നിലമ്പൂര്‍:മലയാളികളുടെ പ്രവാസജീവിതത്തില്‍ നിന്നും വീണ്ടും കണ്ണീര്‍ക്കഥ. മലയാളിയായ യുവ എന്‍ജിനീയറെ നൈജീരിയയില്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവം ഒരു കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കിയിരിക്കുകയാണ്. യുവാവിന്റെ മോചനത്തിനായി കൊള്ളസംഘം വന്‍തുകയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം റിട്ട. എക്സൈസ് ഉദ്യോഗസ്ഥന് പുന്നക്കാട്ട് ഉമ്മറിന്റെ മകന് മനാഷി (25)നെയാണ് ഒരാഴ്ചമുമ്പ് കൊള്ളക്കാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയത്.
നൈജീരിയയിലെ റോയല്‍ സാള്‍ട്ട് വേയ്സ് വാട്ടര്‍ യൂണിറ്റിലെ എന്‍ജിനീയറാണ് മനാഷ്. ഇതേ കമ്പനിയില്‍ ജോലിചെയ്യുന്ന ആന്ധ്ര സ്വദേശിയായ ഒരാളെക്കൂടി സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. പ്രാദേശിക ഗുണ്ടാസംഘങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലുള്ളതെന്ന് സംശയിക്കുന്നു. കമ്പനി അധികൃതര്‍ കൊള്ളസംഘത്തലവനുമായി ആശയവിനിമയം നടത്തിവരികയാണ്. മോചനദ്രവ്യം നല്കാന് കമ്പനി തയ്യാറായിട്ടുണ്ടെങ്കിലും മറ്റ് കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. നൈജീരിയയില്‍ ജോലിചെയ്യുന്ന കൊല്ലം സ്വദേശി സുമയാണ് തട്ടിക്കൊണ്ടുപോയ വിവരം നാട്ടിലെ ബന്ധുക്കളെ വിളിച്ചറിയിച്ചത്.
കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ്, ഏറനാട് എം.എല്‍.എ. പി.കെ. ബഷീര്‍ എന്നിവര്‍ വഴി മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വയലാര്‍ രവി, പി.സി. ചാക്കോ എം.പി എന്നിവരുമായി ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ എംബസിയും നൈജീരിയയിലെ മലയാളി സമാജവും മനാഷിന്റെ മോചനത്തിനുവേണ്ടി ശ്രമങ്ങള്‍ നടത്തി വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല