാണെന്നു പറഞ്ഞാക്ഷേപിക്കുന്നത് കുറച്ചു കഷ്ടമാണ്. ഒന്നുമല്ലെങ്കിലും വൈകിട്ടെന്താ പരിപാടിയെന്നൊന്നും തരൂര്‍ജി ചോദിച്ചില്ലല്ലോ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല