1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2016

സ്വന്തം ലേഖകന്‍: മലപ്പുറം, കൊല്ലം സ്‌ഫോടനങ്ങളുമായി ബന്ധമുള്ള നാല് അല്‍ക്വയ്ദ ഭീകരര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. അല്‍ക്വയ്ദ ബന്ധം സംശയിക്കുന്ന മൂന്നു പേരെ മധുരയില്‍നിന്നും ഒരാളെ ചെന്നൈയില്‍നിന്നും എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. ഈ നഗരങ്ങളിലെ നിരവധി കേന്ദ്രങ്ങളില്‍ എന്‍ഐഎ നടത്തിയ വ്യാപക റെയ്ഡിനൊടുവിലാണ് നാലു പേര്‍ പിടിയിലായത്.

ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും മൈസൂര്‍, നെല്ലൂര്‍, ചിറ്റൂര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇവരാണെന്നും എന്‍.ഐ.എ അറിയിച്ചു. മൂന്നിടത്തും കോടതിവളപ്പിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട ദാവൂദ് സുലൈമാന്‍, ഹക്കീം എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

എന്‍.ഐ.എയും മധുര സിറ്റി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇവര്‍ പിടിയിലായത്. അഞ്ച് കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലം, മലപ്പുറം, മൈസൂര്‍, ചിറ്റൂര്‍, നെല്ലൂര്‍ സ്‌ഫോടനങ്ങളും എംബസികളിലേക്ക് ആറ് ഭീഷണി വീഡിയോകള്‍ അയച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഇരുപതോളം ദേശീയ നേതാക്കളെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ അയച്ചതിനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവരുടെ ഇമെയില്‍ സന്ദേശങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. വ്യാജ പേരുകളിലാണ് ഇവര്‍ അറസ്റ്റ് ചെയ്തിരുന്നത്. നവംബര്‍ ഒന്നിനാണ് മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സ്‌ഫോടനമുണ്ടായത്. സ്ഥലത്ത് നിന്ന് ബേസ് മൂവ്‌മെന്റ് എന്നെഴുതിയ ഒരു കാര്‍ഡും ഒരു കത്തും പെന്‍ഡ്രൈവും കണ്ടെടുത്തിരുന്നു.

ജൂണിലാണ് കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനമുണ്ടായത്. പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഏഴ് ബാറ്ററികളും 14 ഫ്യൂസ് വയറുകളും ഇവിടെ നിന്ന് കണ്ടെത്തി. കൊല്ലത്ത് ചോറ്റുപാത്രത്തിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നതെങ്കില്‍ മലപ്പുറത്ത് പ്രഷര്‍ കുക്കറായിരുന്നു ഉപയോഗിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.