സാബു ചുണ്ടക്കാട്ടില്‍:മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 26 ശനിയാഴ്ച നടക്കും. ഉച്ച കഴിഞ്ഞു 2.30 മുതല്‍ ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ആണ് പരിപാടികള്‍. സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയുടെ ചാപ്ലിയന്‍ ഫാ. സജി മലയില്‍ പുത്തന്‍പ്പുരയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ആഘോഷപ്പൂര്‍വ്വമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഏയ്ഞ്ചല്‍ ഓയിസിന്റെ ആലാപനങ്ങള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തി സാന്ദ്രമാക്കും. വൈകുന്നേരം 4.30 മുതല്‍ പൊതുസമ്മേളനത്തിന് തുടക്കമാകും. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ചാക്കോയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫാ. സജി മലയില്‍ പുത്തന്‍പ്പുര ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു സന്ദേശം നല്‍കും. സെക്രട്ടറി ഷിജു ചാക്കോ ഏവര്‍ക്കും സ്വാഗതം ആശംസിക്കും.
തുടര്‍ന്ന് സാന്തക്ലോസിനു സ്വീകരണം നല്‍കുന്നതോടെ വിവിധ കൂടാരയോഗങ്ങള്‍ മാറ്റുരക്കുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ക്ക് തുടക്കമാകും. MKCYL പ്രവര്‍ത്തകര്‍ വേദിയില്‍ എത്തുന്ന തകര്‍പ്പന്‍ വെല്‍ക്കം ഡാന്‍സോടെ ആകും കലാപരിപാടികള്‍ക്ക് തുടക്കമാവുക. കുട്ടികളും മുതിര്‍ന്നവരും അണി നിരക്കുന്ന ലോകസമാധാന സന്ദേശം ആളുകളില്‍ എത്തിക്കുന്നതിനായുള്ള നേറ്റിവിറ്റി ഏവര്‍ക്കും മികച്ച അനുഭവം ആകും. ഒട്ടേറെ കലാപരിപാടികളെ തുടര്‍ന്ന് യൂത്ത് വിംഗ് അവതരിപ്പിക്കുന്ന ഗ്രാന്‍ഡ് ഫിനാലയെ തുടര്‍ന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.
ഈ മാസം 12 മുതല്‍ കൂടാരയോഗങ്ങള്‍ കേന്ദ്രീകരിച്ച് ക്രിസ്തുമസ് കരോള്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സിജു ചാക്കോ സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല