അനീഷ് ജോണ്‍: പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ കലാമേളകളുടെ 2015ലെ ദേശീയ കലാമേളയില്‍ വിശിഷ്ടാതിഥിയായി എത്തിച്ചേരുന്നത് നടനും നര്‍ത്തകനുമെന്ന നിലയില്‍ സാംസ്‌ക്കാരിക കേരളത്തിന്റെ അഭിമാനഭാജനമായ വിനീത്. മലയാള നടന്മാര്‍ക്കും ശാസ്ത്രീയ നൃത്തം വഴങ്ങും എന്ന് തെളിയിച്ച വ്യക്തിയാണ് വിനീത്. യുവജനോത്സവ വേദികളില്‍ തിളങ്ങുന്നവര്‍ തൊഴില്‍ സുരക്ഷിതത്വവുമായി സ്വന്തം ജീവിതത്തിന്റെ ഇരുട്ടിലേക്ക് ഒളിക്കുമ്പോള്‍ കലാവേദിയില്‍ തുടരാന്‍ തയ്യാറായ കലാസ്‌നേഹിയാണദ്ദേഹം. യുക്മ ദേശീയ കലാമേളയ്ക്ക് വിനീത് വിശിഷ്ടാതിഥിയായി എത്തുമ്പോള്‍ അത് കലാമേളയിലെ മത്സരാര്‍ത്ഥികള്‍ക്ക് മാത്രമല്ല യു.കെ മലയാളികള്‍ക്ക് ആകമാനം അഭിമാനമായി മാറുകയാണ്. രാവിലെ തന്നെ കലാമേള നടക്കുന്ന ഹണ്ടിങ്ടണില്‍ അദ്ദേഹം എത്തിച്ചേരുന്നതാണ്. വിവിധ സ്റ്റേജുകളിലായി നടക്കുന്ന നൃത്തമത്സരങ്ങള്‍ പ്രത്യേകം വിലയിരുത്താമെന്നും കൂടാതെ തന്റെ അഭിപ്രായം അറിയിക്കാമെന്നും ദേശീയ കലാമേളയിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ച അവസരത്തില്‍ യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ശ്രീ. വിനീത് സമ്മതിച്ചിട്ടുണ്ട്. യുവജനോത്സവകലാമേള രംഗങ്ങളില്‍ അദ്ദേഹത്തിന്റെ അനുഭവപരിജ്ഞാനം യുക്മയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നതിനാലാണ് അദ്ദേഹത്തെ രാവിലെ തന്നെ കലോത്സവ വേദിയില്‍ എത്തിക്കാമെന്നുള്ള തീരുമാനത്തില്‍ സംഘാടകര്‍ എത്തിച്ചേര്‍ന്നത്. കൂടാതെ മത്സരങ്ങള്‍ക്ക് ശേഷം വൈകിട്ട് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം യുക്മ ദേശീയ കലാമേള 2015 സംബന്ധിച്ച വിലയിരുത്തലും നടത്തുന്നതായിരിക്കും.
അഭിനേതാവ്, നര്‍ത്തകന്‍ എന്ന നിലയില്‍ ആഗോളപ്രശസ്തനായ ശ്രീ. വിനീത് വളരെ ചെറുപ്രായം മുതല്‍ കലാരംഗത്തിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവച്ചിട്ടുള്ളതാണ്. കണ്ണൂരില്‍ കെ ടി രാധാകൃഷ്ണന്റെയും ഡോ ശാന്തകുമാരിയുടെയും മകനായി ജനിച്ച വിനീതിന്റെ കുടുംബപാരമ്പര്യമാണ് കലാരംഗത്തെയ്‌ക്കെത്തിച്ചത്. അടുത്ത ബന്ധുക്കളും ‘ട്രാവന്‍കൂര്‍ സിസ്റ്റേഴ്‌സ്’ എന്ന പേരില്‍ അക്കാലത്ത് നൃത്തസംഗീത രംഗത്ത് അതിപ്രശസ്തരുമായ പദ്മിനി, രാഗിണി, ലളിത എന്നിവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിനീതിനെ ചെറുപ്പത്തില്‍ തന്നെ നൃത്തം അഭ്യസിക്കുന്നതിനായി മാതാപിതാക്കള്‍ അയയ്ക്കുന്നത്. ആറാം വയസ്സില്‍ തന്നെ ഭരതനാട്യത്തില്‍ അദ്ദേഹം അരങ്ങേറ്റം നടത്തി. പ്രശസ്ത നടിയും നര്‍ത്തകയുമായ ശോഭന, നടന്‍ കൃഷ്ണ, അന്തരിച്ച നടിമാരായ പദ്മശ്രീ സുകുമാരി, അംബിക സുകുമാരന്‍ തുടങ്ങിയവരും വിനീതിന്റെ അടുത്ത ബന്ധുക്കളാണ്. തലശ്ശേരി സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന വിനീത് ഭരതനാട്യത്തില്‍ നിരവധി വേദികളില്‍ നിന്നും സമ്മാനം നേടിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഭരതനാട്യ മത്സരത്തില്‍ തുടര്‍ച്ചയായ നാലുതവണ ഒന്നാം സ്ഥാനം നേടിയതിനു പുറമേ 1986ല്‍ കലാപ്രതിഭ പട്ടവും സ്വന്തമാക്കി. സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവത്തില്‍ ഭരതനാട്യത്തില്‍ തുടര്‍ച്ചയായി നാലു തവണ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഏക വ്യക്തി എന്ന ബഹുമതി ഇപ്പോഴും വിനീതിന് അവകാശപ്പെട്ടതാണ്.
നൃത്തരംഗത്തെ മാസ്മരികപ്രകടനം വിനീതിന് സിനിമയിലേയ്ക്കുള്ള വഴിതുറന്നു. 1985ല്‍ ഐ.വി ശശിയുടെ ഇടനിലങ്ങളിലൂടെ സിനിമയിലേക്കെത്തിയ വിനീത് ശ്രദ്ധിക്കപ്പെട്ടത് 1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലൂടെയാണ്. ജ്ഞാനപീഠം ജേതാവ് പദ്മഭൂഷന്‍ എം.ടി.വാസുദേവന്‍ നായര്‍ രചിച്ച്, ഹരിഹരന്‍ സംവിധാനം നിര്‍വഹിച്ച നഖക്ഷതങ്ങള്‍ മലയാളത്തിലെ ക്ലാസ്സിക് സിനിമകളില്‍ ഒന്നാണ്. നഖക്ഷതങ്ങളിലൂടെ വിനീതും നടി മോനിഷയും മലയാളികളുടെ ഹൃദയങ്ങളിലേക്കാണ് ചേക്കേറിയത്. ഇടനാഴിയില്‍ ഒരു കാലൊച്ച, ഋതുഭേദം, അമൃതംഗമയ, ആരണ്യകം, സര്‍ഗ്ഗം, ഗസല്‍, കാബൂളിവാല, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായവയാണ്. ‘തകര’ എന്ന ഭരതന്‍ ചിത്രത്തിന്റെ റീമേക്കായ ആവാരംപൂവിലൂടെ തമിഴിലും വിനീത് ശക്തമായ സാന്നിധ്യമായി. കാതല്‍ദേശം, പ്രിയമാന തോഴി, തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തിരക്കഥയില്‍ നായകവേഷം അവതരിപ്പിക്കാനും വിനീതിന് അവസരം ലഭിച്ചു. ഉളിയില്‍ ഓശൈ എന്ന ചിത്രം തമിഴില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കിലൂടെ പ്രിയന്‍ വിനീതിനെ ബോളിവുഡില്‍ അവതരിപ്പിച്ചു. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളില്‍ തന്റെ അഭിനയ മികവ് പ്രകടമാക്കിയ വിനീതിന് അഭിനേതാവെന്ന നിലയില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഭിനേതാവ് എന്ന നിലയില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ വിനീത് നിറസാന്നിധ്യമാണെങ്കിലും നൃത്തത്തോടാണ് അദ്ദേഹം കൂടുതല്‍ താത്പര്യം കാണിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വേദികളില്‍ നിറഞ്ഞ സദസ്സിനു മുമ്പാകെ അദ്ദേഹത്തിന്റെ നൃത്തപരിപാടികള്‍ നടത്തപ്പെടാറുണ്ട്. കൂടാതെ ഡോ.പത്മസുബ്രഹ്മണ്യത്തിന്റെ കീഴില്‍ ഭരതനാട്യത്തില്‍ അദ്ദേഹം ഗവേഷണവും നടത്തുന്നുണ്ട്. ഇങ്ങനെ നൃത്തകലാരംഗത്തിന് വേണ്ടി തന്റെ ജീവിതം മാറ്റിവച്ച ഒരു അതുല്യകലാകാരനെ യുക്മയുടെ ദേശീയ കലാമേളയ്ക്ക് വിശിഷ്ടാതിഥിയായി ലഭിക്കുന്നത് കലാമേളയുടെ ചരിത്രത്തിലെ അസുലഭനിമിഷങ്ങളായിരിക്കുമെന്ന് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജീഷ് ടോം പറഞ്ഞു. 2015 നവംബര്‍ 21 ശനിയാഴ്ച്ച ഹണ്ടിംഗ്ടണിലെ എം.എസ്. വിശ്വനാഥന്‍ നഗറില്‍ (സെന്റ് ഐവോ സ്‌ക്കൂള്‍) നടക്കുന്ന കലാമേളയില്‍ പങ്കെടുക്കുവാനും വിശിഷ്ടാത്ഥിയായ ശ്രീ വിനീതിനെ സ്വീകരിക്കുവാനും എല്ലാ യു.കെ മലയാളികളും എത്തിച്ചേരണമെന്ന് കലാമേള കമ്മറ്റിയ്ക്ക് വേണ്ടി ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു, ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച നടക്കുന്ന കലാമേള വേദിയുടെ വിലാസം ചേര്‍ക്കുന്നു.
M S V NAGAR ST IVE SCHOOL ,
SECONDARY SCHOOL HIGH LEYS ,
SAINT IVES , HUNTINGDONSHIRE
PE27 6RR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല