ഭിക്ഷക്കാരന്‍ തെരുവില്‍ കിടന്നു മരിക്കുന്നത് ഒരു പുതിയ സംഭവമല്ല. മൃതദേഹം ഏറ്റെടുക്കാനും ആരും തുനിയാറില്ല. എന്നാല്‍ അജ്‌മെര്‍ സ്വദേശിയായ ഭിക്ഷക്കാരന്റെ മരണത്തിനുശേഷം ഒട്ടേറെ ബന്ധുക്കളാണ് ഇയാളെ കാണാനെത്തിയത്. മരിച്ചയാളോടുള്ള സ്‌നേഹം കൊണ്ടാണോന്ന് ഇവരൊക്കെ എത്തുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകും. തെരുവില്‍ കിടന്നു മരിച്ച ഭിക്ഷക്കാരന്റെ കൈയില്‍ നിന്നും 2 ലക്ഷം രൂപ കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് പലര്‍ക്കും മരിച്ച ഭിക്ഷക്കാരന്‍ തന്റെ ബന്ധുവാണെന്ന ഉള്‍വിളിയുണ്ടായത്. എന്നാല്‍ ബന്ധുക്കള്‍ക്കാര്‍ക്കും തങ്ങളുടെ ഉറ്റവന്റെ പേര് പോലും ഓര്‍ത്തെടുക്കാനായില്ല.
കീറിയ ഉടുപ്പും മുഷിഞ്ഞ ബാഗുമായി തെരുവില്‍ കിടന്നു മരിച്ച ഭിക്ഷക്കാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോകുന്നതിനു മുന്‍പ് നടത്തിയ ദേഹപരിശോധനയിലാണ് പോക്കറ്റുകളില്‍ നിന്ന് പണം കണ്ടത്തിയത്. വേണ്ട ചികില്‍സ കിട്ടാത്തതിനാലാണ് ഇയാള്‍ മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. മരിച്ചയാള്‍ ചില്ലറത്തുട്ടുകള്‍ നോട്ടാക്കിമാറ്റാന്‍ കടയില്‍ വരാറുണ്ടായിരുന്നുവെന്ന് ചില ഷോപ്പുടമകള്‍ പോലീസിനെ അറിയിച്ചു.
ബന്ധുക്കളാണെന്ന് അവകാശപ്പെട്ടെത്തിയ ഭിക്ഷക്കാര്‍ക്കൊന്നും തെളിവ് ഹാജരാക്കാനാകാത്തതിനാല്‍ പണം പോലീസ് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ദര്‍ഗ കമ്മറ്റിയുടെ നേതൃത്വത്തില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല