ആന്റണി ജോസഫ്
മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മാഞ്ചസ്റ്ററില്‍ കനാലില്‍ മുങ്ങി മരിച്ച നിലയില്‍. ഗ്‌ളോസ്റ്റര്‍ഷയറില്‍ താമസിക്കുന്ന ആല്‍വിന്‍ അലക്‌സാണ്ടര്‍ -ജോളി ദമ്പതികളുടെ ഏക മകന്‍ സോനു എന്ന് വിളിക്കുന്ന പ്രിന്‍സ് ആല്‍വിന്റെ(20 വയസ് ) മൃതദേഹം മാഞ്ചസ്റ്ററിലെ കനാലില്‍ നിന്നും ഇന്നലെ പോലീസ് കണ്ടെടുത്തു.അബദ്ധത്തില്‍ കാല്‍ വഴുതി കനാലില്‍ വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാകൂ.
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പ്രിന്‍സിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായിരുന്നു.കൂട്ടുകാരുമൊത്ത് ഔട്ടിംഗിന് പോയശേഷം തിരികെ പ്രിന്‍സ് തനിയെ താമസസ്ഥലത്തെക്ക് പോയതായി പറയുന്നു.പോകും വഴി കാല്‍ വഴുതി കനാലില്‍ വീഴുകയായിരുന്നുവെന്ന് കരുതുന്നു.
പ്രിന്‍സിന്റെ മൊബൈല്‍ഫോണിലേക്ക് വിളിച്ചെങ്കിലും മറുപടി ലഭിക്കാതതിനാല്‍ മാതാപിതാക്കള്‍ മകനെ അന്വേഷിച്ച് ശനിയാഴ്ച മാഞ്ചസ്റ്ററിലെത്തിയിരുന്നു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ പോലീസിനെ വിവരം അറിയിച്ചു.കൂട്ടുകാരുമായി ഒടുവില്‍ യാത്ര പറഞ്ഞു പിരിഞ്ഞ സ്ഥലത്തു(മിസൗള ബാര്‍) നിന്നും പോലീസ് നടത്തിയ തെരച്ചിലിലാണ് ഇന്നലെ ഉച്ചയോടെ കനാലില്‍ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പ്രിന്‍സിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.ഇപ്പോള്‍ മാഞ്ചസ്റ്റര്‍ MRI ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന പ്രിന്‍സിന്റെ അന്ത്യകര്‍മ്മങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പിന്നീടേ തീരുമാനിക്കുകയുള്ളൂ.
കൊട്ടാരക്കര പറങ്കിമാമ്മൂട്ടില്‍ കുടുംബാംഗമാണ് ആല്‍വിന്‍ അലക്‌സാണ്ടര്‍. മാതാവ് ജോളി പാലാ സ്വദേശിനിയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ കുടുംബം യു കെയിലെത്തിയിട്ട്.ഊട്ടിയിലെ സ്കൂളില്‍ പഠിക്കുകയായിരുന്ന സോനു 2007 -ല്‍ ആണ് യു കെയില്‍ മാതാപിതാക്കളോടൊപ്പം ചേര്‍ന്നത്.പിതാവ് ആല്‍വിന്‍ ഗ്ലൂസ്റ്ററിനടുത്തുള്ള സ്റ്റോണ്‍ ഹൌസില്‍ നാന്‍ കമ്പനി ജോലിക്കാരനാണ്.അമ്മ ജോലി ഗ്ലൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സാണ്.പ്രിന്‍സിന്റെ ആകസ്മിക വേര്‍പാടില്‍ NRI മലയാളി ടീം അനുശോചനം രേഖപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല