സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 1 മുതല്‍ നടന്നു വരുന്ന ജപമാലാചരണം 31 ന് സമാപിക്കും. ഒന്നാം തീയതി മുതല്‍ ഇടവകയിലെ കുടുംബ യൂണിറ്റുകള്‍ വഴി നടന്നു വരുന്ന ജപമാലയില്‍ ഒട്ടേറെ വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്തു വരുന്നു. ഈ വ്യാഴാഴ്ച മുതല്‍ വിഥിന്‍ ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകുന്നേരം 5.30 മുതല്‍ ദിവ്യബലിയും ജപമാലയും നടക്കും. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന് അരങ്ങാശേരി ദിവ്യബലിയില്‍ കാര്‍മികനാകും.
25 ഞായറാഴ്ച വൈകുന്നേരം 6 ന് ജപമാലയും തുടര്‍ന്ന് ദിവ്യബലിയും നടക്കും. ഇതേ തുടര്‍ന്ന് കുട്ടികളെ എഴുത്തിനിരുത്തുമെന്നും ഇടവക വികാരി അറിയിച്ചു. 24 ശനിയാഴ്ച വൈകുന്നേരം 6.30 നാകും ദിവ്യബലിയും ജപമാലയും നടക്കുക. ജപമാല ആചരണത്തിന്റെ സമാപന ദിവസമായ 31 ന് സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നടക്കും. അന്നേ ദിവസം ഉച്ചക്ക് 1.30 മുതല്‍ വിഥിന്‍ ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ജപമാലയെ തുടര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന ആള്‍ത്താരയില്‍ ദിവ്യബലി നടക്കും. ഇതേ തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഷ്രൂസ്ബറി ബിഷപ്പ് മാര്‍ക്ക് ഡേവീസ് മുഖ്യ അതിഥിയായി പരിപാടികളില്‍ പങ്കെടുക്കും.
മാതൃ വേദി പ്രവര്‍ത്തകരും കുട്ടികളും ചേര്‍ന്ന് ബിഷപ്പിനെ മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കുന്നതോടെ വെല്‍ക്കം ഡാന്‍സോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ബിഷപ്പ് മാര്‍ക്ക് ഡേവീസ് സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കും. തുടര്‍ന്ന് രൂപതയിലെ സീറോ മലബാര്‍ വെബ്സൈറ്റ് ഉത്ഘാടനവും, സണ്‍ഡേ സ്കൂളില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെയും ബിഷപ്പ് മാര്‍ക്ക് ഡേവീസ് ഉപഹാരങ്ങള്‍ നല്കി ആദരിക്കും. ഫാ. മൈക്കിള്‍ മുറൈ മുഖ്യ അതിഥിയായി പരിപാടികളില്‍ പങ്കെടുക്കും.
സണ്‍ഡേ സ്കൂള്‍ കുട്ടികളുടെയും മാതാപിതാകളുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ആവേശോജ്ജ്വലമാകും. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ മാസങ്ങളായി നടന്നു വരുന്ന പരിശീലനത്തിന് ശേഷമാണ് വേദിയില്‍ എത്തുന്നത്. തിരുക്കര്‍മ്മങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരെയും ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന് അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല