മാഞ്ചസ്റ്റര്‍ കേരള വോളിബോള്‍ ക്ലബ് സംഘടിപ്പിച്ച പ്രഥമ ഓള്‍ യു കെ വോളിബോള്‍ ടൂര്‍ണമെന്റില്‍ ബിര്‍മിംഗ്ഹാമിന് കിരീടം.ആദ്യന്ത്യം ആവേശം മുറ്റി നിന്ന ഫൈനല്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ A ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിര്‍മിംഗ്ഹാം കൈരളി ട്രോഫിയില്‍ മുത്തമിട്ടത്.സ്കോര്‍ 24 – 26 ,25 – 14 ,25 – 15 , 26 – 24 .ബേസിംഗ് സ്റ്റോക്ക് ടീമിനെ പരാജയപ്പെടുത്തി കേംബ്രിഡ്ജ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.ടൂര്‍ണമെന്റിലെ മികച്ച കളിക്കാരായി ബിര്‍മിംഗ്ഹാം ടീമിലെ അജോ ,മാഞ്ചസ്റ്റര്‍ A ടീമിലെ സാജു എന്നിവരെ തിരഞ്ഞെടുത്തു.
ഇത്രയും വിപുലമായി യു കെയില്‍ ആദ്യമായി നടന്ന മത്സരത്തില്‍ ബേസിംഗ് സ്റ്റോക്ക് ,കേംബ്രിഡ്ജ് ,ബിര്‍മിംഗ്ഹാം ,കാഡിഫ്,ബെര്‍ക്കിന്‍ഹെഡ്,ലിവര്‍പൂള്‍,മാഞ്ചസ്റ്റര്‍ A , മാഞ്ചസ്റ്റര്‍ B ,പ്രേസ്ട്ടന്‍ എന്നിങ്ങനെ ഒന്‍പതു ടീമുകളാണ് പങ്കെടുത്തത്.മാഞ്ചസ്റ്ററിലെ ജയിന്‍ കമ്യൂണിറ്റി ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്ന മല്‍സരം മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലര്‍ അഫ്‌സല്‍ഖാന്‍ ഉദ്ഘാടനം ചെയ്തു.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് മത്സരം വീക്ഷിക്കാന്‍ മാഞ്ചസ്റ്ററില്‍ എത്തിയത് .മത്സരങ്ങളുടെ ഇടവേളയില്‍ ബെര്‍ക്കിന്‍ ഹെഡ് ചലെന്ജെഴ്സ് അവതരിപ്പിച്ച ശിങ്കാരി മേളം കാണികള്‍ക്ക് നവ്യാനുഭൂതി പകര്‍ന്നു.
സംഘാടന മികവു കൊണ്ട് ശ്രദ്ധേയമായ മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി.മുന്‍ ജില്ല,സംസ്ഥാന,യൂനിവേര്ഴ്സിട്ടി താരങ്ങള്‍ നിറഞ്ഞ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മിക്ക കളികളിലും തീ പാറി.അന്താരാഷ്‌ട്ര നിലവാരത്തില്‍ കളിച്ച ഓരോ ടീമും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ ജയം കൈപ്പിടിയില്‍ ഒതുക്കാന്‍ ടീമുകള്‍ക്ക് വിയര്‍പ്പൊഴുക്കേണ്ടി വന്നു.മലയാളക്കരയുടെ സായാഹ്നങ്ങളുടെ ഗൃഹാതുരത്വം ഉണര്‍ത്തിയ മത്സരം സംഘടിപ്പിച്ച കേരള വോളിബോള്‍ ക്ലബ്ബും , മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.സാജു ,ജിജി ,ഷിജു,രെന്ജി, കെ.ഡി.ഷാജിമോന്‍, പോള്‍സന്‍,കലേഷ്, ജിന്റോ, ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല