സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിച്ച ഏകദിന ധ്യാനം ദൈവസ്‌നേഹത്തിന്റെ സ്വര്‍ഗീയ നിറവായി. ഇന്നലെ ഉച്ചക്ക് 12.30 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് വചനാഭിഷേകത്താല്‍ നിറഞ്ഞ ധ്യാനത്തിന് തുടക്കമായത്. ദുരാശകളെയും അഹന്തയും മാറ്റി നിര്‍ത്തി ദൈവസ്‌നേഹത്തെ തിരിച്ചറിഞ്ഞ് അതിന്റെ നന്മയില്‍ ജീവിതം നയിക്കുവാന്‍ ഫാ. ഫിലിപ്പ് ധ്യാന മദ്ധ്യേ വിശ്വാസികളോടെ ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ ധ്യാനത്തില്‍ പങ്കെടുക്കുവാനെത്തി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ധ്യാനമാണ് ക്രമീകരിച്ചിരുന്നത്. സെന്റ് ജോണ്‍സ് സ്‌കൂളില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടന്ന ധ്യാനത്തിന് ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. പ്രതിസന്ധികളെ തരണം ചെയ്തു ജീവിത വിജയത്തിനുതകുന്ന നല്ല കുറെ ചിന്തകള്‍ കുട്ടികളുടെ മനസ്സില്‍ കോറിയിട്ടു കൊണ്ടാണ് യുവജന ധ്യാനം സമാപിച്ചത്. ധ്യാനത്തെ തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഫാ. ഫിലിപ്പ് പന്തമ്ലാക്കല്‍ കാര്‍മ്മികനായി.
ധ്യാനസമയം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. മാത്യൂ കരിയിലക്കുളം എന്നിവര് കുമ്പസാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
കുമ്പസാരിച്ചു ഒരുങ്ങി കൂടെ വസിക്കുന്ന ദൈവസ്‌നേഹത്തില്‍ നിറഞ്ഞ് ക്രിസ്തുമസിനായി ഒരുങ്ങിയാണ് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങിയത്. ധ്യാനപരിപാടികളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നന്ദി രേഖപ്പെടുത്തി.
ഇടവകയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ക്രിസ്തുമസ് കരോള്‍ 18ന് തുടക്കമാകും. പിറവി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ 24 ന് രാത്രി 8 മുതല്‍ ആരംഭിക്കുമെന്ന് ഇടവക വികാരി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല