അനീഷ് ജോര്‍ജ്: യുകെ മലയാളികള്‍ക്ക് ആവേശമായ മഴവില്‍ സംഗീതം അതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ തീം സോങ് അവതരിപ്പിക്കുന്നു . ജൂണ്‍ മൂന്ന് ശനിയാഴ്ച്ച ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറുന്ന മഴവില്‍ സംഗീതത്തിന് മനോഹരമായ ഗാനമാണ് തീം സോംഗിനായി രൂപപ്പെടുത്തിയിട്ടുള്ളത്.
യുകെയിലെ പ്രശസ്ത കീ ബോര്‍ഡിസ്‌റ് ശ്രി. സന്തോഷ് നമ്പ്യാര്‍ ചിട്ടപ്പെടുത്തിയ ‘ മനസ്സിലുണരും രാഗ വര്‍ണങ്ങളായി’ എന്ന ഗാനം ഈ വരുന്ന സംഗീത സായാഹ്നത്തില്‍ എല്ലാ സംഗീത പ്രേമികള്‍ക്കായും സമര്‍പ്പിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ നിസരി ഓര്‍ക്കസ്ട്രയിലെ പ്രധാന കീ ബോര്‍ഡിസ്‌റ് ആണ് ശ്രി സന്തോഷ് നമ്പ്യാര്‍ , ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുട്ടള്ള സന്തോഷ് മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് .
പ്രശസ്ത നൃത്തകി ജിഷാ സത്യന്‍ മനോഹര നൃത്തച്ചുവടുകളിലൂടെ ദൃശ്യ ചാരുത പകരുന്ന തീം സോം സംഗീതാസ്വാദകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. നോര്‍ത്തതാംപ്ടണിലെ നടനം സ്‌കൂള്‍ ഓഫ് ഡാന്‍സിംഗിലെ പ്രധാനാദ്ധ്യാപികയായ ജിഷ കഴിഞ്ഞ വര്‍ഷത്തെ മഴവില്‍ സംഗീതത്തിലെ നിറ സാന്നിധ്യമായിരുന്നു.
കഴിഞ്ഞ വര്‍ഷം മഴവില്‍ സംഗീതത്തിന്റെ തീം മ്യൂസിക് സംഗീതാസ്വാദകരുടെ മനം കവര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘ മനസ്സില്‍ മധുരം നിറയും മഴപോലെ മഴവില്‍ സംഗീതം ‘ എന്ന ടൈറ്റില്‍ സോങിനും സന്തോഷ് ആയിരുന്നു ഈണം നല്‍കിയത് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല