മമ്മൂട്ടിയുടെ പുതിയ റിലീസ് ആഘോഷിക്കാന്‍ ആരാധകര്‍ ഇനി നവംബര്‍ വരെ കാത്തിരിക്കണം. കാരണം ഇനിയൊരു മമ്മൂട്ടിച്ചിത്രം അടുത്തൊന്നും റിലീസ് ചെയ്യുന്നില്ല. ഓണത്തിനും റംസാനും മമ്മൂട്ടിയ്ക്ക് ചിത്രങ്ങളില്ല. നവംബര്‍ ആദ്യം എത്തുന്ന വെനീസിലെ വ്യാപാരിയാവും അടുത്ത മമ്മൂട്ടി ചിത്രം.
ഓണംറംസാന്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ഷാജികൈലാസിന്റെ കിങ് ആന്റ് കമ്മീഷണര്‍ ക്രിസ്മസിലേക്ക് മാറ്റിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ അഭിനയം ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷങ്ങളിലൊന്നായിരുന്നു ഇത്. ഏറെ കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ഡബിള്‍സും ആഗസ്റ്റ് 15 ഉം, ദി ട്രെയിനും, 1993 ബോംബെ മാര്‍ച്ച് 12ഉം എട്ടുനിലയില്‍ പൊട്ടി. കൂനിന്‍മേല്‍ കുരു എന്നപോലെ ആദായവകുപ്പിന്റെ റെയ്ഡും.
ഇതിനുശേഷം നാലുമാസം കഴിഞ്ഞാണ് മമ്മൂട്ടിയുടെ ഒരു ചിത്രം എത്തൂ എന്നതാണ് സവിശേഷത. ഇനിയൊരു പരാജയം ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് മമ്മൂട്ടി. ഷാഫി ചിത്രമായ ‘വെനീസിലെ വ്യാപാരി’യിലൂടെ പരാജയ പരമ്പരയ്ക്ക് അന്ത്യം കുറിക്കാമെന്ന പ്രതീക്ഷയിലാണ് മെഗാസ്റ്റാര്‍. ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരുകയാണ്.
എണ്‍പതുകളില്‍ ആലപ്പുഴയില്‍ കയര്‍ കച്ചവടം നടത്തുന്ന പവിത്രനായി മമ്മൂട്ടിയെത്തുന്ന ചിത്രത്തില്‍ കാവ്യാമാധവന്‍, പൂനം ബജ്‌വ എന്നിവരാണ് നായികമാര്‍. ബിജുമേനോന്‍, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ്‌കൃഷ്ണ, ശ്രീരാമന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജെയിംസ് ആല്‍ബര്‍ട്ടിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം. കൈതപ്രത്തിന്റെ വരികള്‍ക്ക് ബിജിലാല്‍ സംഗീതം നല്‍കുന്നു.
അതേ സമയം, മോഹന്‍ലാല്‍ ഈ കാലയളവില്‍ തിയ്യേറ്ററുകളില്‍ കൂടുതല്‍ സജീവമാകും. ഏറെ പ്രതീക്ഷയോടെ കാണുന്ന ബ്ലെസിയുടെ പ്രണയം ഓണത്തിനിറങ്ങാനിരിക്കുകയാണ്. പിന്നാലെ സത്യന്‍ അന്തിക്കാട് ചിത്രം, പ്രിയദര്‍ശന്‍ ചിത്രം എന്നിവയും വരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല