1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2011

മലങ്കരയിലെ കാതോലിക്കേറ്റ് ഇന്ന് നൂറാം വര്‍ഷത്തിലേക്ക്. കണ്ടനാട് ഭദ്രാസത്തിന്റെ മുറിമറ്റത്തില്‍ പൌലോസ് മാര്‍ ഈവാനിയോസിനെ 1912 സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് ബസേലിയോസ് പൌലോസ് പ്രഥമന്‍ എന്ന പേരില്‍ അബ്ദല്‍ മശിഹ പാത്രിയര്‍ക്കീസ് കാതോലിക്കയായി വാഴിച്ചത്.ഭാരത്തിലെ ക്രൈസ്തവ ചരിത്രത്തിന് പുതിയ അധ്യായം കുറിച്ച സ്ഥാനാരോഹണ ചടങ്ങിന് ആതിഥ്യം വഹിച്ചത് തോമാ ശ്ളീഹായാല്‍ സ്ഥാപിതമായ നിരണം വലിയപള്ളിയിലാണ്.മലങ്കര മെത്രാപ്പോലീത്തായായിരുന്ന വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ശ്രമഫലമായാണു കാതോലിക്കേറ്റ് ഇവിടേക്കു മാറ്റിസ്ഥാപിച്ചത്. അദ്ദേഹത്തിന്റെ മുന്‍ഗാമി പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസിന്റെ കാലത്തുതന്നെ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിക്കണമെന്ന ആശയം ഉടലെടുത്തിരുന്നു.
പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമനാണ് രണ്ടാം കാതോലിക്കാ.

പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവ എന്നിവര്‍ യഥാക്രമം മൂന്നും നാലും അഞ്ചും കാതോലിക്കാമാരായി മലങ്കര സഭാഭരണം നിര്‍വഹിച്ചു. മാത്യൂസ് പ്രഥമന്‍ ബാവായുടെ കാലത്ത് 1982-ല്‍ കാതോലിക്കേറ്റ് പുനഃസ്ഥാപനത്തിന്റെ സപ്തതി ആഘോഷിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ ആറാം കാതോലിക്കായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ഏഴാം കാതോലിക്കായായും സ്ഥാനമേറ്റു. പൌരസ്ത്യ ദേശത്തെ 91-ാമത്തെയും മലങ്കരയിലെ എട്ടാമത്തെയും കാതോലിക്കായാണ് ഇപ്പോഴത്തെ മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

എ.ഡി. 231ല്‍ ജറുശലേമിലെ എപ്പിസ്കോപ്പാമാരുടെ സംഘം മാര്‍ ആഹോദാബൂയിയെ കിഴക്കിന്റെ കാതോലിക്കായായി വാഴിച്ചു. മധ്യപൌരസ്ത്യദേശത്തെ സെലുക്യയിലേക്ക് അയച്ചു. ഇതാണു കാതോലിക്കേറ്റിന്റെ രൂപവല്‍ക്കരണം.സെലുക്യയില്‍ ഔപചാരികമായി തുടക്കം കുറിച്ചെങ്കിലും അതിനും മുമ്പേ ഭാരത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമ്മാശ്ളീഹായുടെ ആഗമനം വരെ നീളുന്നതാണ് യഥാര്‍ഥത്തില്‍ കാതോലിക്കേറ്റ് സ്ഥാപനമെന്നു സഭാചരിത്രകാരന്മാര്‍ പറയുന്നു. രൊതുപിതാവ്, പൊതുവിന്റെ ആള്‍ എന്നൊക്കെയാണ് കാതോലിക്കോസ് എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.