ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ തൊഴിലാളിയായ ബസ്റ്റര്‍ മാര്ട്ടിന് അന്തരിച്ചു. 104 കാരനായ മാര്ട്ടിന് വാന്‍ ക്ലീനറായിരുന്നു. ജോലികഴിഞ്ഞ് ഓഫീസില്‍ നിന്ന് തിരിക്കവേയാണ് മരണപ്പെട്ടത്. 2008ലെ ലണ്ടന്‍ മാരത്തോണില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
പുകവലിക്കുന്ന ശീലമുള്ള മാര്ട്ടിന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ലണ്ടനിലെ പ്ലമ്പിംങ് കമ്പനിയില്‍ വാന്‍ ക്ലീനറായി ജോലിചെയ്യുകയാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ പിംലികോ പ്ലംമ്പേഴ്സിന്റെ മാനേജിംങ് ഡയറക്ടര്‍ ചാര്‍ലി മുള്ളിന്‍സ് അനുശോചനം അറിയിച്ചു. ‘ എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്നലെ ഉച്ചയ്ക്കും കാന്റീനില്‍ ഞാനദ്ദേഹത്തെ കണ്ടിരുന്നു. ഇന്ന് അദ്ദേഹം നമ്മെ വിട്ട് പോയി. അദ്ദേഹത്തിന്റെ അഭാവം തങ്ങള്‍ക്ക് തീരാ നഷ്ടമായിരിക്കും. തന്റെ ജോലി കൃത്യമായും വൃത്തിയായും ചെയ്യാന്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു’ മുള്ളില്‍ പറഞ്ഞു.
1906 സെപ്റ്റംബറില്‍ ഫ്രാന്‍സിലാണ് മാര്ട്ടിന് ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മയാണ് മാര്‍ട്ടിനെ യു.കെയിലേക്ക് കൊണ്ടുവന്നത്. ലണ്ടനിലെത്തുന്നതിന് മുമ്പ് കോണ്‍വാളിലെ ഒരു അനാഥായലത്തിലായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ലണ്ടനിലെത്തിയ മാര്ട്ടിന് ബ്രിക്സ്റ്റണ്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തു. പിന്നീട് ആര്‍മിയില്‍ ചേരുകയും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. വിവാഹിതനും 17 കുട്ടികളുടെ അച്ഛനുമാണ്.
തന്റെ നൂറാം വയസിലും ജോലിയില്‍ നിന്നും വിരമിക്കാന്‍ ഇദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ദിവസവും ഒന്നോ രണ്ടോ ബിയറും, 20 സിഗരറ്റും അദ്ദേഹം ഉപയോഗിക്കാറുണ്ടായിരുന്നു.
2007ല്‍ ലിബറല്‍ ഡെമോക്രാറ്റ് ലീഡര്‍ മെന്‍സീസ് കാമ്പെല്ലിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മാര്ട്ടിന് മാധ്യമശ്രദ്ധ നേടിയത്.ഒരു വര്‍ഷം കഴിഞ്ഞ് ലണ്ടന്‍ മാരത്തോണില്‍ പങ്കെടുത്തപ്പോഴും മാര്ട്ടിന് ശ്രദ്ധാകേന്ദ്രമായി. ഡോക്യുമെന്ററി നിര്‍മ്മാതാവ് മാര്‍ക്ക് വെക്സ്ലര് അദ്ദേഹത്തിന്റെ പ്രോജക്ടിനുവേണ്ടി മാര്‍ട്ടിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല