യു.കെ.യിലെ മലയാറ്റൂര്‍ തിരുന്നാള്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ തിരുന്നാളിന് ഭക്ത്യാധരപൂര്‍വ്വമായ തുടക്കം. തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രസുഭേന്തി വാഴ്ചയിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു.
സെന്റ് എലിസബത്ത് പള്ളിയില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ പ്രസുഭേന്തി വാഴാചക്കൊപ്പം പൊന്നിന്‍ കുരിശ് വെഞ്ചരിപ്പും നടന്നു. അടുത്ത ശനിയാഴ്ചയാണ് പ്രശസ്തമായ ദുക്‌റാന തിരുന്നാള്‍ നടക്കുക. മാഞ്ചസ്റ്റര്‍ പോര്‍ട്ട്്‌വേറോസിലുള്ള സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടക്കുന്ന ദുക്‌റാന തിരുന്നാള്‍ മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഷൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ.സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു. മാണ്ഡ്യാ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ട് തിരുന്നാള്‍ കുര്‍ബ്ബാനയില്‍ മുഖ്യ കാര്‍മ്മികത്ത്വം വഹിക്കും, ഷൂഷ്ബറി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവീസ് തിരുന്നാള്‍ സന്ദേശം നല്‍കുന്നതുമാണ്.
ഉച്ചകഴിഞ്ഞ് 2ന് കൊടിയേറ്റവും തുടര്‍ന്ന് പിതാക്കന്മാര്‍ക്ക് സ്വീകരണവും നല്‍കും. തുടര്‍ന്ന് പൊന്തിഫിക്കല്‍ കുര്‍ബ്ബാന. കുര്‍ബ്ബാനയെത്തുടര്‍ന്ന് പ്രദിക്ഷിണവും വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദവും ഊട്ടുനേര്‍ച്ചയും നടക്കും. തിരുന്നാള്‍ ദിവസം വിശ്വാസികള്‍ക്ക് അടിമ വെയ്ക്കുന്നതിനും കഴുത്ത് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല