അന്‍വറിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്നു. ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കേരളപ്പിറവിക്കുമുമ്പുമുള്ള കേരള പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സിനിമയില്‍ നായക കഥാപാത്രമായി മമ്മൂട്ടിയെത്തുമ്പോള്‍ വില്ലനായാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.
സംവിധായകന്‍ അന്‍വര്‍ റഷീദിന്റെയും കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്റെയും കോളേജ് പഠനകാലത്തെ രാഷ്ട്രീയ ചായ്‌വ് അറിയാവുന്നവര്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നത് നല്ലൊരു കമ്മ്യൂണിസ്റ്റ് സിനിമയായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. കൃത്യമായ രാഷ്ട്രീയ പിന്‍ബലമുള്ള ഒരു ത്രില്ലറാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തിലൂടെ അന്‍വര്‍ ഉദ്ദേശിക്കുന്നത്. അന്‍പതുകളിലെയും അറുപതികളിലെയും രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അക്കാലത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രക്ഷോഭങ്ങളും ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടും.
‘ഉറുമി’യെഴുതി പൃഥ്വിരാജിന്റെ ഇഷ്ടക്കാരനായി മാറിയ ശങ്കര്‍ രാമകൃഷ്ണനാണ് ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ രചിക്കുന്നത്. പൃഥ്വിയുടെ നേതൃത്വത്തിലുള്ള ‘ആഗസ്റ്റ് സിനിമ’ എന്ന നിര്‍മ്മാണക്കമ്പനിയാണ് ഈ പ്രൊജക്ടിന് ചുക്കാന്‍ പിടിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്‍ നീരദ് തന്നെ.
‘വണ്‍വേ ടിക്കറ്റ്’, ‘പോക്കിരിരാജ’ എന്നീ സിനിമകളിലാണ് ഇതിനുമുമ്പ് മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ചിട്ടുള്ളത്. ഇതില്‍ പോക്കിരിരാജ സൂപ്പര്‍ഹിറ്റായിരുന്നു. ‘ബിഗ്ബി’, ‘സാഗര്‍ എലിയാസ് ജാക്കി’, ‘അന്‍വര്‍’എന്നീ സിനിമകള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ഫ്രെയിമുകള്‍ കൊണ്ട് കഥ പറയുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ.
ചിത്രത്തിലേക്കുള്ള താരനിര്‍ണ്ണയം പൂര്‍ത്തിയായിവരുന്നു. നവംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല