മലയാളത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് അസിന്‍ തോട്ടുങ്കല്‍. സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ചിത്രത്തിലൂടെയാണ് അസിന്‍ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തുവച്ചത്. എന്നാല്‍ ആ ചിത്രത്തിനുശേഷം അസിന്‍ മലയാളത്തിന് അന്യമായി.
എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ അസിന്‍ ഇപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ നടിമാരിലൊരാളാണ്. എങ്കിലും അസിനെ മലയാളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. സിനിമയുടെ കഥയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന അസിന് ലഭിച്ച മലയാള ഓഫറുകളൊന്നും ഇഷ്ടമാകാത്തതിനാല്‍ നോ പറയുകയായിരുന്നു. അല്ലെങ്കില്‍ ഡേറ്റ് പ്രശ്‌നം കാരണം ഒഴിയുന്നു. ‘നല്ല കഥ ലഭിച്ചെങ്കില്‍ മാത്രമേ അസിനെ ഞാന്‍ മലയാളത്തിലേക്ക് ക്ഷണിക്കൂ’ എന്ന് മോഹന്‍ലാല്‍ പോലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, അസിന് മലയാളത്തിലേക്ക് തിരികെ വരാന്‍ സാഹചര്യമൊത്തിരിക്കുകയാണ്. അതും മമ്മൂട്ടിയുടെ നായികയായി. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അസിനെ അഭിനയിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. അസിനോട് കഥ പറയുകയും ആദ്യവട്ട ചര്‍ച്ച അവസാനിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിലേക്കാണ് അസിന്‍ നായികയായി എത്തുന്നതെന്നാണ് സൂചന.
‘ഇലക്ട്ര’യ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിന്ധ്യനാണ്. ശ്യാമപ്രസാദിന്റെ സിനിമ വിന്ധ്യന്‍ നിര്‍മ്മിക്കുന്നത് ഇത് മൂന്നാം തവണയാണ്.
ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ മമ്മൂട്ടിക്കുവേണ്ടി തയ്യാറാക്കുന്നത്. മമ്മൂട്ടിയും ശ്യാമപ്രസാദും 2007ല്‍ ‘ഒരേ കടല്‍’ എന്ന സിനിമയ്ക്ക് വേണ്ടി ഒന്നിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല