ജോര്‍ജ് മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന എട്ടാമത് ഫാമിലി കോണ്‍ഫറന്‍സിന് യോര്‍ക്കില്‍ ആവേശോജ്വലമായ തുടക്കമായി. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. വേദശാസ്ത്ര പണ്ഡിതനും ഡല്‍ഹി ഭദ്രാസനാധിപനുമായ ഡോ. യൂഹോനോന്‍ മാര്‍ ഡിമിത്രിയോസ് കോണ്‍ഫറന്‍സ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കാനും ആധ്യാത്മിക ചൈതന്യം കൈവരിക്കുവാനും ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് തിരുമേനി ഉത്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിതനായ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന്റെയും ലൂട്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഓര്‍ത്തഡോക്‌സ് സഭാംഗമായ ഫിലിപ്പ് എബ്രഹാമിനെയും യോഗം അനുമോദിച്ചു.
‘ദി റോയല്‍ ഹൈവേ’ ഞങ്ങള്‍ രാജപാതയില്‍ കൂടി തന്നെ നടക്കും (സംഖ്യാപുസ്തകം 20 :17) എന്നതാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ജീവിതവിജയത്തിന് ശരിയായ പാത തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ഫാ. സഖറിയാ നൈനാന്‍ ചൂണ്ടിക്കാട്ടി. ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്, ഫാ. സുജിത്ത് തോമസ് (അമേരിക്ക), ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്, ലൂട്ടന്‍ മേയര്‍ ഫിലിപ്പ് എബ്രഹാം, ഫാ. ജോണ്‍ വര്‍ഗീസ്, ഫാ. അനൂപ് എം, എബ്രഹാം, ഫാ. വര്‍ഗീസ്, ടി. മാത്യു, ഫാ. എല്‍ദോ വര്‍ഗീസ്, ഭദ്രാസന മാനേജിംഗ് കമ്മിറ്റി അംഗം രാജന്‍ ഫിലിപ്പ്, ആലീസ് ജോര്‍ജ്, മേരി വിത്സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. ടി. ജോര്‍ജ്, ഫാ. മാത്യൂസ് കുര്യാക്കോസ്, സോജി ടി. മാത്യു, ജോര്‍ജ് മാത്യു, അലക്‌സ് ഏബ്രാഹാം, ജോസ് ജേക്കബ്, ഡോ. ദിലീപ് ജേക്കബ്, സുനില്‍ ജോര്‍ജ് എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് നടന്ന മാജിക് ഷോ ആസ്വാദ്യകരമായിരുന്നു.
ഇന്ന് 26 ശനിയാഴ്ച ഏഴര മണിക്ക് പ്രഭാത പ്രാര്‍ത്ഥന, വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്‌ളാസുകള്‍, മ്യൂസിക് സെഷന്‍, ചര്‍ച്ചകള്‍, ഡിബേറ്റുകള്‍ എന്നിവ നടക്കും. വൈകീട്ട് നടക്കുന്ന കലാസന്ധ്യ കോണ്‍ഫറന്‍സിന് കൊഴുപ്പേകും. ഞായറാഴ്ച രാവിലെ വി. കുര്‍ബാനയും, തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിശ്വാസം വിളിച്ചോതി കൊണ്ടുള്ള റാലിയില്‍ നിരവധി വിശ്വാസികള്‍ അണിചേരും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ മൂന്നു ദിവസത്തെ ക്യാംപിന് തിരശീല വീഴും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല