1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2016

സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; പ്രസുദേന്തി വാഴ്ചയും തിരുക്കര്‍മ്മങ്ങളും ഭക്തിസാന്ദ്രമായി, മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ലഹരിയില്‍. മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി പതാക ഉയര്‍ത്തിയതോടെ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം 5ന് നടന്ന ദിവ്യബലിയെയും പ്രസുദേന്തി വാഴ്ചയെയും തുടര്‍ന്നാണ് കൊടിയേറ്റ് നടന്നത്.

വൈകുന്നേരം 5ന് പ്രദക്ഷിണത്തോടെയാണ് ദിവ്യബലിക്കു തുടക്കമായത്. തിരുന്നാളുകള്‍ വിശ്വാസ പ്രഘോഷണമാണെന്നും ആത്മീയമായ ഒരുക്കത്തോടെ ജൂലൈ രണ്ടിനായി ഒരുങ്ങുവാന്‍ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. പ്രസുദേന്തി വാഴ്ചയെയും, വെഞ്ചെരിപ്പിനെയും തുടര്‍ന്നാണ് കൊടിയേറ്റ് നടന്നത്. ഇന്ന് വൈകുന്നേരം 5ന് നടക്കുന്ന ദിവ്യബലിയില്‍ ലീഡ്‌സ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസഫ് പൊന്നേത്ത് കാര്‍മ്മികനാകും.

ചൊവ്വാഴ്ച ഫാ തോമസ് മടുക്കമൂട്ടില്‍, ബുധനാഴ്ച ഫാ. മൈക്കിള്‍ മുറൈ, വ്യാഴാഴ്ച ഫാ. തോമസ് തൈക്കൂട്ടത്തില്‍ എന്നിവരും വൈകുന്നേരം 5ന് നടക്കുന്ന ദിവ്യബലിയില്‍ കാര്‍മ്മികരാകും. വെള്ളിയാഴ്ച വൈകുന്നേരം 4ന് ദിവ്യബലിക്ക് തുടക്കമാകും. യുകെ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ റവഫാ തോമസ് പാറയടിയില്‍ ദിവ്യബലിയില്‍ കാര്‍മ്മികരാകും. തുടര്‍ന്നു വൈകുന്നേരം 6 മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും നയിക്കുന്ന ഗാനമേളയ്ക്കു തുടക്കമാകും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ രണ്ടാം തീയതി രാവിലെ 10ന് അത്യാഘോഷപ്പൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബ്ബാനയ്ക്ക് തുടക്കമാകും. കോതമംഗലം രൂപത ബിഷപ്പ് മാര്‍. ജോര്‍ജ് പുന്നക്കോട്ടില്‍, ഷ്രൂസ്ബറി രൂപത ബിഷപ്പ് മാര്‍ക്ക് ഡേവീസ് എന്നിവര്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദികരും തിരുന്നാള്‍ കുര്‍ബ്ബാനയില്‍ കാര്‍മ്മികരാകും.

ഇതേ തുടര്‍ന്നു തിരുന്നാള്‍ പ്രദക്ഷിണവും സമാപന ആശിര്‍വാദവും ഊട്ട് നേര്‍ച്ചയും സ്‌നേഹവിരുന്നും നടക്കും. പള്ളി പരിസരത്തെ കേരളീയ തനിമയില്‍ ക്രമീകരിക്കുന്ന സ്റ്റാളുകളില്‍ നിന്നും നാടന്‍ വിഭവങ്ങളും, ഐസ്‌ക്രീമുകളും എല്ലാം ലഭ്യമാകും. മാജിക്ക് ഷോയും ബലൂണ്‍ മോഡലിങ്ങും കുട്ടികള്‍ക്കായുള്ള വിവിധ ഗെയിംസുകളും പള്ളിപരിസരത്ത് പ്രവര്‍ത്തിക്കും.

ഇടവക വികാരി റവ ഡോ ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 101 അംഗ കമ്മിറ്റി തിരുന്നാള്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ഭാരത അപ്പോസ്തലന്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും യുകെയുടെ മലയാറ്റൂരിലേക്ക് റവ ഡോ ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു കൊള്ളുന്നു.

പള്ളിയുടെ വിലാസം

സെന്റ് ആന്റണീസ് ചര്‍ച്ച്

Wythenshawe

M220WR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.