Alex Varghese (മാഞ്ചസ്റ്റര്‍): ഒമ്പതാമത് മാഞ്ചസ്റ്റര്‍ ഡേ പരേഡില്‍ പങ്കെടുക്കുന്ന മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നാളെ ഞായറാഴ്ച (17/6/18) നടക്കുന്ന മാഞ്ചസ്റ്റര്‍ ഡേ പരേഡിന്റെ ഭാഗമാവുകയാണ് എം.എം.എ. നോര്‍ത്ത് വെസ്റ്റ് റീജിയനിലെ ഏറ്റവും വലിയ മലയാളി ചാരിറ്റി ഓര്‍ഗനൈസേഷനായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വിത്യസ്തമായ പ്രവര്‍ത്തന ശൈലിയിലൂടെ ശ്രദ്ധ നേടുന്ന പ്രസ്ഥാനമാണ്. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെയും മാഞ്ചസ്റ്റര്‍ മേളത്തിന്റെയും പ്രവര്‍ത്തകര്‍ മാഞ്ചസ്റ്റര്‍ പരേഡില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധയാകര്‍ഷിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.
കേരള സര്‍ക്കാരിന്റെ ഭാഗമായ മലയാളം മിഷന്റെ റീജിയന്‍ കേന്ദ്രം കൂടിയായ മലയാളം സ്‌കൂള്‍ ഉള്‍പ്പെടുന്ന സപ്ലിമെന്ററി സ്‌കൂള്‍ എം.എം.എയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എം.എം. എ മാഞ്ചസ്റ്റര്‍ ഡേ പരേഡില്‍ പങ്കാളികളാകുന്നത്. മാഞ്ചസ്റ്ററിലെ പ്രധാന പെതു പരിപാടികളായ മാഞ്ചസ്റ്റര്‍ ഡേ പരേഡ്, മാഞ്ചസ്റ്റര്‍ മേള, മാഞ്ചസ്റ്റര്‍ ഫെസ്റ്റിവല്‍ എന്നിവയിലും എം.എം.എ യുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
‘Word on the tsreet ‘ എന്നതാണ് ഈ വര്‍ഷത്തെ മാഞ്ചസ്റ്റര്‍ പരേഡിന്റെ തീം. അതു കൊണ്ട് തന്നെ മലയാള ഭാഷയ്ക്കും, അതിന്റെ പ്രചാരണത്തിനും പ്രാധാന്യം നല്‍കുവാനാണ് എം.എം.എ പരേഡിലൂടെ ശ്രമിക്കുന്നത്. മലയാളം സ്‌കൂളിലെ പുതു തലമുറയില്‍ പെട്ട 32 കുട്ടികള്‍ ഇതിനോടകം തന്നെ മലയാള ഭാഷാ സാക്ഷരത കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. അവിടുത്തെ കുട്ടികള്‍ തന്നെ തിരഞ്ഞെടുത്ത വാക്കുകള്‍ക്കും, ആശയങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടും, സപ്ലിമെന്ററി സ്‌കൂളിലെ കുട്ടികളുടെ നൃത്തരംഗങ്ങളും പരേഡിന് കൊഴുപ്പേകും.
ദ്രാവിഡ ഭാഷയെ പരിചയപ്പെടുത്തുമ്പോള്‍ തുഞ്ചത്തെഴുത്തച്ഛനെയും തുഞ്ചന്‍ പറമ്പിലെ തത്തയെയും ഒഴിവാക്കുക അസാധ്യമെന്ന് കണ്ട് ഭാഷാപിതാവിന്റെ കൂറ്റന്‍ ഫ്‌ലോട്ടും ഒരുങ്ങിക്കഴിഞ്ഞു. ദ്രാവിഡ കലാരൂപങ്ങളായ കുംഭകുടവും, കുമ്മിയാട്ടവും പരേഡിന് മാറ്റുകൂട്ടും. പ്രശസ്ത ചെണ്ട വിദ്യാന്‍ ശ്രീ. രാധേഷ് നായരുടെ നേതൃത്വത്തിലുള്ള മാഞ്ചസ്റ്റര്‍ മേളം ടീമിന്റെ ശിങ്കാര മേളവും പരേഡിന് ശബ്ദ മാധുര്യമേകും.
മാഞ്ചസ്റ്റര്‍ പരേഡില്‍ അറുപത് രാജ്യങ്ങളെ പ്രതിനിധീകരിച്ച് എണ്‍പതോളം സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റേയും കേരള വിനോദ സഞ്ചാര വകുപ്പിന്റേയും സഹകരണത്തോടെ മാഞ്ചസ്റ്റര്‍ മലയാളികളും ഒത്ത് കൂടുന്ന പ്രസ്തുത സംരംഭം ഒരു വലിയ വിജയമാക്കുവാന്‍ ഏവരുടേയും സാന്നിധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് വില്‍സണ്‍ മാത്യുവും, സെക്രട്ടറി കലേഷ് ഭാസ്‌കറും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല