ഭാര്യയാണേല്‍ ഇങ്ങനെ വേണം. വെന്‍ഡി ഡെങ് എന്ന വെന്‍ഡി മര്‍ഡോക്കിനെ ചൂണ്ടിയാണ് ലോകം ഇങ്ങനെ പറയുന്നത്.
ഭര്‍ത്താവിനെ നേരെ വില്ലന്‍ പാഞ്ഞടുത്തപ്പോള്‍ പഴയ വോളിബോള്‍ കളിക്കാരി കൂടിയായ മര്‍ഡോക്ക് ഭാര്യ കളിക്കളത്തിലെ ഉശിരോടെയും വേഗതയോടെയും വില്ലനെ നേരിട്ടതോടെ ലാക മാധ്യമങ്ങളില്‍ താരമായി മാറിക്കഴിഞ്ഞു. മാധ്യമരാജാവിന്റെ ഭാര്യയും അങ്ങനെ മാധ്യമങ്ങളില്‍ നിറയുകയാണ്.
ന്യൂസ് ഓഫ് ദ് വേള്‍ഡ് പത്രം പൂട്ടാന്‍ വഴിവച്ച ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ മകന്‍ ജയിംസിനൊപ്പം ഹാജരായ റൂപ്പര്‍ട്ട് മര്‍ഡോക്കിനുനേരെ ഷേവിങ് ക്രീം നിറച്ച പ്ലാസ്റ്റിക്ക് പാത്രവുമായി ചീറിയടുത്ത ജോണി മാര്‍ബിള്‍സ് എന്ന യുവാവാണ് മര്‍ഡോക്ക് ഭാര്യയുടെ കൈപ്പത്തിയുടെ ചൂടറിഞ്ഞത്.
പാര്‍ലമെന്റില്‍ വിചാരണ നടക്കവേ തീര്‍ത്തും അപ്രതീക്ഷിതമായാണ് ജോണി മാര്‍ബിള്‍ എന്ന യുവാവ് മര്‍ഡോക്കിന് നേരെ പാഞ്ഞടുത്തത്. എന്നാല്‍ അതിലും വേഗത്തില്‍ ജോണിയുടെ ചെകിടത്ത് പഴയ വോളിബോള്‍ താരമായ വെന്‍ഡിയുടെ ഉഗ്രന്‍ സ്മാഷ് പതിഞ്ഞിരുന്നു. മര്‍ഡോക്കിന്റെ ഇടത്തുവശത്തായി പിന്‍സീറ്റില്‍ ഇരുന്ന വെന്‍ഡി ഞൊടിയിടയിലുള്ള പ്രതികരണം ജോണി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല.
ചൈനയില്‍ ജനിച്ച് അമേരിക്കക്കാരിയായ വെന്‍ഡിക്ക് മര്‍ഡോക്കിന്റെ ബിസിനസ് സാമ്രജ്യത്തില്‍ കാര്യമായ പങ്കൊന്നുമില്ല. എന്നാല്‍ മര്‍ഡോക്ക് എവിടെയാണെങ്കിലും നിഴലായി ഈ ചൈനീസ് സുന്ദരിയുണ്ടാവും.
ലോകമെമ്പാടും ഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയായി എണ്‍പതുകാരനായ മര്‍ഡോക്കിന്റെ മൂന്നാംഭാര്യയാണ് 42കാരിയായ വെന്‍ഡി. മര്‍ഡോക്കിന്റെ സ്റ്റാര്‍ ടെലിവിഷനില്‍ ഹോങ്കോങില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വെന്‍ഡി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്.
കിഴക്കന്‍ ചൈനീസ് നഗരമായ സുസോയില്‍ ഒരു കമ്പനി ഡയറക്ടറുടെ മകളായി ജനിച്ച വെന്‍ഡി പ്രായപൂര്‍ത്തിയായ ഉടനെ ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. അമേരിക്കന്‍ പൗരത്വം നേടിയ വെന്‍ഡി, യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍നിന്ന് എംബിഎ നേടിയ ശേഷം സ്റ്റാര്‍ ടിവിയില്‍ ഇന്റേണ്‍ഷിപ്പിന് ചേര്‍ന്നു.
അവിടെവച്ചാണ് മര്‍ഡോക്കിനെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയമായി മാറുകയും വിവാഹത്തില്‍ അവസാനിയ്ക്കുകയുമായിരുന്നു. 1999ല്‍ വിവാഹിതരായ ദമ്പതിമാര്‍ക്ക് ഗ്രേയ്‌സ്, ക്‌ളോ എന്നിങ്ങനെ രണ്ടുമക്കളാണ് ദമ്പതികള്‍ക്ക്. ആദ്യഭാര്യയില്‍ പ്രൂഡന്‍സ്, രണ്ടാംഭാര്യയില്‍ ജയിംസ്, എലിസബത്ത് എന്നിവരാണ് മര്‍ഡോക്കിന്റെ മറ്റു മക്കള്‍.
വെന്‍ഡിയുടെ സ്മാഷ് ചൈനീസ് മാധ്യമങ്ങളും ആഘോഷിക്കുകയാണ്. ഫോണ്‍ വിവാദം വലിയ വാര്‍ത്തയായില്ലെങ്കിലും വെന്‍ഡിയുടെ സ്മാഷിന് വമ്പന്‍ പ്രാധാന്യമാണ് രാജ്യത്ത് കിട്ടിയത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും വെന്‍ഡി തന്നെയാണ് താരം.
‘നിങ്ങള്‍ കെട്ടുകയാണെങ്കില്‍ അതൊരു ചൈനക്കാരിയെ ആയിരിക്കണം. നിങ്ങള്‍ ആപത്തില്‍പ്പെടുമ്പോള്‍ അവള്‍ സഹായവുമായെത്തും’-ഒരു ചൈനീസ് പത്രം വെന്‍ഡിയുടെ തല്ലിനെ വാഴ്ത്തുന്നത് ഇങ്ങനെ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല