സാമ്പത്തിക പ്രശ്‌നവും സുരക്ഷ ഉറപ്പാക്കാനെന്ന പേരും പറഞ്ഞ് മെറ്റെണിറ്റി സെന്ററുകള്‍ അടച്ചുപൂട്ടാനുള്ള നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. വിദഗ്ധരുടെ ഉപദേശം ലഭിക്കാതെ നടത്തുന്ന ഇത്തരം യൂണിറ്റുകള്‍ അടച്ചുപൂട്ടാനാണ് കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അമ്മയുടേയും കുഞ്ഞിന്റേയു ജീവന്‍ രക്ഷിക്കാനെന്ന പേരിലാണ് നടപടികള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നീക്കത്തിലൂടെ ഗര്‍ഭിണികള്‍ക്ക് പ്രസവത്തിനായി കൂടുതല്‍ ദൂരം യാത്രചെയ്യേണ്ട സ്ഥിതിവരുമെന്നാണ് പലരും ആരോപിക്കുന്നത്. മാതൃശിശു പരിപാലനത്തില്‍ മാറ്റം വരണമെന്ന പൊതുആവശ്യത്തെ തുടര്‍ന്നാണ് പുതിയ നീക്കത്തിന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് എന്‍.എച്ച്.എസ് കോണ്‍ഫെഡറേഷന്‍ ആക്ടിങ് ചീഫ് എക്‌സിക്യൂട്ടിവ് നിഗല്‍ എഡ്വേര്‍ഡ് പറഞ്ഞു.
എന്നാല്‍ ചിലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി ഇതിനെ കാണാനാകില്ലെന്നും എഡ്വേര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഒമ്പത് എന്‍.എച്ച്.എസ് റീജിയനിലെ അഞ്ചെണ്ണവും അടച്ചുപൂട്ടുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ ഇത്തരത്തില്‍ നടക്കുന്ന അടച്ചുപൂട്ടലുകള്‍ക്കെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സാല്‍ഫോര്‍ഡില്‍ അടച്ചുപൂട്ടുന്നതിനെതിരേ 3,7000 ആളുകള്‍ ഒപ്പിട്ട പെറ്റിഷന്‍ ഡൗണിംഗ് സ്ട്രീറ്റിന് അയച്ചിട്ടുണ്ട്. സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയിലെ മെറ്റെണിറ്റി സെന്ററുകള്‍ അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ടാണ് പെറ്റിഷന്‍. അതിനിടെ ക്വീന്‍സ് മേരി ആശുപത്രിയിലെ കേന്ദ്രം അടച്ചുപൂട്ടുന്നത് ടോറി എം.പി ജെയിംസ് ബ്രോക്കന്‍ഷെയര്‍ ഇടപെട്ട് തടഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ സ്‌കോള്‍സും ഇത്തരം നടപടികള്‍ക്കെതിരേയുള്ള പ്രതിഷേധത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല