അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിയുടെ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഡേ ഇടവകയുടെ കീഴിലുള്ള ഏഴ് കൂടാരയോഗങ്ങള്‍ തമ്മിലുള്ള വാശിയേറിയ മത്സരങ്ങളോടെ ഇക്കഴിഞ്ഞ ശനിയാഴ്ച സമാപിച്ചു. രാവിലെ 9 മണിക്ക് വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ പള്ളി ട്രസ്റ്റി ജോസ് അത്തിമറ്റം സ്വാഗതം ആശംസിച്ചതോടെ പരിപാടികള്‍ക്ക് ആരംഭമായി.തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളും, ഇടവക വികാരിയുമായ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഡേ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാര്‍, പാരീഷ് കമ്മിറ്റി അംഗങ്ങള്‍, സെന്റ്. ജോണ്‍ പോള്‍ 11 സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന യോഗത്തെ തുടര്‍ന്ന് കൂടാരയോഗങ്ങള്‍ തമ്മില്‍ വലിയ വാശിയോടെയുള്ള മത്സരങ്ങള്‍ തന്നെയായിരുന്നു കാണാന്‍ കഴിഞ്ഞത്.
ക്‌നാനായ തനിമയും പാരമ്പര്യവും പുതുതലമുറക്ക് പകര്‍ന്ന് കൊടുക്കുന്നതോടൊപ്പം, സഭയോട് ചേര്‍ന്ന് നിന്നു കൊണ്ട്, വിശ്വാസ സത്യങ്ങള്‍ കൈവിടാതെ മുറുകെ പിടിച്ചു കൊണ്ടുള്ള മത്സരങ്ങളായിരുന്നു അന്നേ ദിവസം നടന്നത്. പരമ്പരാഗതമായ കച്ച തഴുകല്‍, ക്‌നാനായ മന്നന്‍, മങ്ക, മോണോ ആക്ട്, പ്രസംഗം, പാട്ട് ഫാന്‍സി തുടങ്ങി വിവിധവും വിത്യസ്തവുമായ മത്സരങ്ങള്‍ പല പ്രായത്തിലുള്ള കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ചിരുന്നു. വളരെ വാശിയോടെ നടന്ന മത്സരങ്ങളില്‍ വിധികര്‍ത്താക്കള്‍ക്ക് തങ്ങളുടെ ചുമതല നിറവേറ്റാന്‍ വലിയ പ്രയത്‌നം തന്നെ ആവശ്യമായി വന്നു.
കച്ച തഴുകല്‍ മത്സരത്തില്‍ സെന്റ്.ജോര്‍ജ് & മദര്‍ തെരേസ കൂടാരയോഗം ഒന്നാമതെത്തി.രണ്ടാം സ്ഥാനത്ത് നട്ട്‌സ്‌ഫോര്‍ഡ് & നോര്‍ത്ത് വിച്ച് കൂടാരയോഗം രണ്ടാം സ്ഥാനത്തും എത്തിച്ചേര്‍ന്നു. ക്‌നാനായ മന്നന്‍ മത്സരത്തില്‍ ആഷീഷ് എബ്രഹാം ഒന്നാമതും ജൂഡ് മടത്തിലേട്ട് രണ്ടാo സ്ഥാനത്തും എത്തി. ക്‌നാനായ മങ്ക മത്സരത്തില്‍ ജൂലി കുന്നശ്ശേരി ന്നൊമതും, ജെനി ജോസ് രണ്ടാം സ്ഥാനത്തും എത്തി.
കലാമത്സരങ്ങള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ചു. ഏഴ് കൂടാരയോഗങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി മത്സരങ്ങള്‍ നടന്നു.യുവാക്കള്‍ക്ക് വേണ്ടി മാരത്തണ്‍ മത്സരം ഉണ്ടായിരുന്നു. മാര്‍ച്ച് പാസ്റ്റിലും സെന്റ്.ജോര്‍ജ് & മദര്‍ തെരേസ കൂടാരയോഗം ഒന്നാമതെത്തി. തുടര്‍ന്ന് മുതിര്‍ന്നവരുടെ വടംവലി മത്സരത്തോടെ കായിക മേള സമാപിച്ചു.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ട്രസ്റ്റിമാരായ ജോസ് കുന്നശ്ശേരി, ജോസ് അത്തിമറ്റം, പുന്നൂസ്‌കുട്ടി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ പാരീഷ് കമ്മിറ്റിയംഗങ്ങള്‍, മതബോധന അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി. ഇടവകയുടെ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഡേ വന്‍ വിജയമാക്കിയ എല്ലാ ഇടവകാംഗങ്ങള്‍ക്കും വികാരി റവ.ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല