സ്വന്തം ലേഖകന്‍: മഴ മേഘങ്ങള്‍ വില്ലനായി, സൂപ്പര്‍ മൂണ്‍ പ്രതിഭാസം കേരളത്തില്‍ ഭാഗികം. ലോകമെങ്ങും ശാസ്ത്രജ്ഞന്മാര്‍ ആവേശത്തോടെ കാത്തിരുന്ന സൂപ്പര്‍മൂണ്‍ പ്രതിഭാസം കേരളത്തില്‍ ഭാഗികം. മഴമേഘങ്ങളുടെ സാന്നിധ്യമാണ് കേരളത്തില്‍ പ്രതിഭാസം കാണുന്നതിന് തിരിച്ചടിയായത്.
ഗ്രഹണസമയത്ത് ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ ചന്ദ്രനില്‍ വന്നുവീണ് ചുവപ്പുനിറം ലഭിക്കുന്നതാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം. 33 വര്‍ഷത്തിനുശേഷം ഭൂമിയും ചന്ദ്രനും ഏറെ അടുത്തെത്തുന്ന ഗ്രഹണമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്.
എന്നാല്‍ മഴമേഘങ്ങളുടെ സാനിധ്യം കാരണം സൂപ്പര്‍ മൂണ്‍ പ്രതിഭാസം കാണാന്‍ കേരളീയര്‍ക്കായില്ല. ഇന്നലെ വൈകീട്ട് 5.48ഓടെ തെളിഞ്ഞ ചന്ദ്രന്‍ രാത്രി 7.30ഓടെ പൂര്‍ണവലിപ്പം പ്രാപിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.16 ചന്ദ്രന്‍ ഗ്രഹണത്തിലേക്ക് വീഴും. എന്നാല്‍, സൂര്യരശ്മികളുടെ സാന്നിധ്യംമൂലം കേരളത്തില്‍ ഗ്രഹണം കാണാന്‍ സാധിക്കില്ലെന്ന് തിരുവനന്തപുരം ബഹിരാകാശ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ ഗ്രഹണം ദൃശ്യമാകും. സൂപ്പര്‍ മൂണ്‍ പ്രതിഭാസം കാരണം സെപ്റ്റംബര്‍ 30 വരെ ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല