വിവാഹം കഴിഞ്ഞ് ഇരുപത്തിയെട്ടാം നാള്‍ പ്രസവിച്ച നവ വധുവിനെതിരെ കോടതിനിര്‍ദേശ പ്രകാരം വഞ്ചനക്കുറ്റത്തിന് പോലീസ് കേസെടുത്തു. കാസര്‍കോട് ബങ്കരക്കുന്നിലെ ഇരുപതുകാരിക്കെതിരെയാണ് ചീമേനി പോലീസ് കേസെടുത്തത്.
കാസര്‍കോട് കൊടക്കാട് വലിയപറമ്പിലെ യുവാവ് കഴിഞ്ഞ മെയ് അഞ്ചിന് വിവാഹം ചെയ്ത യുവതിയാണ് ജൂണ്‍ മൂന്നിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് ഭാര്യക്കും രക്ഷിതാക്കള്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസം തികയും വധു പ്രസവിച്ചതിനെ തുടര്‍ന്നുണ്ടായ മാനഹാനിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം വീട്ടുകാര്‍ നല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുക്കാന്‍ ചീമേനി പോലീസിന് കോടതി നിര്‍ദേശം നല്‍കിയത്.
വിവാഹം കഴിഞ്ഞയുടന്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് യുവതി ഭര്‍ത്താവില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവത്രേ. ഒടുവില്‍ കലശലായ വയറ് വേദനയെ തുടര്‍ന്ന് യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെവെച്ച് പ്രസവിയ്ക്കുകയുമായിരുന്നു. പുതുമണവാട്ടി പ്രസവിച്ച വിവരമറിഞ്ഞ് ബോധരഹിതനായ ഭര്‍ത്താവിനെ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വിവാഹത്തിന് മുമ്പ് യുവതിയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും അയാളുടെ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചതെന്നുമാണ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല