1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2012

സാമ്പത്തിക പരിഷ്‌കാര നടപടികള്‍ പിന്‍വലിക്കാനുളള അന്ത്യശാസനം യുപിഎ തളളിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജി യുപിഎ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ വെളളിയാഴ്ച രാജി സമര്‍പ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തണ പിന്‍വലിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമായി. മന്ത്രിമാര്‍ രാജിവെയ്ക്കുന്നതിന് മുന്‍പ് തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ മമത വെളളിയാഴ്ച വരെ സര്‍ക്കാരിന് സമയം നല്‍കിയിട്ടുണ്ട്. കൊല്‍ക്കൊത്തയില്‍ നടന്ന നിര്‍വാഹക സമിതി യോഗത്തിന് ശേഷമാണ് യുപിഎ ബന്ധം അവസാനിപ്പിക്കുന്നതായി മമത പ്രഖ്യാപിച്ചത്.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതിനുളള തീരുമാനം പിന്‍വലിക്കുക, സബ്ബ്‌സീഡിയുളള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ പന്ത്രണ്ട് ആക്കുക, ഡീസല്‍ വില വര്‍ദ്ധന അഞ്ചുരൂപയില്‍ നിന്ന് മൂന്നോ നാലോ ആയി കുറയ്ക്കുക എന്നീ തീരുമാനങ്ങള്‍ അംഗീകരിച്ചാല്‍ പിന്തുണ പിന്‍വലിച്ച കാര്യം പുനപരിശോധിക്കാമെന്ന് മമത പറഞ്ഞു. എന്നാല്‍ മമതയുടെ തീരുമാനം അംഗീകരിക്കാനുളള സാധ്യത കുറവാണന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പിന്തുണ പിന്‍വലിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയിലെ വിലപ്പെട്ട കക്ഷിയാണന്നായിരുന്നു വാര്‍ത്തയോട് പ്രതികരിച്ച കോണ്‍ഗ്രസ് വക്താവിന്റെ അഭിപ്രായം. മമതയെ അനുനയിപ്പിക്കാന്‍ വിട്ടുവീഴ്ചയാകാമെന്ന് സോണിയാ ഗാന്ധി നിലപാട് എടുത്തെങ്കിലും സാമ്പത്തിക പരിഷ്‌കരണ തീരുമാനത്തില്‍ ഒരു വീട്ടു വീഴ്ചയ്ക്കും തയ്യാറാകണ്ടെന്നാണ് പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും നിലപാട്. ഇതോടെ ന്യനപക്ഷമായി തീര്‍ന്ന സര്‍ക്കാരിന്റെ ഭാവി തുലാസിലായി.

യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂലിന് ലോക്‌സഭയില്‍ 19 കക്ഷികള്‍ ആണ് ഉളളത്. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, മായാവതിയുടെ ബിഎസ്പി, ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി എന്നീ കക്ഷികളുടെ നിലപാട് ഇതോടെ വരും ദിനങ്ങളില്‍ നിര്‍ണ്ണായകമാകും. മൂന്ന് കക്ഷികള്‍ക്കുമായി 46 സീറ്റുകളാണ് ലോക്‌സഭയില്‍ ഉളളത്. എന്നാല്‍ യുപിഎയില്‍ ചേരില്ലെന്ന് സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് മുലായം സിംഗ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. നാളെ ചേരാനിരിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പിന്തുണ സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ആണവ കരാര്‍ പ്രശ്‌നത്തില്‍ ഇടതുകക്ഷികള്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്തിയത് മുലായം സിംഗാണ്. ണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിജെപി ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് എതിരേ പ്രമേയം അവതരിപ്പിച്ചപ്പോഴും സര്‍ക്കാരിന്റെ രക്ഷയ്‌ക്കെത്തിയത് മുലായമമാണ്. ആ കനിവ് ഇവിടെയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മമത യുപിഎ വിട്ടതിന് പിന്നാലെ മധ്യസ്ഥ ചര്‍ച്ചയുമായി മുലായം തലസ്ഥാനത്ത് എത്തി.

കോണ്‍ഗ്രസ് ക്ഷണിച്ചു വരുത്തിയ പ്രതിസന്ധിയാണ് ഇത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളെ എല്ലാം മമത നിരസിച്ചത് കോണ്‍ഗ്രസും തൃണമൂലും തമ്മിലുളള ബന്ധത്തില്‍ വിളളല്‍ വീഴ്ത്തിയിരുന്നു. ഏകാധിപത്യ മനോഭവാത്തോടെ പെരുമാറുന്ന മമതയ്ക്ക് കീഴില്‍ കോണ്‍ഗ്രസിന് വളര്‍ച്ചയുണ്ടാകില്ലെനന് കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം സോണിയാഗാന്ധിയെ അറിയിച്ചിരുന്നു. ഡിംഎംകെയും എന്‍സിപിയും പോലുളള സഖ്യകക്ഷികളുടെ പിന്‍ബലത്തോടെ കോണ്‍ഗ്രസ് മനപൂര്‍വ്വം മമതയെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതോടെ കടുത്ത നടപടി സ്വീകരിക്കാന്‍ മമതയും തീരുമാനിച്ചു.

സാങ്കേതികമായി മൂന്ന് ദിവസം കൂടി നല്‍കിയെങ്കിലും തൃണമൂലിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അതിനാല്‍ തന്നെ വെളളിയാഴ്ച തൃണമൂല്‍ മന്ത്രിമാര്‍ രാജി സമര്‍പ്പിക്കുമ്പോള്‍ അത് പ്രധാനമന്ത്രി അത് സ്വീകരിക്കാന്‍ തന്നെയാണ് സാധ്യത. ബിഎസ്പി, സമാജ് വാദി പാര്‍ട്ടി എന്നിവയുടെ നിലപാടാണ് കൂടുതല്‍ പ്രധാനം. ബിഎസ്പി സാമ്പത്തിക പരിഷ്‌കരണങ്ങളെ എതിര്‍ത്തിട്ടില്ല. എന്നാല്‍ സമാജ് വാദി പാര്‍ട്ടി ഇവയെ എതിര്‍ക്കുകയും നാളെ നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ജനതാദള്‍ (സെക്യുലര്‍) പാര്‍ട്ടിയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സമാജ് വാദി പാര്‍ട്ടി പിന്തുണയുടെ കാര്യത്തില്‍ കൃത്യമായൊരു നിലപാട് എടുക്കാത്തതാണ് ആശങ്കകള്‍ക്ക് കാരണം. ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ അത് തനിക്ക് ഗുണകരമാക്കാനാകുമോ എന്ന കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തതാണ് മുലായത്തിന്റെ നിലപാട് വ്യതിയാനത്തിന് കാരണം. ആര്‍ജെഡിയ്ക്ക് നാല് അംഗങ്ങളാണ് പാര്‍ലമെന്റില്‍ ഉളളത്. യുപിഎ വിട്ടെങ്കിലും ബിജെപിക്ക് പിന്തുണ നല്‍കരുതെന്നാണ് ആര്‍ജെഡി നേതാല് ലാലു പ്രസാദ് മമതാ ബാനര്‍ജിയോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ധൃതി പിടിച്ചുളള തീരുമാനത്തിന് തൃണമൂല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് എന്‍സിപി മമതാ ബാനര്‍ജിയ്ക്ക് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിന്റെ താന്‍പോരിമയ്ക്ക് ഏറ്റ തിരിച്ചടിയാണ് ഇതെന്നാണ് ബിജെപിയുടെ പക്ഷം. പരസ്യമായി അനുകൂലിക്കാതിരിക്കുമ്പോഴും സര്‍ക്കാരിനെ നിലനിര്‍ത്തുന്ന തന്ത്രമാണ് മായാവതിയും ബിഎസ്പിയും സ്വീകരിക്കുന്നത്.

യുപിഎയിലെ പ്രാദേശിക കക്ഷികളെ പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്താനാകുമെന്ന ആത്മവിശ്വാസമാണ് സോണിയയ്ക്കും കോണ്‍ഗ്രസിനും ഇപ്പോഴുളളത്. അതിനാല്‍ തന്നെ മമതയുടെ കൊഴിഞ്ഞുപോക്ക് സര്‍ക്കാരിനെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും മനസ്സ് തുറക്കാത്തിടത്തോളം കാലം സര്‍ക്കാരിന്റെ ഭാവി തുലാസില്‍ തന്നെയാകും. എന്തായാലും നാളത്തെ ബന്ദ് ദിനം തലസ്ഥാനത്ത് രാഷ്ട്രീയ ചൂതാട്ടത്തിനുളള ഒരു അവസമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചുതുകളിക്ക് അവസാനം ആരാകും വനവാസത്തിന് പോവുക എന്നതാണ് ഇവിടെ വ്യക്തമാകാനുളളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.